മെഡി. കോളജിൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ മുടങ്ങുന്നു
text_fieldsതൃശൂർ: ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് തൃശൂർ മെഡിക്കൽ കോളജാശുപത്രിയിലുള്ളത് മതിയായ പ്രവർത്തന പരിചയമില്ലാത്ത പെർഫ്യൂഷനിസ്റ്റ്. പിഴവുകൾ ആവർത്തിക്കപ്പെട്ടതോടെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നിർത്തിവെച്ചിട്ട് ഒരു മാസമായി. ഒരു മാസം എട്ട് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ നടന്നിരുന്ന തൃശൂർ മെഡിക്കൽ കോളജിലാണ് ഈ സ്ഥിതി. ഒരു മാസം കഴിഞ്ഞിട്ടും കാര്യക്ഷമതയുള്ള ജീവനക്കാരെ നിയമിക്കാനോ ശസ്ത്രക്രിയ പുനരാരംഭിക്കാനോ നടപടിയില്ല.
ആശുപത്രി വികസന സമിതി (എച്ച്.ഡി.എസ്) വഴി നിയമിച്ച പെർഫ്യൂഷനിസ്റ്റിന് കാര്യക്ഷമതയില്ലെന്നും ഇവരെ ഉപയോഗിച്ച് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്താനാകില്ലെന്നും വ്യക്തമാക്കി വകുപ്പ് മേധാവി രണ്ടിലധികം തവണ കോളജ് പ്രിൻസിപ്പലിന് കത്ത് നൽകിയിരുന്നു. ഒരു വർഷം മുമ്പ് നിയമിച്ച പെർഫ്യൂഷനിസ്റ്റിന്റെ കാലാവധി ആറ് മാസം കഴിഞ്ഞതോടെ അവസാനിച്ചിരുന്നു. പുതുക്കി നൽകരുതെന്നും ആവശ്യപ്പെട്ടിരുന്നു. ഇവ പരിഗണിക്കാതെ രാഷ്ട്രീയ പരിഗണനകൾ വെച്ച് തുടരാൻ അനുവദിക്കുകയായിരുന്നെന്നും ആക്ഷേപമുണ്ട്.
2025ൽ രണ്ട് തവണ പ്രിൻസിപ്പലിന് കത്ത് നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർച്ചയായി പിഴവുകളുണ്ടായതോടെയാണ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ നിർത്തിവെക്കാൻ നിർബന്ധിതമായതെന്ന് 2025 ജൂൺ ആദ്യം പ്രിൻസിപ്പലിന് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാൻ സമിതിയെ നിയോഗിച്ചിരുന്നുവെങ്കിലും ഫലമുണ്ടായില്ല. പ്രവൃത്തിപരിചയമുള്ള പെർഫ്യൂഷനിസ്റ്റിനെ നിയമിച്ചാൽ മാത്രമേ ശസ്ത്രക്രിയ പുനരാരംഭിക്കാൻ സാധിക്കൂവെന്ന് കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് വിഭാഗം വകുപ്പ് മേധാവി വ്യക്തമാക്കിയിട്ടുണ്ട്.
ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടക്കുമ്പോൾ രക്തം എത്തിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്യുന്ന യന്ത്രം പ്രവർത്തിപ്പിക്കുന്ന ജോലിയാണ് പെർഫ്യൂഷനിസ്റ്റിന്റേത്. ജനുവരി മുതൽ മേയ് അവസാനം വരെ 32 ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകളാണ് തൃശൂർ മെഡിക്കൽ കോളജിൽ നടന്നത്. ഓരോ മാസവും ശസ്ത്രക്രിയ ആവശ്യമുള്ള 60ലധികം രോഗികളാണ് എത്തുന്നത്. ഇവർക്കെല്ലാം മാസങ്ങൾ കഴിഞ്ഞുള്ള തീയതിയാണ് ലഭിച്ചിരുന്നത്. ഇതിനിടെയാണ് കാര്യക്ഷമതയില്ലാത്ത പെർഫ്യൂഷനിസ്റ്റ് മൂലം ഒരു മാസമായി ശസ്ത്രക്രിയ മുടങ്ങിയത്.
അഞ്ച് കോടി ചെലവിൽ ഐ.സി.യു, ആറ് വെന്റിലേറ്ററുകൾ; ജീവനക്കാരുടെ കുറവ് തടസ്സം
12 നഴ്സുമാരെ കൂടി നിയമിച്ചാൽ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ സുഗമമാകും
ആറ് ബെഡ് ഐ.സി.യു, ആറ് വെന്റിലേറ്റർ, ആറ് പേസിങ് ബോക്സ്... തൃശൂർ മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗത്തിൽ അടിസ്ഥാന സൗകര്യങ്ങളെല്ലാമുണ്ട്. ഇല്ലാത്തത് മതിയായ ജീവനക്കാരും പോസ്റ്റ് ഓപറേറ്റിവ് വാർഡിൽ ഓക്സിജൻ മാസ്ക് പോലെ അത്യാവശ്യ സംവിധാനങ്ങളും മാത്രം. എന്നാൽ, ഒമ്പതു വർഷമായി അഞ്ച് ഐ.സി.യു ബെഡ്, അഞ്ച് വെന്റിലേറ്റർ, അഞ്ച് പേസിങ് ബോക്സ് എന്നിവ വെറുതെ കിടക്കുകയാണ്. അഞ്ചു കോടി രൂപ ചെലവഴിച്ച് ഒമ്പതു വർഷം മുമ്പ് സജ്ജീകരിച്ച ഹൃദ്രോഗ വിഭാഗം ഐ.സി.യുവിലാണ് ഈ സ്ഥിതി. ഒരു അനസ്തറ്റിസ്റ്റിനെയും 12 നഴ്സുമാരെയും കൂടി നിയമിച്ചാൽ ദിവസം ഹൃദയം തുറന്നുള്ള രണ്ട് വീതം ശസ്ത്രക്രിയകൾ നടത്താമെന്ന് ഈ വിഭാഗത്തിലെ ഡോക്ടർ നേരത്തേ ഉന്നത അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ, നടപടിയുണ്ടായില്ല.
ഒരാഴ്ച ശരാശരി പത്ത് ശസ്ത്രക്രിയകൾ നടത്താൻ സാധിക്കുന്നിടത്ത് നിലവിൽ നടന്നിരുന്നത് രണ്ട് ശസ്ത്രക്രിയകൾ മാത്രമാണ്. അതും ഒരു മാസമായി നിലച്ചു. മറ്റു വിഭാഗങ്ങളിൽനിന്ന് അനസ്തറ്റിസ്റ്റിന്റെ സേവനം ലഭ്യമാക്കിയാണ് ശസ്ത്രക്രിയ നടന്നിരുന്നത്. പോസ്റ്റ് ഓപ്പറേറ്റിവ് വാർഡിൽ ഓക്സിജൻ മാസ്ക് അടക്കം സൗകര്യങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ ഡിസ്ചാർജ് ചെയ്യുന്നത് വരെ ഐ.സി.യുവിൽ തന്നെ തുടരാൻ അനുവദിക്കേണ്ടിവരുന്നു.
സ്വകാര്യ ആശുപത്രികളിൽ നാലു ലക്ഷം രൂപക്ക് മുകളിൽ ചെലവു വരുന്ന ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ, തൃശൂർ മെഡിക്കൽ കോളജിൽ ആരോഗ്യ ഇൻഷുറൻസ് കാർഡുള്ളവർക്ക് സൗജന്യമാണ്. ഇൻഷുറൻസ് ഇല്ലാത്തവർക്ക് 75,000 രൂപ മുതൽ 1.17 ലക്ഷം രൂപ വരെയാണ് ചെലവ്. തൃശൂരിന് പുറമെ പാലക്കാട്, മലപ്പുറം ജില്ലകളിൽനിന്ന് അടക്കമുള്ള രോഗികളാണ് ഇവിടേക്ക് എത്തുന്നത്. എന്നാൽ, ആറ് മാസത്തിലധികം കാത്തിരുന്നാൽ പോലും ഇപ്പോൾ ശസ്ത്രക്രിയ നടക്കാത്ത സ്ഥിതിയാണ്.
ശസ്ത്രക്രിയ നിശ്ചയിച്ചാൽ മൂന്ന് മാസത്തിനുള്ളിൽ നടത്തണമെന്നാണ് ഹൃദ്രോഗ വിദഗ്ധർ വ്യക്തമാക്കുന്നത്. ആ സ്ഥാനത്താണ് ആറും എട്ടും മാസം നീളുന്നത്. കേരളത്തിൽ ആദ്യമായി സർക്കാർ സംവിധാനത്തിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളജിൽ നടന്നപ്പോൾ ഒപ്പമുണ്ടായിരുന്ന ഡോക്ടറാണ് ഇപ്പോൾ തൃശൂരിലുള്ളത്. കോഴിക്കോട്, പരിയാരം അടക്കം മെഡിക്കൽ കോളജുകളിലെ വർഷങ്ങളുടെ പ്രവർത്തന പരിചയവുമുണ്ട്.