ബാറിലും ആശുപത്രിയിലും അതിക്രമം നടത്തിയവർ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ പ്രതികൾ
കൊടുങ്ങല്ലൂർ: ബാറിലും ആശുപത്രിയിലും അതിക്രമം നടത്തിയ രണ്ടു കേസുകളിൽ പ്രതികളായ മൂന്ന് യുവാക്കൾ അറസ്റ്റിൽ. നാരയണമംഗലം മുണ്ടോളി വീട്ടിൽ അമ്പാടി എന്ന അക്ഷയ് (29), പുല്ലൂറ്റ് കുരിയാപ്പിള്ളി വീട്ടിൽ ഷറഫ് (27), നാരായണമംഗലം ഞാവേലിപറമ്പിൽ വീട്ടിൽ നിധിൻ ഷാ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
നാരായണമംഗലത്തെ ബാറിൽ ബഹളം വെച്ച് കൗണ്ടറിലുണ്ടായിരുന്ന ഗ്ലാസുകളും പ്ലേറ്റുകളും വലിച്ചെറിഞ്ഞ് നാശനഷ്ടം ഉണ്ടാക്കുകയും ബാർ ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതിനാണ് ഒരു കേസ്. ബാറിൽ നിന്ന് പിടികൂടിയ പ്രതികളെ വൈദ്യ പരിശോധനക്കായി കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെയും ബഹളമുണ്ടാക്കി കസേരയും ടേബിളും മരുന്നുകളും മറ്റും മറിച്ചിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന പരാതിയിലുമാണ് രണ്ടാമത്തെ കേസ്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 10ഓടെയാണ് സംഭവം. റൂറൽ എസ്.പി.ബി. കൃഷ്ണ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


