വോട്ടായി; ഇനി ആകാംക്ഷ...
text_fieldsതൃശൂർ: ഒരു മാസത്തെ പ്രചാരണത്തിന് ശേഷം നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വോട്ട് രേഖപ്പെടുത്തിയത് 72.48 ശതമാനം പേർ. ആകെ 27,36,817 വോട്ടർമാരിൽ അവസാന കണക്ക് ലഭിക്കുമ്പോൾ 19,96,198 പേരാണ് വോട്ട് ചെയ്തത്. 2020ൽ ജില്ലയിൽ 75.07 ശതമാനമായിരുന്നു പോളിങ്. ജില്ലയിലെ ഏഴ് മുനിസിപ്പാലിറ്റികളിൽ കൊടുങ്ങല്ലൂരിലാണ് ഏറ്റവും കൂടുതൽ പോളിങ് -77.41 ശതമാനം. എൽ.ഡി.എഫും എൻ.ഡി.എയും തമ്മിൽ കടുത്ത പോരാട്ടമാണ് ഇവിടെ നടന്നത്. ബ്ലോക്ക് പഞ്ചായത്തുകളിൽ 77.19 ശതമാനത്തോടെ കൊടകര ഒന്നാമതെത്തി. തൃശൂർ കോർപറേഷനിൽ 62.45 ശതമാനം പേരും ജില്ല പഞ്ചായത്തിലേക്ക് 73.68 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. എല്ലാ മുനിസിപ്പാലിറ്റികളിലും ബ്ലോക്ക് പഞ്ചായത്തിലും 2020നെ അപേക്ഷിച്ച് പോളിങ് ശതമാനത്തിൽ കുറവുണ്ടായിട്ടുണ്ട്.
15 ലധികം ബൂത്തുകളിൽ വോട്ടിങ് മെഷീൻ തകരാറിലായത് പ്രതിസന്ധിയിലാക്കി. ഏതാനും ബൂത്തുകളിൽ ആറ് മണിക്ക് ശേഷവും വോട്ടെടുപ്പ് നീണ്ടു. വരിയിൽ നിന്നവർക്ക് ടോക്കൺ നൽകിയാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്.


