ഒന്നും പാഴല്ല; കിട്ടിയതിലെല്ലാം കരവിരുത് തീർക്കും സീന
text_fieldsസിമന്റും പാഴ് വസ്തുക്കളും കൊണ്ട് നിർമിച്ച വിമാനത്തിനരികിൽ സീന
കയ്പമംഗലം: ഭർത്താവ് പറക്കുന്ന വിമാനം അടുത്തു കണ്ടിട്ടില്ലെങ്കിലും അതിന്റെ മാതൃക ഒരുക്കണമെന്ന് ആഗ്രഹമുദിച്ചപ്പോൾ സീനക്ക് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. വീട്ടിലും പരിസരത്തുമുള്ള പാഴ് വസ്തുക്കൾ മതി കയ്പമംഗലം കൂരിക്കുഴി പുതിയ വീട്ടിൽ സീന സലാമിന് കരകൗശലവസ്തുക്കളൊരുക്കാൻ. ഭർത്താവ് അബ്ദുൽ സലാം കുവൈത്തിലാണ് ജോലി ചെയ്യുന്നത്. കുവൈത്ത് എയർവേയ്സിന്റെ വിമാനം ഇത്തരത്തിൽ നിർമിക്കണമെന്ന ആഗ്രഹമാണ് അടുത്തിടെ പൂർത്തിയായ വിമാന നിർമാണത്തിലേക്ക് നയിച്ചതെന്ന് സീന പറഞ്ഞു.
പാഴ്വസ്തുക്കൾ ഉപയോഗിച്ച് വീട്ടുമുറ്റം നിറയെ കരകൗശല കാഴ്ചയൊരുക്കുകയാണ് സീന. ഉപയോഗശൂന്യമായതെന്തുകൊണ്ടും ഒറിജിനലിനോട് കിടപിടിക്കുന്ന മാതൃകകൾ ഒരുക്കും ഈ വീട്ടമ്മ. വിമാനം, അരയന്നങ്ങൾ, കൊക്കുകൾ, വഞ്ചി, പൂന്തോട്ടം നിറയെ വൈവിധ്യമാർന്ന ചെടിച്ചെട്ടികൾ, ഇരിപ്പിടങ്ങൾ, വെള്ളച്ചാട്ടമുൾപ്പെടെയുള്ള കൃത്രിമക്കുളം എന്നിങ്ങനെ വീട്ടുമുറ്റത്ത് വിസ്മയക്കാഴ്ചയുടെ ഒരു നീണ്ട നിര തന്നെ ഒരുക്കിയിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ കുട്ടികളുടെ പാർക്കിൽ ചെന്ന അനുഭവം.
കോവിഡ് കാലത്ത് ചെടിച്ചെടികൾ നിർമിച്ചാണ് തുടക്കം. പിന്നീടാണ് പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമാണപ്രവർത്തനങ്ങളിലേക്ക് കടക്കുന്നത്. കെട്ടിട നിർമാണ അവശിഷ്ടങ്ങൾ, ഉപയോഗശൂന്യമായ പൈപ്പുകൾ, കമ്പികൾ, ടയറുകൾ, തുണി, പ്ലാസ്റ്റിക്, വീട്ടിലെ മറ്റ് ഉപയോഗശൂന്യമായ വസ്തുക്കൾ തുടങ്ങിയവയെല്ലാം സീനക്ക് അസംസ്കൃത വസ്തുക്കളാണ്.
നിർമിക്കാനുപയോഗിക്കുന്നവയുടെ ഫോട്ടോ ശേഖരിക്കലാണ് ആദ്യ ഘട്ടം. പിന്നീട് സിമന്റ്, മണ്ണ്, പാഴ് വസ്തുക്കൾ എന്നിവ പ്രത്യേക അനുപാതത്തിൽ ചേർത്ത് നിർമാണം തുടങ്ങും. കരവിരുത് കണ്ടും കേട്ടുമറിഞ്ഞ് നിരവധി പേർ വീട്ടുമുറ്റത്തെ കൗതുക കാഴ്ചകൾ കാണാനെത്തുന്നുമുണ്ട്. ഭർത്താവും മക്കൾ മൂന്ന് പേരും പിന്തുണയുമായി ഒപ്പമുണ്ട്.