കായികതാരങ്ങൾക്ക് അവഗണന; പോഷകാഹാരം പോലുമില്ലാതെ ദേശീയ കബഡി താരങ്ങൾ
text_fieldsപഴഞ്ഞി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ കബഡി പരിശീലനത്തിൽ ഏർപ്പെട്ട വിദ്യാർഥികൾ
കുന്നംകുളം: ദേശീയ കബഡി താരങ്ങൾ ഉൾപ്പെടെ പരിശീലനത്തിന് എത്തുന്ന വിദ്യാർഥിനികൾ പോഷകാഹാരം പോലുമില്ലാതെ വലയുന്നു. കഠിന വ്യായാമം വേണ്ടി വരുന്ന കബഡി പരിശീലന വിദ്യാർഥികളാണ് സർക്കാറിന്റെയും സ്കൂൾ അധികാരികളുടെയും അവഗണനയിൽ കഴിയുന്നത്. പഴഞ്ഞി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ളതിൽ 40 ഓളം പെൺകുട്ടികളാണ് നിലവിൽ പരിശീലന ക്യാമ്പിലുള്ളത്.
ജില്ലയിൽതന്നെ ഏറ്റവും കൂടുതൽ വിദ്യാർഥിനികളുള്ള ഏക കബഡി പരിശീലന കേന്ദ്രം കൂടിയാണ് ഈ സ്കൂളിന്റേത്. 2024 നവംബറിൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കായിക മേളയിൽ തൃശൂർ ജില്ലക്ക് സ്വർണ മെഡൽ നേടി കൊടുത്തതും ഈ കബഡി താരങ്ങളായിരുന്നു. മികച്ച കായിക പ്രതിഭകൾ ഈ ക്യാമ്പിൽ പരിശീലനത്തിനുണ്ടെന്നും അതിൽ പല കുട്ടികളും സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന വീടുകളിൽ നിന്നുള്ളവരും സ്വന്തമായി വീടുപോലും ഇല്ലാത്തവരുമാണ്.
അതിനാൽ തന്നെ ഈ കുട്ടികൾക്ക് വീടുകളിൽനിന്ന് ആവശ്യമായ പോഷകാഹാരം പോലും ലഭിക്കാത്ത അവസ്ഥയാണെന്ന് കായികപരിശീലകർ പറയുന്നു. കായിക പരിശീലനത്തിന് ആവശ്യമായ ഫണ്ട് സർക്കാർ തലത്തിൽ അനുവദിക്കുന്നില്ലെന്ന് പരാതി നിലനിൽകുമ്പോൾ തന്നെ ഇത്തരം സംവിധാനം ഒരുക്കേണ്ട സ്കൂൾ അധികൃതർ പോലും നിസ്സംഗത കാട്ടുകയാണെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്.
പൊതുജനങ്ങളുടേയോ സന്നദ്ധ സംഘടനകളുടേയോ സഹായം തേടാൻ പി.ടി.എ ഉൾപ്പെടെ അധികാരികൾ തയാറാകാത്തതിലും രക്ഷിതാക്കളിൽ അമർഷമുണ്ട്. ദിവസം മൂന്നുവീതം മുട്ട, നേന്ത്ര പഴം, പാൽ ഉൾപ്പെടെ നൽകിയാണ് കൂടുതൽ സ്കൂളുകളും ഇത്തരം കമ്പഡി താരങ്ങൾക്ക് പരിശീലനം നൽകുന്നത്. എന്നാൽ, ഇവിടെയാണെങ്കിൽ ഇതൊന്നുമില്ലെന്ന പരാതി ഉയർന്നിട്ടും നാളുകൾ ഏറെയായി.
കബഡിയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കുട്ടികളുള്ള ഈ സ്കൂളിൽ ചേർന്ന് പരിശിലനത്തിനായി സമീപ ജില്ലകളിൽ നിന്നുപോലും വിദ്യാർഥിനികളും വന്നെത്തുന്നുണ്ട്. നാട്ടുകാരുടെയും സന്നദ്ധ സംഘടനയുടേയും സഹായം കൊണ്ടാണ് പരിശീലനത്തിനുള്ള മാറ്റ് ഏതാനും മാസം മുമ്പ് ഈ സ്കൂളിന് ലഭിച്ചിരുന്നത്.
ദേശീയ നിലവാരത്തിലേക്ക് ഉയർന്നുവരാൻ സാധ്യതയുള്ള കുട്ടികൾ സ്കൂളിൽ ഉണ്ടെന്നും വ്യായാമത്തോടൊപ്പം പോഷകാഹാരമുള്ള മികച്ച ഭക്ഷണം കൂടി നൽകിയാൽ നാടിന് അഭിമാനമായി സ്കൂൾ മാറുമെന്ന പ്രതീക്ഷയുണ്ടെ കായികാധ്യാപകരായ സുജേഷ്, കോച്ച് ലിജോ എന്നിവർ പറയുന്നു. ദിവസവും രാവിലെയും വൈകീട്ടുമാണ് പരിശീലനം നടത്തുന്നത്.