തുടർച്ചയായ മഴ നെൽ കർഷകരുടെ ഉറക്കം കെടുത്തുന്നു
text_fieldsവേനൽ മഴയിൽ കോള്‍പാടങ്ങളിലെ കൃഷി നശിച്ച നിലയിൽ
കുന്നംകുളം: തുടർച്ചയായി വേനൽ മഴ പെയ്യുന്നത് കോള്പാടശേഖരങ്ങളിലെ നെല്‍കര്‍ഷകരെ ആശങ്കയിലാക്കുന്നു. വിളവെടുക്കേണ്ട നെൽപാടങ്ങളില് വെള്ളം കെട്ടിനില്‍ക്കുന്നതാണ് കർഷകരെ ദുരിതത്തിലാക്കിയത്. പാടത്തേക്ക് ട്രാക്ടര്‍ ഇറക്കാന്‍ പോലും കഴിയാതെ വന്നതോടെ കൊയ്തെടുക്കാനുള്ള കൂലിച്ചെലവും ഇനി വര്‍ധിക്കും. കുന്നംകുളത്തെ വെട്ടിക്കടവ്, ചിറവക്കഴത്താഴം, മുതുവമ്മല്‍ കോള്പാടശേഖരങ്ങളിലാണ് വിളവെടുപ്പ് ആരംഭിച്ചിട്ടുള്ളത്. ഒരാഴ്ചയായി രാത്രി പെയ്യുന്ന ശക്തമായ മഴയാണ് കർഷകരെ വലച്ചത്. താഴ്ന്ന പ്രദേശങ്ങളിലേക്ക് അതിവേഗത്തിലാണ് വെള്ളമെത്തുന്നത്. ടയര്‍ യന്ത്രങ്ങളിറക്കാമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ. അത്തരം സ്ഥലങ്ങളിലാണ് വെള്ളം കെട്ടിനില്‍ക്കുന്നത്. വെട്ടിക്കടവില്‍ വെള്ളം വറ്റിക്കാന്‍ പമ്പിങ് തുടരുകയാണ്. പാടങ്ങളിലേക്ക് ട്രാക്ടര്‍ ഇറക്കാന്‍ കഴിയാതെ വന്നതോടെ കൊയ്ത്തുയന്ത്രങ്ങളിലാണ് നെല്ല് കരക്ക് എത്തിക്കുന്നത്. ഇതിനാൽ കൊയ്ത്ത് പൂര്‍ത്തിയാകാന്‍ കൂടുതൽ സമയം വേണ്ടി വരും. മണിക്കൂറിന് 1800 രൂപ നിരക്കിലാണ് യന്ത്രങ്ങളുടെ വാടക. മഴ മാറി വെയില് ശക്തമാകുമെന്ന പ്രതീക്ഷയില്‍ കൊയ്ത്ത് ഒരാഴ്ചയും കൂടി മാറ്റിവെച്ചിട്ടുണ്ട്.
ഉമ വിത്താണ് കൃഷിയിറക്കിയിട്ടുള്ളത്. 140 ദിവസം പൂര്‍ത്തിയായിട്ടുണ്ട്. കൃഷി വൈകിയതോടെ മനുരത്നയും കൃഷി ചെയ്തവരുണ്ട്. മഴ പെയ്തുതുടങ്ങിയതോടെ പലയിടത്തും നെല്‍ച്ചെടികള്‍ വീണു തുടങ്ങി. വീണ്ടും മഴ ശക്തമായാൽ നെൽമണികൾ കൊഴിഞ്ഞ് മുളച്ചുപൊന്താന്‍ ആരംഭിക്കും. വിളവെടുപ്പ് വൈകിയാൽ നിലവിലെ ചെടികള്‍ക്കുള്ളില്‍ നിന്ന് പുതിയ കതിരുകള്‍ വന്നു തുടങ്ങും. കൊയ്തെടുക്കുമ്പോള്‍ പുതിയ മണികള്‍ ഉള്‍പ്പെടുന്നതോടെ നെല്ലിന്റെ ഗുണനിലവാരം കുറക്കാനും ഇടയാകും.
കൃഷിയുടെ തുടക്കത്തിലുണ്ടായ മഴ മൂലം നശിച്ച പലയിടത്തും വീണ്ടും നടീല്‍ നടത്തി. നെല്ലിന്റെ ഉത്പാദനവും കുറവാണ്. മഴയുടെ തിരിച്ചടി കൂടിയാകുന്നതോടെ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്കും വൻ നഷ്ടം നേരിടേണ്ടി വരു. കൊയ്ത്ത് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ യന്ത്രങ്ങളുടെ കുറവും കര്‍ഷകരെ വലക്കുന്നുണ്ട്.