മരണത്തെ മുഖാമുഖം കണ്ട നിമിഷം; ദുരന്തമുഖത്തു നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsചൊവ്വന്നൂരിൽ തകർന്ന വീടിനുമുന്നിൽ വിജേഷും കുടുംബവും
കുന്നംകുളം: ദുരന്തമുഖത്ത് നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതോർക്കുന്ന ഈ കുടുംബത്തിന്റെ ഞെട്ടൽ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. ചൊവ്വന്നൂർ അയ്യപ്പത്ത് റോഡിൽ കോലാടിപ്പറമ്പിൽ വിജേഷിന്റെ പിഞ്ചോമനകൾ അടങ്ങുന്ന കുടുംബമാണ് മരണത്തിൽനിന്ന് രക്ഷപ്പെട്ടത്. ഈ കുടുംബം വാടകക്ക് താമസിക്കുന്ന കോൺക്രീറ്റ് ഇരുനില വീടാണ് ചൊവ്വാഴ്ച പുലർച്ച നാലരയോടെ നിലംപൊത്തിയത്. കുടുംബക്ഷേത്രത്തിൽ വിളക്കുവെക്കുന്നതിനായി വിജേഷ് നേരത്തെ എഴുന്നേറ്റതായിരുന്നു.
ഈ സമയം വീടിന്റെ ഭിത്തി തകരുന്ന ശബ്ദം കേട്ട് മൂടി പുതച്ചുറങ്ങുകയായിരുന്ന കുട്ടികളെ നെഞ്ചോട് ചേർത്ത് വിജേഷും ഭാര്യ സിജിയും പുറത്തേക്ക് ഓടിയതിനാൽ ഒഴിവായത് വൻ ദുരന്തമായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ കിടപ്പാടം തകർന്നു വീഴുന്ന നേർ കാഴ്ചയായിരുന്നുവെന്ന് അഞ്ചിലും രണ്ടിലും പഠിക്കുന്ന വിജയ് കൃഷ്ണക്കും കാർത്തികേയനും പറയുന്നു.
തലനാരിഴക്ക് രക്ഷപ്പെടാനായത് പറയുമ്പോൾ വിജേഷിന്റെയും ഭാര്യയുടേയും വാക്കുകൾ ഇടറുകയാണ്. കുട്ടികളുടെ സ്കൂൾ യൂനിഫോമും പാഠപുസ്തകങ്ങൾ ഉൾപ്പെടെ പനോപകരണങ്ങളും റേഷൻ കാർഡ് അടക്കമുള്ള രേഖകളും വീട്ടമ്മയായ യുവതിയുടെ വരുമാന മാർഗമായിരുന്ന തയ്യൽ മെഷീനും സമ്പാദിച്ചു കൂട്ടിയ എല്ലാം മണ്ണിനടിയിലായത് ഓർക്കുമ്പോൾ കണ്ണീർ പൊഴിക്കുകയാണ് ഈ കുടുംബം. എങ്കിലും ജീവൻ നഷ്ടമായില്ലല്ലോ എന്ന ആശ്വാസത്തിലാണ് ഇവർ.
ക്ഷേത്രത്തിൽ പോകേണ്ടതിനാലാണ് എഴുന്നേൽക്കേണ്ടി വന്നതെന്നും അതിനാൽ ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താനായെന്നും വിജേഷ് ഓർക്കുന്നു. മേസ്തിരി പണി നടത്തിയിരുന്നു യുവാവ് ഇപ്പോൾ വഴിയരികിൽ പച്ചക്കറി വിൽപന നടത്തിയാണ് കുടുംബം പോറ്റുന്നത്.
മാച്ചാങ്ങലത്ത് മുരളിയുടെ ഉടമസ്ഥതയിലുള്ള, 40 വർഷത്തോളം പഴക്കമുള്ള ഈ കെട്ടിടത്തിൽ കഴിഞ്ഞ നാലു വർഷമായി വാടകക്ക് താമസിക്കുകയാണ് വിജേഷും കുടുംബവും. സ്വന്തമായി ഭൂമി പോലുമില്ലാത്ത ഇവരെ സമീപത്തെ അമ്മായിയുടെ ബന്ധുവീട്ടിലേക്ക് മാറ്റി പാർപ്പിച്ചത്. വീട് നഷ്ടപ്പെട്ടതോടെ പുസ്തകവും ബാഗും നഷ്ടമായ കുട്ടികൾക്ക് പഠനോപകരണങ്ങളും വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കളുമായി സന്നദ്ധ സംഘടനകൾ രംഗത്തെത്തി.