മോഷ്ടിക്കാനൊന്നും കിട്ടിയില്ല; പാലും ബിസ്കറ്റും കഴിച്ച് കള്ളൻ മടങ്ങി
text_fieldsഒല്ലൂർ: സെന്റ് മേരീസ് ഹൈസ്കൂളിൽ മോഷ്ടിക്കാനെത്തിയ മോഷ്ടാവ് ഒന്നും ലഭിക്കാതായപ്പോൾ ഭക്ഷണം കഴിച്ച് മടങ്ങി. സെന്റ് മേരീസ് ഹൈസ്കൂളിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ഓഫിസ് മുറിയിലും അധ്യാപകരുടെ മുറിയിലും കയറിയ മോഷ്ടാവ് എല്ലാ മേശകളും അലമാരികളും പരിശോധിച്ചു.
മുഖം മൂടി ധരിച്ചും കൈയുറ ധരിച്ചുമായിരുന്നു തെരച്ചിൽ. ഒന്നും ലഭിക്കാതായതോടെ ഓഫിസ് മുറിയോട് ചേർന്ന മുറിയിലെ ഫ്രിഡ്ജിൽ പത്താം ക്ലാസ് കുട്ടികൾക്കായി സൂക്ഷിച്ചിരുന്ന പാലും ബിസ്കറ്റും എടുത്ത് ഭക്ഷിച്ചു. ഭക്ഷണം കഴിക്കാൻ അരമണിക്കൂറോളം മുഖംമൂടി മാറ്റി. ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ ലഭിച്ചു. സ്കൂളിൽ പണം സൂക്ഷിച്ചിരുന്നില്ല. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും പരിശോധനക്ക് എത്തിയിരുന്നു.