ഗാന്ധി സ്മരണയിൽ കുന്നംകുളം
text_fieldsഗാന്ധിജി കുന്നംകുളത്ത് വന്നപ്പോൾ കയറിയിരുന്ന് പ്രസംഗിച്ച മേശ
രാഷ്ട്രപിതാവിന്റെ പാദസ്പർശമേറ്റ കുന്നംകുളത്തിനും പറയാനുണ്ട് ഒരുപാട് ഓർമകൾ. പൊതുയോഗത്തിൽ സംസാരിക്കാനായി 1934 ജനുവരി 11നാണ് ഗാന്ധിജി ഈ മണ്ണിൽ കാലുകുത്തിയത്. കസ്തൂർബാ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. തലേന്നാൾ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയ അദ്ദേഹം പിന്നീട് കാർ മാർഗമാണ് കുന്നംകുളത്ത് എത്തിയത്. ഗുരുവായൂർ, പട്ടാമ്പി എന്നിവിടങ്ങളിലും പൊതുജനങ്ങളെ അഭിസംബോധന ചെയ്തിരുന്നു. കുന്നംകുളത്തിന്റെ ചരിത്രലിപികളിൽ ആലേഖനം ചെയ്യപ്പെട്ടതാണ് ഗാന്ധിജിയുടെ മേശപ്പുറത്ത് കയറിയിരുന്നുള്ള പ്രസംഗം. ജനം തടിച്ചുകൂടിയതോടെ ദൂരത്ത് നിൽക്കുന്നവർക്ക് അദ്ദേഹത്തെ കാണാൻ കഴിയാതായി. ഇതോടെ സമ്മേളന വേദിക്കു സമീപമുള്ള പനയ്ക്കൽ ഉട്ടൂപ്പിന്റെ വീട്ടിൽനിന്ന് ചിലർ തലച്ചുമടായി മേശകൊണ്ടു വരുകയായിരുന്നു. ഈ മേശയിൽ കയറിയിരുന്നായിരുന്നു ഗാന്ധിജിയുടെ പ്രസംഗം. ഉട്ടൂപ്പിന്റെ ചെറുമകൻ അഡ്വ. പ്രിനു പി. വർക്കിയുടെ ശാസ്ത്രിജി നഗറിലെ വീട്ടിൽ ഈ മേശ ഇന്നും സൂക്ഷിച്ചിട്ടുണ്ട്. യാത്രക്കിടയിൽ അക്കിക്കാവ് കൂത്തുള്ളി രാമവൈദ്യരുടെ വീടിന്റെ ശിലാസ്ഥാപനവും ഗാന്ധിജി നിർവഹിച്ചിരുന്നു.