മാളയിൽ മത്സരം മുറുകി
text_fieldsമാള: 2020 ലെ തെരഞ്ഞെടുപ്പിൽ കല്ലേറ്റുങ്കര, ആളൂർ, കാരൂർ, അന്നമനട, കൊമ്പിടിഞാമാക്കൽ, അഷ്ടമിച്ചിറ, പൊയ്യ, പൂപ്പത്തി, കുണ്ടൂർ എന്നിങ്ങനെ ഒമ്പത് ഡിവിഷനുകൾ പിടിച്ചടക്കി ഭരണം കൈയാളിയ എൽ.ഡി.എഫിന് ഇക്കുറി വിജയം ആവർത്തിക്കാനാവുമോ. മാള, കുഴൂർ, പാലിശേരി, ചക്കാമ്പറമ്പ് എന്നിവയിൽ ഒതുങ്ങി പോയ യു.ഡി.എഫ് മുന്നേറ്റം നടത്തുമോ. ശ്രദ്ധേയമാണ് മാള ബ്ലോക്ക് പഞ്ചായത്തിന്റെ പടക്കളം.
നിലവിൽ 41 സ്ഥാനാർത്ഥികളാണ് അങ്കത്തട്ടിലുള്ളത്. മാള ബ്ലോക്ക് പഞ്ചായത്ത് ആര് വെട്ടിപ്പിടിക്കും എന്നത് പ്രവചനാതീതമാവുകയാണ്. ഡിവിഷനുകളിൽ പലകുറി കയറിയിറങ്ങി കൂട്ടിയും കിഴിച്ചും വോട്ടുറപ്പിക്കുകയാണ് സ്ഥാനാർഥികൾ.
യു.ഡി.എഫ്, എൽ.ഡി.എഫ്, ബി.ജെ.പി എന്നീ പാർട്ടികൾ 13 സീറ്റുകളിൽ വീതം മത്സരരംഗത്ത് ഉണ്ട്. രണ്ട് ഡിവിഷനുകളിൽ ട്വൻറി ട്വൻറിയുടെ സ്ഥാനാർഥികൾ മത്സരിക്കുന്നു.
ഇത്തവണ ചുവപ്പ് കോട്ടയായ ആളൂർ, കാരൂർ, കൊമ്പിടിഞ്ഞാമക്കൽ, അഷ്ടമിച്ചിറ ഡിവിഷനുകൾ കുലുക്കമില്ലാതെ നിൽക്കുമെന്നാണ് എൽ.ഡി.എഫ് കണക്കുകൂട്ടൽ. ചക്കാംപറമ്പ്, പാലിശ്ശേരി, കുഴൂർ, പൊയ്യ എന്നീ ഡിവിഷനുകൾ യു.ഡി.എഫിൽ നിന്നും കൈവിട്ടു പോകാനുള്ള സാധ്യതകൾ കാണുന്നില്ല. അതേസമയം മാള, അന്നമനട, കുണ്ടൂർ, പൂപ്പത്തി, കല്ലേറ്റുങ്കര എന്നിവ ഏത് പക്ഷത്തേക്കും മറിയാം.
കുണ്ടൂരിൽ ബി.ജെ.പി ഇരുമുന്നണികൾക്കും ഭീഷണിയാണ്. ഈ ഡിവിഷനിൽ നാലാമതായി ട്വന്റി ട്വന്റിയും ഉണ്ട്. വിധിനിർണയം നടത്തുക ഈ ഡിവിഷനുകളിൽ ആയിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതിൽ അന്നമനട ഡിവിഷൻ മുസ്‍ലിം ലീഗിന് നൽകിയത് ഗുണം ചെയ്യുമെന്നാണ് യു.ഡി.എഫ്. ക്യാമ്പിന്റെ കണക്കുകൂട്ടൽ. മാള ഡിവിഷനിൽ 26 ഉം, 63ഉം തമ്മിലെ മത്സരം ശ്രധേയമാണ്.
എൽ.ഡി.എഫാണ് യുവതാരത്തെ കന്നിയങ്കത്തിനിറക്കിയിരിക്കുന്നത്. പ്രചരണ രംഗത്ത് തുടക്കത്തിൽ യു.ഡി.എഫ് ആയിരുന്നെങ്കിൽ നിശബ്ദമായിരുന്ന് പെട്ടെന്ന് കുതിച്ച് ചാട്ടം നടത്തിയിരിക്കുകയാണ് എൽ.ഡി.എഫ് സ്ഥാനാർഥി.


