കീടങ്ങളെ നശിപ്പിച്ച് ജൈവവളമാക്കുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് വിദ്യാർഥികൾ
text_fieldsവിദ്യാർഥികൾ നിർമിച്ച സോളാർ കൃഷി വികാസ് യന്ത്രം
കാഞ്ഞാണി: കോൾപാടങ്ങളിലെയും കൃഷിയിടങ്ങളിലെയും കീടങ്ങളെ നശിപ്പിച്ച് ജൈവ വളമാക്കുന്ന സോളാർ കൃഷി വികാസ് യന്ത്രം നിർമിച്ച് തൃശൂർ കേച്ചേരി വിദ്യ എൻജിനീയറിങ് കോളജിലെ ഇലക്ട്രിക്കൽ ആൻഡ് ഇലക്േട്രാണിക്സ് വിദ്യാർഥികൾ.
പൂർണമായി സോളാറിൽ പ്രവർത്തിക്കുന്ന യന്ത്രം രാത്രിയും പകലും പ്രവർത്തിക്കും. കീടങ്ങളെയും പ്രാണികളെയും ഹോർമോൺ ഉപയോഗിച്ചാണ് യന്ത്രത്തിലേക്ക് ആകർഷിക്കുക. ഇതിനായി ആധുനിക അൾട്രാസോണിക് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിട്ടുള്ളത്. രാത്രി മഞ്ഞ, നീല പ്രകാശങ്ങൾ ഉപയോഗിച്ചാണ് ആകർഷിക്കുന്നത്. ഉയർന്ന വോൾട്ടേജ് ഉപയോഗിച്ചാണ് കീടങ്ങളെ നശിപ്പിക്കുന്നത്. ഇങ്ങനെ ചാവുന്ന കീടങ്ങളെ മണ്ണും ചകിരിച്ചോറുമായി സംയോജിപ്പിച്ച് ജൈവ വളമാക്കാനും യന്ത്രത്തിൽ സൗകര്യം ഉണ്ട്. പാടങ്ങളിൽ പണിയെടുക്കുന്നവരുടെ സാധങ്ങൾ സൂക്ഷിക്കാനുള്ള അറകളും മൊബൈൽ ഫോൺ ചാർജിങ് സൗകര്യവും യന്ത്രത്തിൽ ഒരുക്കിയിട്ടുണ്ട്.
കാഞ്ഞാണി സ്വദേശി ഉഷസ് ആൻഡ്രൂസ്, മണലൂർ പാലാഴി സ്വദേശി കെവിൻ ജോർജ്, കണ്ടശ്ശാംകടവ് സ്വദേശിനി സ്വാതി കെ. സുനിൽ എന്നിവർ ചേർന്നാണ് ബി.ടെക് അവസാന വർഷ പ്രോജക്ടിെൻറ ഭാഗമായി യന്ത്രം വികസിപ്പിച്ചത്. അന്തിക്കാട് സ്വദേശിനി ജിൻസി ജോസും പിന്തുണയുമായി ഉണ്ടായിരുന്നു. ഇലക്ട്രിക്കൽ വിഭാഗം മേധാവി ഡോ. മേരി വർഗീസിെൻറ നേതൃത്വത്തിൽ കോഒാഡിനേറ്റർമാരായ വിഷ്ണു രാജ്, ശങ്കരൻ നമ്പൂതിരി, അശ്വിൻ ടി. സുരേന്ദ്രൻ എന്നിവരാണ് യന്ത്രത്തെ പൂർണരൂപത്തിൽ എത്തിക്കാൻ വിദ്യാർഥികളെ സഹായിച്ചത്. കൃഷി വകുപ്പ്, പാടശേഖര കമ്മിറ്റികൾ എന്നിവരായി ചേർന്ന് യന്ത്രം വിപണിയിൽ എത്തിക്കാനാണ് വിദ്യാർഥികളുടെ ശ്രമം. വിദ്യാർഥികളുടെ ആശയം അറിഞ്ഞ മുരളി പെരുനെല്ലി എം.എൽ.എ യന്ത്രം കാണാൻ ഞായറാഴ്ച എത്തും. രാവിലെ 10.30ന് എം.എൽ.എക്കായി മാമ്പുള്ളി പാടത്ത് ട്രയൽ ഒരുക്കിയിട്ടുണ്ട്.