കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത്; സി.കെ. ഫസീല പ്രസിഡന്റ്, വിനോദ് പടനിലം വൈസ് പ്രസിഡന്റ്
text_fieldsഫസീല,വിനോദ് പടനിലം
കുന്ദമംഗലം: ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ആദ്യ ടേമിൽ മുസ്‌ലിം ലീഗിലെ സി.കെ. ഫസീലയും വൈസ് പ്രസിഡന്റായി കോൺഗ്രസിലെ വിനോദ് പടനിലത്തെയും നിയമിക്കാൻ യു.ഡി.എഫ് തീരുമാനം. ആദ്യ രണ്ടരവർഷം ലീഗിനും തുടർന്ന് രണ്ടരവർഷം കോൺഗ്രസിനുമാണ് പ്രസിഡന്റ് സ്ഥാനം.
അതുപോലെ വൈസ് പ്രസിഡന്റ് സ്ഥാനം ആദ്യ അവസരത്തിൽ കോൺഗ്രസും തുടർന്ന് ലീഗിനുമാണ്. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് മുസ്‌ലിം ലീഗിലെ എ.കെ. ഷൗക്കത്തലിയെ തീരുമാനിച്ചു. മറ്റ് വകുപ്പുകൾ പിന്നീട് തീരുമാനിക്കും.
പൈങ്ങോട്ടുപുറം ഡിവിഷനിൽനിന്ന് വിജയിച്ച സി.കെ. ഫസീല പെരുവയൽ പഞ്ചയത്തിലെ പള്ളിക്കടവ് എടപ്പോത്തിൽ സ്വദേശിയാണ്. 2010-15 കാലയളവിൽ പെരുവയൽ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.
അതിൽ രണ്ടരവർഷം വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷയായി. 2021-23 പെരുവയൽ പഞ്ചായത്ത് പ്ലാൻ കോഓഡിനേറ്റർ ആയിരുന്നു. കുന്ദമംഗലം മണ്ഡലം വനിത ലീഗ് പ്രസിഡന്റാണ്. കുറ്റിക്കാട്ടൂർ അർബൻ സൊസൈറ്റി ഡയറക്ടർ, മെഡിക്കൽ കോളജ്, ചൂലൂർ സി.എച്ച് സെന്റർ വളന്റിയർ, പെരുവയൽ പി.ടി.സി പാലിയേറ്റീവ് കോഓഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നുണ്ട്.
വൈസ് പ്രസിഡന്റ് വിനോദ് പടനിലം ഡി.സി.സി സെക്രട്ടറിയാണ്. 2010-15ൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും 2015ൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും ആയിരുന്നു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ്, ജില്ല വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. മോട്ടോർ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) ജില്ല സെക്രട്ടറിയായിരുന്നു.
നിലവിൽ അയ്യപ്പ സേവ സംഘം പടനിലം ശാഖ പ്രസിഡന്റാണ്. കഴിഞ്ഞ കാലങ്ങളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന ബ്ലോക്ക് പഞ്ചായത്തിൽ 20ൽ 15 സീറ്റും നേടിയാണ് ഇത്തവണ യു.ഡി.എഫ് അധികാരത്തിൽ വന്നത്. എട്ട് സീറ്റിൽ മത്സരിച്ച ലീഗ് എട്ടിലും വിജയിച്ചു. 12 സീറ്റിൽ മത്സരിച്ച കോൺഗ്രസ് ഏഴ് സീറ്റിലാണ് വിജയിച്ചത്.


