ഇനി പാടാം, ആടാം... ആനവണ്ടിയിലെ ഉല്ലാസ യാത്രയില്‍
text_fieldsഗുരുവായൂര്‍ ഡിപ്പോയില്‍ നിന്നുള്ള ബജറ്റ് ടൂറിസം ഉല്ലാസ യാത്രാസംഘം
ഗുരുവായൂര്‍: ആനവണ്ടിയിലെ ബജറ്റ് ടൂറിസം ഉല്ലാസയാത്ര ‘പൊളിയാണ്’; പക്ഷേ.... വിനോദയാത്രയുടെ അവിഭാജ്യ ഘടകമായ പാട്ടില്ലാത്തതിനാല്‍ യാത്ര ‘അത്ര കളറല്ല’ എന്നായി ചിലര്‍. ‘നമ്മുടെ സ്വന്തം ആന വണ്ടിയല്ലേ... പാട്ടില്ലെങ്കില്‍ ആ കുറവ് നമ്മള് നികത്തേണ്ടേ’ എന്നായി യാത്രാസംഘത്തിലെ ചില അംഗങ്ങള്‍. അങ്ങനെ ഉല്ലാസ യാത്രക്കാരുടെ കൂട്ടായ്മ ഒത്തുചേര്‍ന്ന് ആനവണ്ടിക്കൊരു മ്യൂസിക് സിസ്റ്റം സമ്മാനിക്കാന്‍ തീരുമാനിച്ചു.
അമ്പതും നൂറുമൊക്കെയായി സംഭാവനകള്‍ പ്രവഹിച്ചതോടെ ഉല്ലാസ യാത്ര പോകുന്ന ആനവണ്ടിയിലൊരു കിടിലന്‍ മ്യൂസിക് സിസ്റ്റം എന്ന സ്വപ്നം യാഥാർഥ്യമായി. 13500 രൂപയുടെ മ്യൂസിക് സിസ്റ്റമാണ് വാങ്ങി നൽകിയത്. ഗുരുവായൂര്‍ ഡിപ്പോയില്‍നിന്ന് ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ഓടുന്ന ബസിലേക്ക് ഉല്ലാസ യാത്രാംഗങ്ങള്‍ ഒത്തുചേര്‍ന്ന് വാങ്ങിയ മ്യൂസിക് സിസ്റ്റം ബുധനാഴ്ച കൈമാറും. രാവിലെ 11ന് കെ.എസ്.ആര്.ടി സ്റ്റാന്‍ഡില്‍ നടക്കുന്ന ചടങ്ങിലാണ് മ്യൂസിക് സിസ്റ്റം കൈമാറുന്നത്.
നവംബര്‍ 24ന് ഗുരുവായൂരില്‍ നിന്നും ആരംഭിച്ച ബജറ്റ് ടൂറിസം സര്‍വിസിനാണ് യാത്രാംഗങ്ങളുടെ കൂട്ടായ്മ മ്യൂസിക് സിസ്റ്റം സമ്മാനിക്കുന്നത്. യാത്രാസംഘത്തിലെ ഒരാളായ സദാശിവന് മധുക്കരയുടെ നേതൃത്വത്തിലാണ് മ്യൂസിക് സിസ്റ്റം വാങ്ങാൻ ശ്രമം നടത്തിയത്. എന്തായാലും ഇനി ഗുരുവായൂരില്‍ നിന്നുള്ള ആന വണ്ടിയിലെ ഉല്ലാസയാത്ര അടിപൊളിയാകും.... നെല്ലിയാമ്പതി, കാന്തല്ലൂര്‍, മലക്കപ്പാറ, ഗവി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ട്രിപ്പുകളുള്ളത്.