കുരുക്കഴിയാതെ മാള ടൗൺ പോസ്റ്റ് ഓഫിസ് റോഡ്
text_fieldsമാള പോസ്റ്റ് ഓഫിസ് റോഡിലെ ഗതാഗതക്കുരുക്ക്
മാള: കുരുക്കഴിയാതെ മാള ടൗൺ പോസ്റ്റ് ഓഫിസ് റോഡ്. രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ അധികൃതർ തയാറായിട്ടില്ല. ടൗണിൽ വൺവേ നിലവിൽ വരുത്തുക വഴി ഗതാഗതം സുഗമമാക്കാൻ കഴിയുമെന്ന് നേരത്തേ തെളിഞ്ഞിരുന്നു. സ്വകാര്യ ബസ് ജീവനക്കാരിൽ ഒരുവിഭാഗത്തിന്റെ സമ്മർദത്തിന് വഴങ്ങിയാണ് വൺവേ നിലച്ചതെന്നറിയുന്നു.
ടൗൺ റോഡ് സൗന്ദര്യവത്കരണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ഇത് സമയബന്ധിതമായി പൂർത്തീകരിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. ടൗണിലെ ഏറ്റവും പ്രധാനപ്പെട്ട റോഡുകളിലൊന്നായ പോസ്റ്റ് ഓഫിസ് റോഡിന് വീതി കുറവായതിനാൽ ഒരേസമയം ഇരുഭാഗത്തേക്കും വാഹനങ്ങൾ സുഗമമായി കടന്നുപോകാനാവാവില്ല. വിവിധ സ്ഥലങ്ങളില്‍നിന്ന് മാള ടൗണിലേക്കും പഞ്ചായത്ത് ബസ് സ്റ്റാൻഡിലേക്കും എത്തുന്നത് ഈ റോഡ് വഴിയാണ്. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്നുള്ള എല്ലാ സർവിസും കെ.കെ റോഡുവഴി സ്വകാര്യ സ്റ്റാൻഡിൽ പ്രവേശിച്ച് തൃശൂർ, ആലുവ ഭാഗങ്ങളിലേക്ക് തിരിഞ്ഞുപോകണം. തൃശൂർ, ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗങ്ങളിൽനിന്നുവരുന്ന ബസുകൾ സംസ്ഥാനപാത വഴി കെ.എസ്.ആർ.ടി.സി വഴി കെ.കെ റോഡിലൂടെ സ്വകാര്യ സ്റ്റാൻഡിൽ എത്തണം.
കൃഷ്ണൻ കോട്ട, പറവൂർ, കൊടുങ്ങല്ലൂർ ഭാഗത്തുനിന്നും വരുന്നവ മാള പള്ളിപ്പുറം പോസ്റ്റ് ഓഫിസ് ജങ്ഷനിൽനിന്ന് പ്ലാവിൻ മുറി വഴി പൊലീസ് സ്റ്റേഷൻ വഴി സ്വകാര്യ സ്റ്റാൻഡിൽ എത്താനാവും. വടക്ക്, തെക്ക്, പടിഞ്ഞാറ് ഭാഗത്തേക്കുള്ള എല്ലാ ബസുകളും പോസ്റ്റ് ഓഫിസ് വഴി പോകണം. ഇങ്ങനെ നടപ്പാക്കണമെന്നാവശ്യം ഉയർന്നിട്ടുണ്ട്.