സ്വിഫ്റ്റ് ബസ് ഡിവൈഡറിൽ ഇടിച്ചുകയറി
text_fieldsതലോറില്‍ ഡിവൈഡറില്‍ ഇടിച്ചുകയറിയ കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസ്
ഒല്ലൂര്‍: തലോറില്‍ കെ.എസ്.ആര്.ടി.സി സ്വിഫ്റ്റ് ബസ് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറി. ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെ തിരുവനന്തപുരത്ത് നിന്ന് പൊന്നാനിയിലേക്ക് വന്ന ബസാണ് അപകടത്തിൽപെട്ടത്.
ആര്‍ക്കും പരിക്കില്ല. തലോറില്നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടടുത്തുള്ള വലിയ വളവില്‍ ഉയരം കുറച്ച് സ്ഥാപിച്ചിട്ടുള്ള ഡിവൈഡറിലെക്കാണ് ബസ് കയറിയത്. കുത്തനെയുള്ള വളവും ഡിവൈഡറിന്റെ ഉയരക്കുറവും റോഡിന്റെ വീതിക്കുറവും മൂലം ഇവിടെ സ്ഥിരം അപകടം സംഭവിക്കാറുണ്ട്. ഇതിന് സമാനമായ വളവാണ് ഒല്ലൂര്‍ ചിരാച്ചിയിലും. ഇവിടെയും രാത്രികളില്‍ അപകടം സംഭവിക്കാറുണ്ട്.
റോഡിന്റെ വീതികുറവാണ് മുഖ്യകാരണം. ഇരുസ്ഥലങ്ങളിലും റോഡിന് വീതി കൂട്ടാന്‍ നടപടി ആവശ്യപ്പെടുന്നുണ്ടെങ്കിലും അപകടം സംഭവിക്കുമ്പോള്‍ മാത്രം എന്തെങ്കിലും ചെയ്തു എന്ന് വരുത്തുന്നതല്ലാതെ പ്രശ്നത്തിന് ശ്വാശത പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.