കൂട്ടിക്കിഴിച്ച് നേതാക്കൾ; ആഹ്ലാദത്തിനൊരുങ്ങി അണികൾ
text_fieldsഡെന്നി പുലിക്കോട്ടിൽ
കുന്നംകുളം: പോളിങ് കഴിഞ്ഞ് വോട്ടുകൾ പെട്ടിയിലായതോടെ കൂട്ടിയും കിഴിച്ചും സീറ്റുകളുടെ എണ്ണം ഉറപ്പിക്കുകയായിരുന്നു മുന്നണി നേതാക്കൾ. ബൂത്തുകളിൽ ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ കൃത്യത വരുത്തിയായിരുന്നു വാർഡുകളിലെയും നഗരത്തിലെയും നേതാക്കളുടെ ചർച്ചകൾ. കഴിഞ്ഞ തവണ കേവല ഭൂരിപക്ഷം പോലുമില്ലാതിരുന്ന സാഹചര്യത്തിൽ വീണുകിട്ടിയ കോൺഗ്രസ് വിമതനെ കൂടെ കൂട്ടി അഞ്ച് വർഷം പൂർത്തിയാക്കുകയായിരുന്നു സി.പി.എം. സമാന്തര രീതിയിൽ 2015ലും വേണ്ടത്ര ഭൂരിപക്ഷം ഒരു മുന്നണിക്കും ഉണ്ടായിരുന്നില്ല. ഇത് തന്നെയാകുമോ ആവർത്തനം എന്ന ആശങ്കയും നേതാക്കൾക്കുണ്ട്. എങ്കിലും 37ൽനിന്ന് ഇത്തവണ 39ലേക്കാക്കി വാർഡുകൾ ഉയർത്തിയപ്പോൾ 20 നും 25നുമിടയിൽ സീറ്റുകൾ സ്വന്തമാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് നേതാക്കൾ. 10 വർഷത്തെ ഭരണനേട്ടവും നിയോജക മണ്ഡലം പ്രതിനിധി മന്ത്രിയായും എം.എൽ.എയായും ഇരിക്കുന്ന ഈ കാലയളവിൽ നടത്തിയ വികസന വിഷയങ്ങളും മുൻകാല നേതാക്കൾ വീണ്ടും മത്സരത്തിനിറങ്ങിയതും കേവല ഭൂരിപക്ഷത്തോടെ ഭരണം നയിക്കാൻ സഹായിക്കുമെന്ന് നേതാക്കൾ പറയുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നഗരസഭയിൽ വാർഡുകളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തേക്ക് പോയ യു.ഡി.എഫിലെ കോൺഗ്രസിന് ഇത്തവണ വോട്ടുകൾ പെട്ടിയിലായപ്പോൾ പ്രതീക്ഷ വർധിച്ചു. 10-12 സീറ്റുകൾ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് നേതാക്കൾ. എന്നാൽ കഴിഞ്ഞ തവണ പ്രതിപക്ഷമായിരുന്ന ബി.ജെ.പി 37 വാർഡുകളിലേ സ്ഥാനാർഥികളെ നിറുത്തിയിട്ടുള്ളൂ. അതിൽ 10-15 വരെ സീറ്റുകൾ ലഭിക്കുമെന്ന് തന്നെയാണ് ഇക്കൂട്ടരുടെ അനുമാനം. ഒഞ്ചിയം കഴിഞ്ഞാൽ ആർ.എം.പിക്ക് മുന്നേറ്റമുള്ള കുന്നംകുളത്ത് ഇത്തവണ നിലവിലേതിനേക്കാൾ സീറ്റ് വർധിപ്പിക്കും. നഗരസഭയിൽ ആറ് സീറ്റിൽ മാത്രമേ മത്സരിക്കുന്നുള്ളുവെങ്കിലും അഞ്ച് സീറ്റ് എങ്കിലും കൈവശപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ. നഗരസഭയിൽ കൂട്ടിച്ചേർത്ത ആർത്താറ്റ് പഞ്ചായത്ത് പ്രദേശങ്ങളിൽ യു.ഡി.എഫ് കഴിഞ്ഞ തവണ വോട്ടുനിലയിൽ വലിയ പുറകിലായിരുന്നു. ത്രികോണ മത്സരം നടന്ന പലയിടത്തും മൂന്നാം സ്ഥാനത്തേക്ക് പുറന്തള്ളപ്പെട്ടിരുന്നു. അത് ഇക്കുറി ആവർത്തിക്കപ്പെടാതിരിക്കാൻ അണിയറ പ്രവർത്തനം ശക്തമായിരുന്നു. ഇതിനും പുറമെ 20 വാർഡുകളിൽ ത്രികോണ മത്സരമാണ്. നാല് വാർഡുകളിൽ രണ്ടുപേർ മാത്രമേ മത്സരരംഗത്തുള്ളൂ. 39ാം വാർഡായ വടുതലയിലാണ് ഏറ്റവും കൂടുതലായി ആറ് സ്ഥാനാർഥികൾ ഉണ്ടായിരുന്നത്.
വോട്ടെണ്ണലിന്റെ തലേനാൾ പല സ്ഥാനാർഥികളും വീടുകളിൽ വിശ്രമത്തിലായിരുന്നു. മൂന്ന് ആഴ്ചകളായി നടത്തിയ വിശ്രമമില്ലാത്ത ഓട്ടത്തിന് വിരാമമിട്ടായിരുന്നു കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവിട്ടത്. മിക്ക വാർഡുകളിലും സ്ഥാനാർഥികൾ പ്രവർത്തകരുമായി വെള്ളിയാഴ്ച സമയം പങ്കിട്ടു. ശുഭ പ്രതീക്ഷ കൈവിടാതെ സൂക്ഷിച്ചിട്ടുള്ള വാർഡുകളിൽ വിജയാഹ്ലാദത്തിന് ഇതിനകം അണികൾ ഒരുങ്ങി കഴിഞ്ഞു.


