ആവേശച്ചൂട് ചോരാതെ കുന്നംകുളത്തെ മുന്നണികൾ
text_fieldsകുന്നംകുളം: മാറിയും മറിഞ്ഞും ഭരണം നടത്തിയ കുന്നംകുളം നഗരസഭയിലെ ഇക്കുറി പോരാട്ടവും ശ്രദ്ധേയമാണ്. വാരിക്കോരി നടത്തിയ വികസന പദ്ധതികൾ അക്കമിട്ട് ചൂണ്ടിക്കാട്ടി ഭരണത്തിലെത്താൻ എൽ.ഡി.എഫിലെ മുഖ്യകക്ഷിയായ സി.പി.എം അടവുകൾ മെനയുമ്പോൾ സീറ്റുകൾ വർധിപ്പിച്ച് ഒന്നര പതിറ്റാണ്ടിന് ശേഷം ഭരണം പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിലാണ് യു.ഡി.എഫിലെ കോൺഗ്രസ്. സീറ്റ് വർധിപ്പിച്ച് ഭരണത്തിൽ നിർണായകമാകാൻ ബി.ജെ.പിയും കടുത്ത പോരാട്ടത്തിലാണ്. ഇടതുമുന്നണിയിൽനിന്ന് ഇടഞ്ഞ് വേറിട്ട ആർ.എം.പിയാകട്ടെ കരുത്തുകാട്ടാൻ നിരവധി വാർഡുകളിൽ ഇഞ്ചോടിഞ്ഞ് പോരാട്ടത്തിന് ഒരുങ്ങി കഴിഞ്ഞു.
1948 രൂപീകൃതമായ കുന്നംകുളം നഗരസഭയുടെ വിസ്തൃതി 2000ത്തിൽ വർധിപ്പിച്ചു. ആർത്താറ്റ് പഞ്ചായത്ത് പൂർണമായും ചൊവ്വന്നൂർ, പോർക്കുളം എന്നീ പഞ്ചായത്തുകളിലെ ഏതാനും വാർഡുകളും കൂട്ടിച്ചേർത്താണ് വിസ്തൃതി വർധിപ്പിച്ചത്. മുൻപ് 6.96 കിലോമീറ്റർ മാത്രമായിരുന്ന വിസ്തീർണത്തിൽനിന്ന് പുതിയ പ്രദേശങ്ങൾ ചേർത്തതോടെ 34.18 ചതുരശ്ര കിലോമീറ്റർ ആയി ഉയർന്നു. യു.ഡി.എഫും എൽ.ഡി.എഫും പല തവണയായി ഭരിച്ച നഗരസഭയിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ ആർക്കും കേവല ഭൂരിപക്ഷം ഇല്ലായിരുന്നു. നിലവിലെ 37 അംഗ കൗൺസിലിൽ 18 പേർ മാത്രമായിരുന്നു സി.പി.എമ്മിന് ഉണ്ടായിരുന്നത്. കോൺഗ്രസ് വിമതനായി വിജയിച്ച ടി. സോമശേഖരന്റെ പിന്തുണയോടെ കഴിഞ്ഞ അഞ്ചുവർഷം സി.പി.എം ഭരിച്ചു.
ആവശ്യപ്പെട്ട ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷപദവി നൽകി ഒപ്പം നിർത്തിയാണ് കാലാവധി പൂർത്തിയാക്കിയത്. എട്ട് സീറ്റോടെ മുഖ്യപ്രതിപക്ഷമായി ബി.ജെ.പി രംഗത്തുണ്ടായിരുന്നു. യു.ഡി.എഫിലെ കോൺഗ്രസിനാകട്ടെ ഏഴ് സീറ്റുകൊണ്ട് സംതൃപ്തിയടയേണ്ടിയും വന്നു. മൂന്ന് സീറ്റിൽ ആർ.എം.പി.ഐയും സാന്നിധ്യം ഉറപ്പിച്ചിരുന്നു. ഇക്കുറി 39 വാർഡായി വർധിച്ചു. നഗരസഭ കൗൺസിലിലേക്ക് 132 പേരാണ് ജനവിധി തേടുന്നത്. എൽ.ഡി.എഫ് എല്ലാ വാർഡുകളിലും മത്സരിക്കുമ്പോൾ യു.ഡി.എഫിന് 37 സീറ്റുകളിലും എൻ.ഡി.എക്ക് 35 സീറ്റുകളിലുമാണ് സ്ഥാനാർഥികൾ ഉള്ളത്. ആർ.എം.പി.ഐ ആറിടത്തും ജനവിധി തേടുന്നുണ്ട്.
കഴിഞ്ഞ തവണ നാലിടത്ത് മത്സരിച്ച് മൂന്ന് വാർഡുകൾ ആർ.എം.പി.ഐ പിടിച്ചെടുത്തിരുന്നു. ഭരണകക്ഷിയായ സി.പി.എം അംഗങ്ങളിൽ നിലവിലെ വൈസ് ചെയർപേഴ്സൻ ഒഴികെ ആരും മത്സര രംഗത്തില്ല. ചെയർപേഴ്സൻ സ്ഥാനം വനിത സംവരണമായതിനാൽ നിലവിലെ വൈസ് ചെയർപേഴ്സൻ സൗമ്യയെ ആ സ്ഥാനം ലക്ഷ്യമിട്ടാണ് മത്സരിപ്പിക്കുന്നത്. 16 വാർഡ് മാത്രം ഉണ്ടായിരുന്ന പഴയ നഗരസഭയിലെ കൂടുതൽ വാർഡുകളും കോൺഗ്രസിന് സ്വാധീനമുള്ളതാണെങ്കിൽ കൂട്ടിച്ചേർത്ത പ്രദേശങ്ങൾ എല്ലായിടത്തും എൽ.ഡി.എഫിനും ബി.ജെ.പിക്കും മേൽക്കൈയാണ്.
കോൺഗ്രസിൽനിന്ന് നാലും ബി.ജെ.പിയിൽനിന്ന് രണ്ടും നിലവിലെ കൗൺസിലർമാർ തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്. സ്വതന്ത്ര അംഗമായി കഴിഞ്ഞ ഭരണ സമിതിയിൽ ഉണ്ടായിരുന്ന ടി. സോമശേഖരൻ ഇക്കുറി സി.പി.എം ചിഹ്നത്തിലാണ് മറ്റൊരു വാർഡിൽനിന്ന് ജനവിധി തേടുന്നത്. എൽ.ഡി.എഫ് മുൻകാല ഭരണസമിതികളിൽ ഉണ്ടായിരുന്ന മുൻ ചെയർമാൻ പി.ജി. ജയപ്രകാശ്, പുഷ്പ ജോൺ, ഒ.ജി. ബാജി, ടി. മുകുന്ദൻ തുടങ്ങിയവരെയും ഗോദയിലിറക്കിയിട്ടുണ്ട്. 10 വർഷത്തെ വികസനപദ്ധതികൾ ചൂണ്ടിക്കാട്ടി കരുത്ത് തെളിയിച്ച് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. എന്നാൽ നഷ്ടപ്പെട്ട പ്രതാപം പിടിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡിഎഫ്.


