ടൂറിസത്തിൽനിന്ന് വരുമാനം ലക്ഷ്യം വെച്ച് ‘മുസിരിസ് 1000 - എക്സ്പീരിയൻസ്’
text_fieldsകൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതി പ്രദേശത്തെ ജനവിഭാഗങ്ങൾക്ക് ടൂറിസത്തിലൂടെ വരുമാനം ലഭിക്കുന്നതിന് ‘മുസിരിസ് 1000-എക്സ്പീരിയൻസ്’പദ്ധതിക്ക് തുടക്കം കുറിക്കുന്നു. മുസിരിസ് പൈതൃക പ്രദേശത്തിന്റെ തനതായ ജീവിതവും ഭക്ഷണവും കൈത്തൊഴിലുകളും കാലാവസ്ഥയും പ്രകൃതിയും മറ്റും സഞ്ചാരികൾക്ക് അനുഭവവേദ്യമാക്കുന്നതിനുള്ള വേദി ഒരുക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി മുസിരിസ് പദ്ധതി പ്രദേശത്ത് 12 പഞ്ചായത്തുകളിലേയും രണ്ട് മുനിസിപ്പാലിറ്റികളിലേയും വിവിധ ജനങ്ങളെ വിവര ശേഖരണത്തിലൂടെ കണ്ടെത്തും. തുടർന്ന് പ്രഫഷണൽ ട്രെയിനിങ് നൽകി നിശ്ചിത മാനദണ്ഡങ്ങൾക്ക് അനുസൃതമായി മുസിരിസ് ടൂറിസം സർക്യൂട്ടിന്റെ ഭാഗമാക്കും. ഇതിലൂടെ വരുമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തതെന്ന് മാനേജിങ് ഡയറക്ടർ ഷാരോൺ വീട്ടിൽ അറിയിച്ചു.
പാരമ്പര്യ തൊഴിലാളികളായ നെയ്ത്തുകാർ, മൺപാത്രനിർമാണ തൊഴിലാളികൾ, ആഭരണ നിർമാണ തൊഴിലാളികൾ, കൊല്ലപ്പണിക്കാർ, പപ്പട നിർമാണക്കാർ, തെങ്ങുകയറ്റ തൊഴിലാളികൾ, ചെത്തു തൊഴിലാളികൾ, മീൻപിടുത്തക്കാർ, മരപ്പണിക്കാർ തുടങ്ങിയവരും പ്രാദേശികമായ തനത് ഭക്ഷണ വിഭവങ്ങൾ ഒരുക്കുന്നവർ (വീട്ടമ്മമാർ, ചായക്കടകൾ, ഹോട്ടലുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ മുതലായവ), സഞ്ചാരികൾക്ക് താമസസൗകര്യം ഒരുക്കാൻ താൽപര്യമുള്ളവർ (റിസോർട്ടുകൾ, പൈതൃകവീടുകൾ, ഹോംസ്റ്റേകൾ തുടങ്ങിയവ), പ്രാദേശിക കലാകാരന്മാർ (തെയ്യം, തിറ, മോഹിനിയാട്ടം) തുടങ്ങിയവരെയെല്ലാം പദ്ധതിയുടെ ഭാഗമാകും.
വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നവർ (ചെണ്ട, ഇടയ്ക്ക, തുടങ്ങിയവ), കരകൗശല നിർമാണത്തിലും അനുബന്ധ പ്രവർത്തികളിൽ ഏർപ്പെട്ടവർ, പ്രദേശത്തിന്റെ ചരിത്രം വിനോദ സഞ്ചാരികൾക്ക് പകർന്നു നൽകുന്നവർ (ജോലിയിൽനിന്ന് വിരമിച്ചവർ, പ്രാദേശിക ഗൈഡുകൾ, വിദ്യാർഥികൾ, വീട്ടമ്മമാർ, ചരിത്ര തൽപരരായിട്ടുള്ള വിവിധ ഭാഷാ നൈപുണ്യമുള്ളവർ), വിവിധ ടൂറിസം വിനോദോപാതികളും സാഹസിക ടൂറിസത്തിന് അനുയോജ്യമായിട്ടുള്ളതും (കയാക്കിങ്, ചെറുവള്ളങ്ങൾ, ബോട്ടുകൾ, ചെമ്മീൻ കെട്ടുകൾ) തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാകും
പൊക്കാളി പാടങ്ങൾ, നെൽ വയലുകൾ, ഫാം ടൂറിസം, ആയുർവേദം, യോഗ, സർക്കാർ അംഗീകൃത സുഖചികിൽസ സ്ഥാപനങ്ങൾ, മുതലായവ, ആയോധനകലകൾ(കളരിപ്പയറ്റ്), ഡ്രൈവേഴ്സ് (ഓട്ടോ, ടാക്സി, ബസ് മുതലായവ) തുടങ്ങിയ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും പുതുതായി ടൂറിസം മേഖലയിലേക്ക് വരാൻ താൽപര്യം ഉള്ളവർക്കും പ്രഫഷണൽ ട്രെയിനിങ്ങിലൂടെ മുസിരിസ് എക്സ്പീരിയൻസ് സർട്ടിഫൈഡ് പാർട്ണർ ആക്കി മാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.
ഈ സംരംഭകർക്ക് വിനോദസഞ്ചാരികൾ മുസിരിസ് പദ്ധതി പ്രദേശത്ത് സന്ദർശിക്കുമ്പോൾ അവരുടെ ഉൽപന്നങ്ങളും സേവനങ്ങളും നൽകുന്നത് വഴി വരുമാനം ലഭിക്കുന്നതിനുള്ള മാർഗം ഇതിലൂടെ തുറക്കുകയാണ്. ഇതുവഴി മുസിരിസ് പദ്ധതി പ്രദേശത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ആണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.
പരിപാടിയിലേക്ക് സംരംഭകരുടെ വിവരങ്ങൾ സ്വീകരിക്കുന്നത് ഗൂഗിൾ ഫോം വഴിയാണ്. ഇതിനുള്ള അവസാന തീയതി ആഗസ്ത് അഞ്ച് ആണ്. ഗൂഗിൾ ഫോമിനും വിശദവിവരങ്ങൾക്കും അന്വേഷങ്ങൾക്കുമായി ബന്ധപ്പെടേണ്ട നമ്പർ 9037252480, email: muziris@keralatourism.org.