വന്യമൃഗസാന്നിധ്യം ചർച്ചയാക്കി യു.ഡി.എഫ്; വികസനത്തിലൂന്നി എൽ.ഡി.എഫ്
text_fieldsപട്ടിക്കാട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വന്യമൃഗസാന്നിധ്യവും ചര്‍ച്ച ചെയ്യണമെന്ന് പാണഞ്ചേരി പഞ്ചായത്തിലെ പ്രതിപക്ഷ നേതാവ് ബാബു തോമസ്. പഞ്ചായത്തിലെ നല്ല ഭാഗം വനാതിര്‍ത്തി പങ്കിടുന്നതിനാല്‍ എറ്റവും കുടുതല്‍ വന്യമൃഗങ്ങളുടെ ശല്യം അനുഭവിക്കുന്നതും വനാതിര്‍ത്തിയിലെ കര്‍ഷകരാണ്. ഈ വിഷയത്തില്‍ എൽ.ഡി.എഫ് ഭരണ സമിതി എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യവുമായാണ് പ്രതിപക്ഷം ജനങ്ങളിലേക്കെത്തുന്നത്.
കഴിഞ്ഞ ഭരണകാലത്ത് 23 വാർഡുകൾ ഉണ്ടായിരുന്ന പാണഞ്ചേരിയില്‍ 24 ആയി പുനര്‍വിഭജനം നടത്തി. ഇത്തവണ യു.ഡി.എഫിന്റെ എല്ലാ സീറ്റിലും കോണ്‍ഗ്രസ് സ്ഥാനാർഥികള്‍ തന്നെയാണ് മത്സരരംഗത്തുള്ളത്. 16, 22 വാര്‍ഡുകളില്‍ ശകുന്തള ഉണ്ണികൃഷ്ണനും ബിന്ദുവും വിമത സ്ഥാനാർഥികളായി മത്സരരംഗത്തുണ്ട്. എല്‍.ഡി.എഫില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ 18 സീറ്റില്‍ സി.പി.എമ്മും നാല് സീറ്റില്‍ സി.പി.ഐയും രണ്ട് സീറ്റില്‍ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പും മത്സരരംഗത്തുണ്ട്. എന്‍.ഡി.എയില്‍ ഒരു സീറ്റ് ബി.ഡി.ജെ.എസിനും ഒരു സീറ്റില്‍ ബി.ജെ.പി സ്വതന്ത്രനും 20 സീറ്റില്‍ ബി.ജെ.പിയുമാണ് മത്സരിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷകാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട് നിരത്തിയാണ് പ്രസിഡന്റ് പി.പി. രവിന്ദ്രന്‍ സംസാരിക്കുന്നത്. റവന്യൂ മന്ത്രിയുടെ പരിഗണന ലഭിച്ചതോടെ സര്‍ക്കാറിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ പാണഞ്ചേരിയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പുതിയതായി ആരംഭിച്ച ഐ.ടി.ഐ ഇപ്പോള്‍ വിലങ്ങന്നൂരില്‍ പ്രവര്‍ത്തനം തുടങ്ങി. ഐ.ടി.ഐക്ക് വേണ്ട സ്ഥലം ഇറിഗേഷന്‍ വകുപ്പില്‍നിന്ന് ഏറ്റെടുത്ത് കെട്ടിട നിർമാണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്. സ്മാര്‍ട്ട് കൃഷിഭവന്‍ നിർമാണം ഉടന്‍ ആരംഭിക്കും.
ഭൂരഹിത, ഭവനരഹിതര്‍ക്ക് വീട് നിർമിക്കാന്‍ പഞ്ചായത്ത് 80 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ട്. പഞ്ചായത്തില്‍ 408 പുതിയ സംരംഭങ്ങൾ തുടങ്ങാന്‍ കഴിഞ്ഞു. 500 പേര്‍ക്ക് പ്രത്യക്ഷമായും 500 പേര്‍ പരോക്ഷമായും തൊഴില്‍ നല്‍കാനും ഇത് ഉപകരിക്കും. ഒരപ്പന്‍ക്കെട്ട് ടൂറിസം പദ്ധതി ഉദ്ഘാടനം കഴിഞ്ഞു. മുടിക്കോട് ചാത്തന്‍കുളം നവീകരണ പ്രവൃത്തികള്‍ നടക്കുന്നു. എം.എല്‍.എ ഫണ്ടിന്റെ സഹായത്തോടെ സ്കൂള്‍ നവീകരണം, മലയോര ഹൈവേ, ക്ഷേമപെന്‍ഷന്‍ തുടങ്ങിയവയും എടുത്ത് പറയാവുന്ന വികസനങ്ങളാണെന്ന് പ്രസിഡന്റ് അവകാശപ്പെടുന്നു.
വനമേഖലയിലെ വന്യമ്യഗശല്യത്തിന് പരിഹാരമായി നടപടി ഉണ്ടായിട്ടില്ല. കാട്ടാനശല്യം കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്. വനാതിര്‍ത്തിയിലെ വൈദ്യുതി വേലി ഇനിയും പുനര്‍നിർമിച്ചിട്ടില്ല. വന്യമ്യഗശല്യം രൂക്ഷമാകുമ്പോള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുന്നതിനപ്പുറം ഒന്നും സംഭവിക്കുന്നില്ല. പീച്ചി ഡാമില്‍നിന്ന് നഗരത്തിലേക്ക് വെള്ളം ഈ പഞ്ചായത്തിലുടെയാണ് പോകുന്നത് എന്നാലും ഈ പഞ്ചായത്തിലുള്ളവര്‍ക്ക് വെള്ളം കിട്ടാക്കനിയാണ്.
ജൽജീവന്‍ പദ്ധതിക്കായി കുറച്ച് പൈപ്പുകള്‍ സ്ഥാപിച്ചതും ടാങ്ക് നിർമിക്കാന്‍ സ്ഥലം വാങ്ങിയതുമല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. ലൈഫ് പദ്ധതിയും യാഥാര്‍ഥ്യത്തിലെത്തിയിട്ടില്ല. സമാനമായ ആരോപണങ്ങളാണ് ബി.ജെ.പിയും ഉയര്‍ത്തുന്നത്. ബനാന, ഹണി പാര്‍ക്കുകളുടെ പ്രവര്‍ത്തനം എങ്ങുമെത്തിയിട്ടില്ല, വാഴ ഗവേഷണ കേന്ദ്രത്തിന്റെ ഉപയോഗം ഇനിയും കര്‍ഷകര്‍ക്ക് ഗുണകരമാവുന്നില്ല. ഒരപ്പന്‍ക്കെട്ട് നവീകരണത്തിലെ അപാകതകൾ പരിഹരിക്കാനും പീച്ചിയുടെ വിനോദസഞ്ചാര സാധ്യതകള്‍ ഉപയോഗപ്പെടുത്താനും ഈ ഭരണ സമിതിക്ക് കഴിഞ്ഞിട്ടില്ല എന്നും ബി.ജെ.പി ആരോപിക്കുന്നു.


