കുന്നംകുളത്ത് തെരുവിലിറങ്ങി എ.സി. മൊയ്തീൻ; യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾ ആര്?
text_fieldsകുന്നംകുളത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എ.സി. മൊയ്തീന്റെ റോഡ് ഷോ
കുന്നംകുളം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നതോടെ കുന്നംകുളത്തെ ഇടതു പാളയത്തിലെ സ്ഥാനാർഥി പരസ്യമായി വോട്ട് തേടി രംഗത്തെത്തി. എന്നിട്ടും യു.ഡിഎഫ്, എൻ.ഡിഎ സ്ഥാനാർഥികൾ ആരാകുമെന്നത് അനിശ്ചിതത്വത്തിലാണ്. കുന്നംകുളത്ത് എൽ.ഡി.എഫ് സാരഥിയായി നിലവിലെ എം.എൽ.എ എ.സി. മൊയ്തീൻ തന്നെ ആകുന്നതോടെ പ്രചാരണത്തിന് വീണ്ടും ചൂടേറുകയാണ്.
എതിരാളികൾ ആരെന്ന് തെളിയാൻ ഇനിയും സമയം വേണ്ടിവരും. സ്ഥാനാർഥി നിർണയത്തിൽ കോൺഗ്രസിലെ പല പ്രമുഖരും പിൻമാറിയതോടെ ഒടുവിൽ സി.എം.പിക്ക് വിട്ടുകൊടുക്കാൻ ധാരണയായി.
നെന്മാറ സീറ്റിന് പകരം ഇക്കുറി കുന്നംകുളം ആവശ്യപ്പെട്ട സാഹചര്യത്തിൽ സി.എം.പിയിലെ സി.എൻ. വിജയകൃഷ്ണന് തന്നെയാണ് അവസരം ലഭിക്കുക. എം.വി.ആർ കാൻസർ സെന്റർ ചെയർമാനാണ് വിജയകൃഷ്ണൻ.
ഇക്കാര്യത്തിൽ യു.ഡി.എഫിൽ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞെങ്കിലേ ഉറപ്പാക്കാൻ ആകൂ എന്ന നിലപാടിലാണ് പ്രവർത്തകർ. എന്നാൽ എൻ.ഡി.എ സ്ഥാനാർഥിത്വം ഇക്കുറി ബി.ഡി.ജെ.എസിന് നൽകാനാണ് നീക്കമെന്നറിയുന്നു. സ്ഥാനാർഥി പട്ടികയിൽ മുൻ നഗരസഭ കൗൺസിലർ സി.ബി. ശ്രീഹരിയുടെ പേരും പുറത്തുവരുന്നുണ്ട്. കരുത്ത് തെളിയിക്കാൻ എൽ.ഡി.എഫ് സാരഥിയുടെ പ്രചാരണത്തിന്റെ ആദ്യഘട്ടമായി റോഡ് ഷോ നഗരത്തെ കീഴടക്കി.
ആവേശ കടലായി നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി എ.സി. മൊയ്തീന്റെ റോഡ് ഷോ എൽ.ഡി.എഫ് കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. ടി.കെ. കൃഷ്ണൻ സ്മാരക മന്ദിരത്തിൽ നിന്നാരംഭിച്ച റോഡ് ഷോ നഗരം ചുറ്റി സമാപിച്ചു.
ചെങ്കൊടികളും മുദ്രാവാക്യവും വർണപ്പൂക്കളുമായി തുറന്ന വാഹനത്തിൽ എത്തിയ സ്ഥാനാർഥിയെ വഴിയോരങ്ങളിൽ ജനക്കൂട്ടം സ്വീകരിച്ചു. റോഡ് ഷോയുടെ സമാപനത്തെ തുടർന്ന് എ.സി. മൊയ്തീൻ സംസാരിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എം. ബാലാജി, എൽ.ഡി എഫ് നിയോജക മണ്ഡലം സെക്രട്ടറി എം.എൻ. സത്യൻ, കെ. കൊച്ചനിയൻ എന്നിവർ റോഡ് ഷോക്ക് നേതൃത്വം നൽകി.


