നാട്ടാന പരിപാലന ചട്ടലംഘനം; പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ പൂരാഘോഷം വിവാദമാകുന്നു
text_fieldsകുന്നംകുളം: കക്കാട് മഹാഗണപതി ക്ഷേേത്രാത്സവ ഭാഗമായി കുന്നംകുളം പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ പൂരാഘോഷം നടത്തിയ സംഭവം വിവാദമാകുന്നു. സ്റ്റേഷൻ വളപ്പിൽ എഴുന്നള്ളിച്ച് കൊണ്ടുവന്ന കടവൂരാൻ എന്ന ആനയുടെ കൊമ്പുപിടിച്ച് കുന്നംകുളം സർക്കിൾ ഇൻസ്പെക്ടർ യു.കെ. ഷാജഹാൻ നിൽക്കുന്ന പടം സമൂഹമാധ്യമങ്ങളിൽ വന്നതോടെയാണ് പലരും പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ നിയമം ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കേണ്ട പൊലീസ് അധികാരികൾ തന്നെ വെട്ടിലായി.
ഞായറാഴ്ച വൈകീട്ടാണ് ഫ്രൻഡ്സ് ഫെസ്റ്റിവെൽ കമ്മിറ്റിയുടെ പൂരാഘോഷം സ്റ്റേഷനിലേക്ക് വാദ്യഘോഷത്തിന്റെ അകമ്പടിയിൽ ആനയെ എഴുന്നള്ളിച്ചത്. പൂരാഘോഷ കമ്മിറ്റിയുടെ യൂനിഫോമിലാണ് സി.ഐ, എസ്.ഐ എന്നിവർ ആഘോഷ കമ്മിറ്റിക്കാർക്കൊപ്പം പടത്തിനായി മുന്നിൽ നിരന്നത്. ഇതിനിടയിൽ സി.ഐയെ ആനക്കൊമ്പ് പിടിപ്പിച്ച് പടവുമെടുത്തു. ഇതാണ് വ്യാപകമായി പ്രചരിക്കുന്നത്. വോക്കിങ്ങ് ‘ഐ’ ഫൗണ്ടേഷൻ ഫോർ എനിമൽ അഡ്വക്കേസി എന്ന സംഘടനയുടെ സ്ഥാപകൻ വിവേക് കെ. വിശ്വനാഥനാണ് പരാതി നൽകിയത്. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വിഭാഗത്തിനും ജില്ല പൊലിസ് മേധാവിക്കുമാണ് പരാതി നൽകിയത്.