Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ​ന​മ്പി​ള്ളി...

പ​ന​മ്പി​ള്ളി ഗോ​വി​ന്ദ മേ​നോ​ൻ; കൊച്ചി രാജ്യത്ത് സ്വാതന്ത്ര്യ സമരത്തിന് കരുത്തുപകർന്ന ചാലക്കുടിക്കാരൻ

text_fields
bookmark_border
പ​ന​മ്പി​ള്ളി ഗോ​വി​ന്ദ മേ​നോ​ൻ; കൊച്ചി രാജ്യത്ത് സ്വാതന്ത്ര്യ സമരത്തിന് കരുത്തുപകർന്ന ചാലക്കുടിക്കാരൻ
cancel
camera_alt

പ​ന​മ്പി​ള്ളി ഗോ​വി​ന്ദ മേ​നോ​ൻ

ചാലക്കുടി: പഴയ കൊച്ചി രാജ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് വീര്യം പകർന്നത് ചാലക്കുടിക്കാരനായ പനമ്പിള്ളി ഗോവിന്ദ മേനോനാണ്. ചാലക്കുടി, തൃശൂർ, എറണാകുളം എന്നീ പ്രദേശങ്ങളടങ്ങുന്ന മധ്യകേരളമാണ് അദ്ദേഹത്തിന്‍റെ സ്വാതന്ത്ര്യ പോരാട്ടത്തിന്‍റെ തട്ടകങ്ങളായിരുന്നത്.

സ്വന്തം രാജ്യം എങ്ങനെയാവണം എന്നതിനെക്കുറിച്ച് സ്വന്തമായ സങ്കൽപങ്ങളുള്ള മികച്ച രാഷ്ട്രതന്ത്രജ്ഞൻ, ദീർഘവീക്ഷണമുള്ള ഭരണാധികാരി എന്നീ നിലകളിലാണ് അദ്ദേഹം അടയാളപ്പെട്ടത്. മികച്ച വായനക്കാരൻ, വാഗ്മി, മരുമക്കത്തായത്തിനെതിരെ നിലയുറപ്പിച്ച പുരോഗമനവാദി, തിരു -കൊച്ചിയുടെ മുഖ്യമന്ത്രി, ഇന്ദിരക്കൊപ്പം ബാങ്കുകളെ ദേശാസാത്കരിച്ച ശക്തനായ കേന്ദ്ര മന്ത്രി, കെ. കരുണാകരന്‍റെ രാഷ്ട്രീയ ഗുരു എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് ചരിത്രം പനമ്പിള്ളി ഗോവിന്ദ മേനോന് ചാർത്തിക്കൊടുത്തത്.

അതുകൊണ്ടുതന്നെ ഒരു സ്വാതന്ത്ര്യ സമര നായകൻ എന്ന നിലയിലുള്ള സ്ഥാനം പലപ്പോഴും കാണാതെപോകുന്നുണ്ട്.

എറണാകുളത്ത് മഹാരാജാസ് സ്കൂളിൽ പഠിക്കുമ്പോഴാണ് അദ്ദേഹം സ്വതന്ത്ര്യ സമരത്തിൽ ആകൃഷ്ടനാകുന്നത്.

ചാലക്കുടി കാടുകുറ്റി പഞ്ചായത്തിലെ കക്കാട് ഗ്രാമത്തിൽ ജനിച്ച പനമ്പിള്ളി എറണാകുളത്ത് മൂത്ത സഹോദരിയുടെയും ഭർത്താവിന്‍റെയും കൂടെയാണ് താമസിച്ചിരുന്നത്. രണ്ട് മുതൽ പാലിയം സ്കൂളിൽ ഏഴാം ക്ലാസ് വരെ പഠിച്ചു. മഹാരാജാസിൽ എത്തിയപ്പോൾ സ്വാതന്ത്ര്യാവേശം പെരുകിയത് വിനയായി. ഖദർ വസ്ത്രങ്ങൾ ധരിച്ചാണ് പഠിക്കാൻ പോയിരുന്നത്. സ്കൂളിലെ നോട്ടപ്പുള്ളിയാകാൻ അധികം താമസിച്ചില്ല. മിടുക്കനായ അദ്ദേഹത്തെ ഒമ്പതാം ക്ലാസിൽ സ്കൂൾ അധികൃതർ മനഃപൂർവം തോൽപിച്ചു. തോൽക്കാൻ മനസ്സില്ലാത്ത അദ്ദേഹം ചാലക്കുടിയിൽ മടങ്ങിയെത്തി ഗവ. ഹൈസ്കൂളിൽ വന്ന് ചേർന്ന് പഠിച്ചു. എന്നാൽ, അദ്ദേഹം ഇവിടെയും വെറുതെയിരുന്നില്ല.

വിദ്യാർഥികളടക്കം യുവജനങ്ങളിൽ സ്വാതന്ത്ര്യ സമരാവേശം പകർന്നു. മഹാകവി രവീന്ദ്രനാഥ ടാഗോർ ആലുവയിലെ ഒരു സമ്മേളനത്തിലേക്ക് ചാലക്കുടി വഴി പോകുന്നതറിഞ്ഞ് സഹപാഠികളെയും കൂട്ടി അദ്ദേഹത്തെ കാണാൻ പോയി. എന്നാൽ, അതിന് അധികാരികൾ അദ്ദേഹത്തെ ശിക്ഷിച്ചു.

വിദ്യാർഥി കാലഘട്ടത്തിൽ പനമ്പിള്ളി വൈക്കം സത്യഗ്രഹത്തിൽ പങ്കെടുത്തു. തൃശൂർ സെന്‍റ് തോമസ് കോളജിലാണ് ഉപരിപഠനം നടത്തിയത്.

അവിടെ സ്വദേശാഭിമാനം പരത്തി ചർക്ക പഠന ക്ലാസുകൾ നടത്തുന്നതിലും ഹിന്ദി പഠനത്തിലും മുൻകൈയെടുത്തു. 1928, 1931 വർഷങ്ങളിൽ കൊച്ചി നിയമസഭ തെരഞ്ഞെടുപ്പിൽ കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസിന്‍റെ പ്രവർത്തനവുമായി സജീവമായതോടെ അദ്ദേഹം പൊതുരാഷ്ട്രീയ രംഗത്ത് ഉറച്ച കാൽവെപ്പ് നടത്തി. 1935ലും 38ലും യഥാക്രമം അഡൂരിൽനിന്നും മുളങ്കുന്നത്തുകാവിൽനിന്നും മത്സരിച്ച് കൊച്ചിയിലെ നിയമസഭ അംഗമായി. 1942 ആഗസ്റ്റിൽ ക്വിറ്റ് ഇന്ത്യ പ്രമേയം പാസാക്കിയതോടെ നെഹ്റുവടക്കം നിരവധി ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെ പനമ്പിള്ളിയുടെ നേതൃത്വത്തിൽ ശക്തമായ സമരങ്ങൾ കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ടു.

സമരത്തിനിടെയുള്ള ലാത്തിച്ചാർജിൽ അദ്ദേഹത്തിന് പരിക്കേറ്റു. ഇതിനെ തുടർന്ന് നിയമസഭ അംഗത്വം രാജിവെച്ചു. സെപ്റ്റംബർ 21ന് അറസ്റ്റ് ചെയ്ത് 10 മാസക്കാലത്തോളം വിചാരണ നടത്താതെ ജയിലിലാക്കുകയും ചെയ്തു.

സ​ഹോ​ദ​ര​ൻ അ​യ്യ​പ്പ​നും മറ്റു നേതാക്കൾക്കുമൊപ്പം

പ​ന​മ്പി​ള്ളി ഗോ​വി​ന്ദ മേ​നോ​ൻ (ഫയൽ)

1948ൽ കൊച്ചി നിയമസഭയിൽ ഇക്കണ്ടവാര്യർ പ്രധാനമന്ത്രിയായപ്പോൾ മന്ത്രിസഭയിൽ പനമ്പിള്ളിയും അംഗമായി. 1949 ജൂലൈ ഒന്നിന്‌ തിരു-കൊച്ചി സംസ്ഥാനം നിലവിൽവന്നു. ഈ മന്ത്രിസഭയിലും അദ്ദേഹം അംഗമായി. 1952ൽ എ.ജെ. ജോൺ നേതൃത്വം നൽകിയ മന്ത്രിസഭയിലും പനമ്പിള്ളി മന്ത്രിയായിരുന്നു. 1954ൽ തിരു -കൊച്ചിയിലെ തെരഞ്ഞെടുപ്പിൽ അദ്ദേഹം കോൺഗ്രസ്‌ പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു. പട്ടം താണുപിള്ളയാണ്‌ മുഖ്യമന്ത്രിയായത്‌. ഒരു വർഷത്തിനകം ഈ മന്ത്രിസഭ തകർന്നപ്പോൾ പനമ്പിള്ളിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ നിലവിൽവന്നു.

പരിമിതമായ അധികാരത്തിന്‍റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് വിപ്ലവകരമായ പരിഷ്കാരങ്ങൾ നടപ്പാക്കാൻ ശ്രമിച്ചത് പനമ്പിള്ളി ഗോവിന്ദ മേനോന് ഭരണചരിത്രത്തിൽ ഇടം നൽകി. 1970ൽ മരിക്കുന്നതു വരെ ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായനായിരുന്നു പനമ്പിള്ളി. ചാലക്കുടിയെ രാഷ്ട്രീയ കേന്ദ്രമാക്കുന്നതിലും മേഖലയുടെ വ്യവസായ വികസനത്തിലും പനമ്പിള്ളിയുടെ കൈയൊപ്പ് ചെറുതല്ല.

Show Full Article
TAGS:Panambilly Govinda Menon Chalakudi freedom struggle 
News Summary - Panambilly Govinda Menon; A Chalakudi man who gave strength to the freedom struggle in Kochi country
Next Story