പുത്തൂർ തിരിച്ചുപിടിക്കാൻ കോൺഗ്രസ്; ഭരണം നിലനിർത്താൻ എൽ.ഡി.എഫ്
text_fieldsഒല്ലൂർ: ജില്ലയിലെ മലയോരഗ്രാമമായ പുത്തൂരിലെ ഭരണം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എല്‍.ഡി.എഫ്. ഭരണം തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ ഇത്തവണ മത്സരത്തിന് വീറും വാശിയും കൂടുതലാണ്. കഴിഞ്ഞ രണ്ട് ടേമിലും എൽ.ഡി.എഫ് ഭരണത്താൽ ജനങ്ങൾക്ക് ഒരു നേട്ടവും ഉണ്ടായിട്ടില്ല എന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ വികസനത്തിന്റെ നീണ്ട പട്ടികയാണ് എല്‍.ഡി.എഫ് ഉയര്‍ത്തുന്നത്.
സുവോളജിക്കല്‍ പാര്‍ക്ക് യാഥാർഥ്യമായ അഭിമാനത്തിലാണ് ഇടതുപക്ഷം. ജനുവരിയില്‍ ഇത് തുറന്ന് കൊടുക്കുന്നതോടെ വന്‍ വികസനസാധ്യതകളാണ് പുത്തൂര്‍ ജനത പ്രതീക്ഷിക്കുന്നത്. ഇത് എത്രകണ്ട് പ്രാവര്‍ത്തികമാകും എന്ന സംശയത്തിലാണ് കോണ്‍ഗ്രസ്.
പുത്തൂരിൽ പുതിയ പാലവും വീതികൂടിയ റോഡുമെത്തി. സമീപ റോഡുകളെല്ലാം ബി.എം.ബി.സി നിലവാരത്തിലായി. മാന്ദാമംഗലത്തെ ഇറിഗേഷന്‍ ഭൂമിയില്‍ ഒരുങ്ങുന്ന തിയറ്റര്‍ സമുച്ചയം, മലയോര മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി ഉപ്പുണിച്ചിറ, തുളിയംകുന്ന്ച്ചിറ, കല്ലിങ്ങച്ചിറ, ചുള്ളിക്കാവ്ച്ചിറ എന്നിവ ശുദ്ധീകരിച്ച് കുടിവെള്ള പദ്ധതികളിലുടെ ജലക്ഷാമത്തിന് പരിഹാരം കണ്ടെത്താനായി എന്ന് പറയുന്നു.
കല്പട തോടിന്റെ നവീകരണം, മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനും വേണ്ട സംവിധാനങ്ങൾ എന്നിവയുമായി. ലൈഫ് പദ്ധതിയിലുടെ എസ്.ടി, എസ്.സി വിഭാഗത്തിലെ 108 പേര്‍ക്ക് വീട് നിർമിച്ച് നല്‍കി. മൊത്തം 505 വീടുകളാണ് ലക്ഷ്യം വെക്കുന്നത്. ബാക്കി വീടുകളുടെ നിർമാണം പുരോഗമിക്കുകയാണ്. പഴയ ലക്ഷംവീടുകള്‍ മരത്താക്കരയില്‍ 39 വീടുകളും പൊന്നുക്കരയില്‍ 11 വീടുകളും ഒറ്റവിടുകളാക്കി പുനര്‍നിർമിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്‍ അവകാശപ്പെട്ടു.
എന്നാല്‍ സുവോളജിക്കല്‍ പാര്‍ക്ക് യാഥാർഥ്യമാകുന്നതോടെ പുത്തൂര്‍ കുപ്പത്തോട്ടിയാകുമെന്നാണ് പ്രതിപക്ഷ നേതാവ് ടി.കെ. ശ്രീനിവാസന്റെ വാദം. വിനോദ നികുതി ഇനത്തിലോ പാര്‍ക്കിങ്ങ് ഇനത്തിലോ പ്രാദേശിക ഭരണ സമിതിക്ക് ഫണ്ട് ലഭിക്കില്ല. പ്രാദേശികമായി തൊഴില്‍ ലഭിക്കും എന്ന വാഗ്ദാനവും പ്രവര്‍ത്തികമായിട്ടില്ല. പുത്തൂരില്‍ തുടങ്ങും എന്ന് അവകാശപ്പെട്ടിരുന്ന കായല്‍ ടൂറിസം, മലയോര ഹൈവേ, ക്യഷിഭവന്‍, ശ്മശാനം എന്നിവയെല്ലാം ഇന്നും കടലാസിലാണെന്നും ശ്രീനിവാസന്‍ ആരോപിക്കുന്നു.
ഇത്തവണ എൽ.ഡി.എഫിൽ 19 സീറ്റ് സി.പി.എമ്മിനും നാല് സീറ്റ് സി.പി.ഐക്കും ഒരു സീറ്റ് കേരള കോൺഗ്രസിനുമാണ്. എന്നാൽ 24 സീറ്റുകളിലും കോൺഗ്രസ് ആണ് മത്സരിക്കുന്നത്.


