താലൂക്ക് ആശുപത്രിയിൽ തീപിടിത്തം; രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി
text_fieldsകുന്നംകുളം താലൂക്ക് ആശുപത്രിയിൽ തീ പടർന്നപ്പോൾ രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു
കുന്നംകുളം: കുന്നംകുളം താലൂക്ക് ആശുപത്രിയിൽ തീപിടിത്തം. തിങ്കളാഴ്ച വൈകിട്ട് ആറോടെയായിരുന്നു സംഭവം. സ്വിച്ച് ബോർഡിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയുടെ താഴത്തെ നിലയുടെ വലതുവശത്തെ വാർഡിലേക്ക് പോകുന്ന ഇടനാഴിയിലെ സ്വിച്ച് ബോർഡിൽ നിന്ന് പെട്ടെന്ന് തീ പടരുകയായിരുന്നു.
തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ ബോർഡിലെ തീയണക്കാനായത് വലിയ ദുരന്തം ഒഴിവാക്കി. അപകടത്തിൽ ആർക്കും പരിക്കില്ല. ആശുപത്രിയിലെ ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂഷൻ ബോർഡ് പൂർണ്ണമായും കത്തി നശിച്ചു. കെട്ടിടത്തിനുള്ളിൽ രോഗികളും ജീവനക്കാരും ഉണ്ടായിരുന്നെങ്കിലും ഇവരെ സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറ്റി. തീപിടിത്തമുണ്ടായ കെട്ടിടത്തിനുള്ളിൽ പൂർണമായും പുക നിറഞ്ഞ അവസ്ഥയായിരുന്നു. കുന്നംകുളം ഗ്രേഡ് ഫയർ സ്റ്റേഷൻ ഓഫീസർ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സംഘം സ്ഥലത്തെത്തി തീ അണച്ചു.


