ഒാണാരവം
text_fieldsതുമ്പൂർമുഴിയിൽ ഓണവില്ല് തെളിഞ്ഞു
അതിരപ്പിള്ളി: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും അതിരപ്പിള്ളി വാഴച്ചാൽ തുമ്പൂർമുഴി ഡി.എം.സിയും സംയുക്തമായി തുമ്പൂർമുഴി ഗാർഡനിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയായ ഓണവില്ല് 2023 ന് തുടക്കമായി. ഇതിന്റെ ഭാഗമായി തുമ്പൂർമുഴി ഗാർഡൻ ആകർഷകമായി ദീപാലങ്കാരം നടത്തി. വിവിധയിനം സ്റ്റാളുകൾ, കലാസാംസ്കാരിക പരിപാടികൾ എന്നിവ നടക്കും.
30,31, 1 തീയതികളിൽ വൈകീട്ട് നാലുമുതൽ പ്രാദേശിക കലാകാരന്മാരുടെ പരിപാടികൾ, നാടൻപാട്ടുകളും നാടൻ കലാരൂപങ്ങളും, കരോക്കെ ഗാനമേള തുടങ്ങിയവ ഉണ്ടാകും. ഓണാവധിക്കാലത്ത് ഗാർഡനിലേക്ക് സഞ്ചാരികൾക്ക് ആറ് വരെ പ്രവേശനം അനുവദിക്കും. ഏഴ് വരെയായിരിക്കും സന്ദർശന സമയം. ഗാർഡനിലെയും തൂക്കുപാലത്തിലെയും ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആതിര ദേവരാജൻ നിർവഹിച്ചു. ഈ മാസം 27 മുതൽ സെപ്റ്റംബർ മൂന്നുവരെ നീളുന്നതാണ് ഓണാഘോഷ പരിപാടികൾ.
മേലൂരിൽ ‘പുലി’യിറങ്ങി
ചാലക്കുടി: വനമേഖലയിൽ നിന്ന് പുലിയിറങ്ങുന്ന മേലൂർ നാട്ടിൽ ‘പുലിക്കൂട്ടം’ ഇറങ്ങി. അതോടെ മേലൂർ പഞ്ചായത്തിൽ ഓണാഘോഷങ്ങൾക്ക് ആവേശകരമായ തുടക്കമായി. മേലൂർ വിക്ടറി ക്ലബിന്റെ നേതൃത്വത്തിൽ വർണശബളമായ സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു. പുലിക്കളിയും നാടൻ കലാരൂപങ്ങളും നാടിനെ ആകർഷിച്ചു. പള്ളിനട ജങ്ഷനിൽ ചെണ്ടമേളത്തിനൊപ്പം പുലികൾ തിമിർത്താടിയപ്പോൾ നാട്ടുകാരും കൂടെ ചേർന്ന് ഗംഭീരാഘോഷമാക്കി.
മേലൂർ പൂലാനിയിലെ നവമാറ്റൊലി കുട്ടിലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തിയ ഓണാഘോഷം 'ആരവം 2023' കവിയും സാംസ്കാരിക പ്രവർത്തകനുമായ ജോയ് ജോസഫ് ഉദ്ഘാടനം ചെയ്തു. അയനപ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാറിന്റെ മികച്ച വിദ്യാർഥി കർഷക അവാർഡ് നേടിയ എയ്സൽ കൊച്ചുമോനെ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികൾ, മത്സരങ്ങൾ, ഓണസദ്യ എന്നിവ സംഘടിപ്പിച്ചു. ടി.എസ്. മനോജ്, പി.എസ്. സേതുലക്ഷ്മി, വി.വി. അരവിന്ദാക്ഷൻ, എം.എസ്. അഭിഷേക്, ആഷിക് ആനന്ദ്, എം.പി. ശ്രീവിദ്യ, പി.എസ്. ലയന എന്നിവർ സംസാരിച്ചു.