ഓണത്തിന് ഷംസുദ്ദീന്റെ ചെണ്ടുമല്ലി സൗരഭ്യം
text_fieldsഷംസുദ്ദീൻ തന്റെ ചെണ്ടുമല്ലി കൃഷിയിടത്തിൽ
പഴയന്നൂർ: ഓണത്തിന് പൂക്കളമൊരുക്കാൻ തമിഴ്നാട്ടിൽ നിന്നെത്തുന്ന ചെണ്ടുമല്ലി പൂക്കൾ തേടി ഇനി നാട്ടുകാർ അലയേണ്ട. ഓണപൂക്കളമൊരുക്കാൻ വെന്നൂർ നീലിപ്പാടം പാറപ്പാറ ഷംസുദ്ദീന്റെ (41) കൃഷിയിടത്തിൽ ചെണ്ടുമല്ലി പൂത്തുലഞ്ഞ് സൗരഭ്യം പടർത്തി നിൽപ്പുണ്ട്. കൃഷിയെ മാത്രം ആശ്രയിച്ചു ജീവിതം നയിക്കുന്ന ഈ കുടുംബം കൂവ കൃഷി ചെയ്യുന്നതിന്റെ ഇടവേളയിലാണ് ചെണ്ടുമല്ലി പരീക്ഷിക്കാൻ തീരുമാനിച്ചത്.
കുമ്പളക്കോട് ഭജനമഠം ഭാഗത്ത് പാട്ടത്തിനെടുത്ത രണ്ടരയേക്കർ കൃഷിയിടത്തിൽ കൂവയും ബാക്കി ഭാഗത്ത് ചെണ്ടുമല്ലിയുടെ 1400 തൈകളും നട്ടു. എല്ലാം തന്നെ പൂത്ത് നിറക്കാഴ്ചയൊരുക്കി നിൽക്കുന്നുണ്ട്.. മഞ്ഞ, ഓറഞ്ച് പൂക്കളാണ് വിരിഞ്ഞത്. കൃഷിയിടത്തിലെ ഒരുവിധം ജോലികളെല്ലാം കുടുംബം തനിച്ചാണ് ചെയ്യുന്നത്. ചെണ്ടുമല്ലിയുടെ ആദ്യകൃഷി അനുഭവമാണ് ഷംസുദ്ദീനും ഭാര്യ ഷെബീനക്കും.
പൂന്തോട്ടത്തിനോട് ചേർന്ന് കൊച്ചു ഷെഡ് കെട്ടി താമസിച്ചാണ് ഇവർ കൃഷി പരിപാലിക്കുന്നത്. ചെണ്ടുമല്ലി പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് കാണാൻ ആളുകൾ എത്തുന്നുണ്ട്. കൃഷിയുടെ അധ്വാനത്തിനിടയിൽ പൂക്കൾ വിരിഞ്ഞുനിൽക്കുന്നത് മനസ്സ് നിറക്കുന്ന കാഴ്ചയാണെന്ന് ഷംസുദ്ദീൻ പറയുന്നു.
ആദ്യ കൃഷിയിലെ വിജയം പരീക്ഷിച്ചറിഞ്ഞ ശേഷം വരുംകൊല്ലങ്ങളിൽ ചെണ്ടുമല്ലി കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം. ഓണം സീസണിൽ ഒരു കിലോ ചെണ്ടുമല്ലിക്ക് 120 രൂപ മുതൽ 300 രൂപ വരെ വില വരാറുണ്ട്. ഓണത്തിന് ചെണ്ടുമല്ലി പൂക്കൾ തേടി ആവശ്യക്കാരെത്തുമെന്ന പ്രതീക്ഷയിലാണ് ഷംസുദ്ദീനും കുടുംബം.