അനാഥരായ സഹോദരങ്ങൾ സർക്കാർ തണലിലേക്ക്
text_fieldsസഹോദരരുടെ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വടക്കേകോട്ടോലിൽ ഉദ്യോഗസ്ഥ സംഘം എത്തിയപ്പോൾ
കുന്നംകുളം: അനാഥത്വം അനുഭവിക്കുന്ന സഹോദരങ്ങളായ കുരുന്നുകൾ ഇനി പൂർണമായും സർക്കാർ തണലിലാകും. സഹപാഠികളുടെ ഇടപെടലിൽ താലൂക്ക് അദാലത്തിൽ എത്തിയ അപേക്ഷയിലാണ് പഴഞ്ഞി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ 5, 6, 7 ക്ലാസുകളിലെ മൂന്നു വിദ്യാർഥികളായ സഹോദരങ്ങൾക്ക് സംരക്ഷണം ഒരുക്കാൻ മന്ത്രി കെ. രാജൻ ഉത്തരവിട്ടത്.
ഇതോടെ മണിക്കുറുകൾക്കുള്ളിൽ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി. വടക്കേ കോട്ടോലിൽ കഴിഞ്ഞിരുന്ന കരിക്കുളത്തിൽ പരേതരായ വിജയ് - ലതിക ദമ്പതികളുടെ മക്കൾക്ക് സുരക്ഷിതത്വം ഒരുക്കുന്നതിന്റെ ഭാഗമായാണ് ജനപ്രതിനിധികളുടെയും സ്കൂൾ പ്രതിനിധികളുടേയും സാന്നിധ്യത്തിൽ ഉദ്യോഗസ്ഥ സംഘം എത്തിയത്. കുട്ടികളുടെ സംരക്ഷണം, ഭവന നിർമാണം എന്നിവ ചർച്ച ചെയ്തു.
അടിയന്തിരമായി വീട് നിർമ്മിച്ചു നൽകും. കുട്ടികളെ ഇപ്പോൾ സംരക്ഷിക്കുന്ന വയോധികയുമായി ഉദ്യോഗസ്ഥർ സംസാരിച്ചു. കുട്ടികൾ കഴിയുന്ന പ്രദേശത്തിന് അംബേദ്കർ നഗർ എന്ന പേരിട്ട് ബോർഡ് സ്ഥാപിക്കാനും തീരുമാനമായി. വിദ്യാർഥിനിയായ അബീഗയിൽ സ്കൂൾ അധികൃതരുടെ സഹായത്തോടെ നേരിട്ട് മന്ത്രിയെ കണ്ടാണ് സഹോദരങ്ങളായ ഈ കുട്ടികളുടെ അവസ്ഥ ബോധിപ്പിച്ചത്. ഇക്കാര്യം ‘മാധ്യമം’വാർത്ത നൽകിയിരുന്നു.
ചൊവ്വന്നൂർ ബ്ലോക്ക് പ്രസിഡന്റ് ആൻസി വില്യംസ്, കടവല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. രാജേന്ദ്രൻ, ബ്ലോക്ക് അംഗം വിശ്വംഭരൻ, പഞ്ചായത്ത് അംഗം കെ.ടി. ഷാജൻ, പി.ടി.എ പ്രസിഡന്റ് സാബു അയിനൂർ, കടവല്ലൂർ പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ്, സ്കൂൾ പ്രിൻസിപ്പൽ എ.ജെ ജെനിർ ലാൽ, പ്രധാനാധ്യാപിക മേഴ്സി മാത്യു, ശിശു വികസന വകുപ്പ് ഓഫിസര് ഫെബ്ന റഹീം, ചൊവ്വന്നൂർ അഡീഷണൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ വീനീത ഉണ്ണികൃഷ്ണൻ, സോഷ്യൽ സ്കൂൾ കൗൺസിലർ വി. ശാരി, സ്കൂൾ ലീഡർ മിൻഹാസ് ബിൻ അബ്ബാസ്, വിദ്യാർഥി പ്രതിനിധികളും അധ്യാപകരും ഉണ്ടായിരുന്നു.