പുതു തലമുറയ്ക്ക് കായിക ലഹരി പകരാൻ പുതിയ കളി സ്ഥലം
text_fieldsപണികൾ പുരോഗമിക്കുന്ന പെരിഞ്ഞനം വെസ്റ്റ് എസ്.എൻ സ്മാരക യു.പി സ്കൂളിന് സമീപത്തെ നിർദിഷ്ട കളിക്കളം
പെരിഞ്ഞനം: രാസ ലഹരിക്കടിമപ്പെടാതെ പുതുതലമുറയെ കായിക ലഹരിയിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ പെരിഞ്ഞനം വെസ്റ്റ് എസ്.എൻ സ്മാരകം യു.പി സ്കൂളിന് സമീപം പൊതുകളിസ്ഥലമൊരുങ്ങുന്നു. സ്കൂളിലെ പൂർവ വിദ്യാർഥികളുടെ ഒരുപതിറ്റാണ്ടുനീണ്ട സ്വപ്നം കൂടിയാണ് ഈ കളിക്കളത്തിലൂടെ യാഥാർഥ്യമാകുന്നത്. പെരിഞ്ഞനം പഞ്ചായത്തിൽ സ്വന്തമായി വിശാലമായ കളിസ്ഥലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
ഇത് യഥാർഥ്യമാക്കണമെന്ന ലക്ഷ്യത്തോടെയാണ് പെരിഞ്ഞനം വെസ്റ്റ് എസ്.എൻ സ്മാരകം യു.പി സ്കൂളിലെ പൂർവ വിദ്യാർഥികൾ അനുയോജ്യമായ സ്ഥലം കണ്ടെത്താനായി ഇറങ്ങി തിരിച്ചത്. 2014ൽ തുടങ്ങിയ ശ്രമം ലക്ഷ്യംകണ്ടത് 10 വർഷങ്ങൾക്ക് ശേഷമാണെന്ന് മാത്രം. അതും സ്കൂളിന് സമീപത്തുതന്നെയുള്ള ഒരേക്കറോളം വരുന്ന വിശാലമായ സ്ഥലവും. സ്ഥലം വാങ്ങാനുള്ള തുക കണ്ടെത്തുകയെന്നത് ശ്രമകരമായിരുന്നെങ്കിലും ബഹുജന പങ്കാളിത്തത്തോടെ അതും യഥാർഥ്യമായി. സ്കൂൾ മാനേജ്മെന്റിന്റെ സംഭാവനയായി 17 സെന്റ് സ്ഥലവും 10 ലക്ഷം രൂപയും ആദ്യം ലഭിച്ചു.
തുടർന്ന് വ്യാപാരി-വ്യവസായികൾ പ്രവാസികൾ തുടങ്ങിയവരിൽനിന്നായി സ്വരൂപിച്ച തുക ഉപയോഗിച്ച് ബാക്കി സ്ഥലവും സ്വന്തമാക്കി. വോളിബാളിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന മണപ്പുറത്ത് നിരവധി ടൂർണമെന്റുകൾ നടത്തിയിട്ടുള്ള ജീവൻ സ്പോർട്സ് ക്ലബിന്റെ കീഴിലാണ് ഈ കളിസ്ഥലം ഏറ്റെടുത്തത്. മയക്കുമരുന്നിലേക്ക് കുട്ടികൾ അടിമപ്പെടാതെ കളിസ്ഥലങ്ങളിൽ അവരുടെ ഊർജം ഉപയോഗിക്കുകയും കായികശേഷി വർധിപ്പിക്കുകയും ഒപ്പം ഭാവി കായികതാരങ്ങളെ വാർത്തെടുക്കാനുമുതകുന്ന തരത്തിൽ കയ്പമംഗലം മണ്ഡലത്തിലെ തന്നെ ആധുനിക സംവിധാനങ്ങളോടെ മികച്ച ഒരു കളിസ്ഥലമൊരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ക്ലബ് ഭാരവാഹിയും മുൻ പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ. സച്ചിത്ത് പറഞ്ഞു. സ്കൂൾ സമയങ്ങളിൽ കുട്ടികൾക്കും മറ്റു സമയങ്ങളിൽ പൊതുജനങ്ങൾക്കും കളിസ്ഥലം തുറന്നുകൊടുക്കും.
28ന് വെള്ളിയാഴ്ച നടക്കുന്ന ലളിതമായ ചടങ്ങിൽ സ്കൂളിലെ 500ലധികം വരുന്ന വിദ്യാർഥികൾ കളിസ്ഥലത്തിലെ ഒരുപിടി മണ്ണ് നെഞ്ചോടു ചേർത്തുപിടിച്ച് ലഹരി വിരുദ്ധ പ്രതിഞ്ജയെടുക്കുന്നതോടെ പെരിഞ്ഞനത്തിന്റെ കായിക വളർച്ചയുടെ പുതിയൊരധ്യായത്തിനും തുടക്കമാകും.