വികസനപ്രതീക്ഷകളിൽ മാരേക്കാട്
text_fieldsമാരേക്കാട് കടവ്
മാള: വിനോദസഞ്ചാരസാധ്യതകളുള്ള, ചരിത്രമുറങ്ങുന്ന അഷ്ടമിച്ചിറ മാരേക്കാട് ഗ്രാമം വികസന സ്വപ്നങ്ങളിലാണ്. വിനോദ സഞ്ചാര വികസന പദ്ധതിയിൽ മാരേക്കാട് ചാലിനെ ഉൾപ്പെടുത്തണമെന്ന കാലങ്ങളായുള്ള ആവശ്യത്തിന് നേരെ അധികൃതർ കണ്ണടക്കുകയാണന്ന് നാട്ടുകാർ പറയുന്നു.
മാരേക്കാട് കടവ് വഴി കർഷകർ കാർഷിക ഉൽപന്നങ്ങൾ കോട്ടപ്പുറം ചന്തയിൽ വിൽപനക്ക് കൊണ്ടുപോയിരുന്നതായി പഴമക്കാർ പറയുന്നു. കോട്ടപ്പുറം ചന്തയിൽനിന്ന് നിത്യോപയോഗ സാധനങ്ങൾ മാരേക്കാട് ചാൽ വഴിയാണ് കൊണ്ടുവന്നിരുന്നത്. മാരേക്കാട് കടവിൽനിന്ന് കരിങ്ങോൾചിറ വഴി കോട്ടപ്പുറത്തേക്കുള്ള ജലപാത വഴി യാത്രാവഞ്ചി ഗതാഗതം നിലനിന്നിരുന്നു. പിന്നീട് കരമാർഗം ഗതാഗതം വികസിച്ചതോടെ കടവും ചാലും വഴിയുള്ള യാത്രയും നിലച്ചു. ചാലിന്റെ ഇരുകരകളിലും നോക്കെത്താദൂരം പരന്ന് കിടക്കുന്ന പാടശേഖരങ്ങൾ, ചാലിൽ വിരിഞ്ഞുനിൽക്കുന്ന ആമ്പൽ ചെടികൾ എന്നിവയും മനോഹര ദൃശ്യമാണ്. പ്രകൃതി പകരുന്ന ദൃശ്യവിരുന്ന് ആസ്വദിക്കാൻ ഏറെപ്പേർ എത്തുന്നുണ്ട്.
പക്ഷി സ്നേഹികളുടെ നിരീക്ഷണത്തിൽ ദേശാടനപക്ഷികളെയും കണ്ടെത്തിയിട്ടുണ്ട്. മഞ്ഞുകാലത്താണ് വിദൂര ദേശങ്ങളിൽനിന്ന് പലതരം ദേശാടന പക്ഷികൾ എത്തുന്നത്. താമരക്കോഴി, കരിന്തലയൻ ഐബീസ് ഇനത്തിൽ പെട്ട കൊക്കുകൾ, വെള്ളരി കൊക്കുകൾ, എരണ്ടകൾ, കല്ലൻ എരണ്ടകൾ, നീർക്കാക്ക, കുളക്കോഴികൾ തുടങ്ങിയ നീർപക്ഷികളെയും ഇവിടെ കാണാം. വംശനാശ ഭീഷണി നേരിടുന്ന വർണ്ണക്കൊക്ക്, ചേരക്കോഴി, ചട്ടുകകൊക്ക്, പുളിച്ചുണ്ടൻ കൊതുമ്പന്നം, ആളകൾ, പച്ച ഇരണ്ട എന്നീ പക്ഷികൾ ഇവിടെ വിരുന്നിനെത്താറുണ്ട്.
പുത്തൻചിറ-അഷ്ടമിച്ചിറ മാരേക്കാട് പാലം യാഥാർഥ്യമായതോടെ സായാഹ്നങ്ങളിൽ ദൂരെ ദിക്കുകളിൽനിന്നും നിരവധി പേർ ഇവിടെ എത്തുന്നുണ്ട്. ചരിത്രം തുടിച്ചുനിൽക്കുന്ന മാരേക്കാട് കടവിന്റെ ഓർമ നിലനിർത്താൻ കടവോരത്ത് ഒരു, വിശ്രമകേന്ദ്രം, ഓപൺ സ്റ്റേജ് എന്നിവ ആരംഭിക്കണമെന്ന് ആവശ്യമുണ്ട്. മാള-പുത്തൻചിറ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമാണിത്. മാരേക്കാട് കടവ് വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ മുസിരിസ് പൈതൃക പദ്ധതിയിലോ ടൂറിസം വികസന പദ്ധതിയിലോ ഉൾപ്പെടുത്തി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായി വികസിപ്പിക്കാൻ കഴിയുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.