രാത്രി പഞ്ചവാദ്യത്തിന്‍റെ വിരുന്നൂട്ടാൻ പരക്കാട്
text_fieldsപരയ്ക്കാട് തങ്കപ്പൻ മാരാർ
തൃശൂർ: 17ാമനായെത്തി പ്രമാണമേറ്റ പഞ്ചവാദ്യത്തിലെ പരയ്ക്കാട് വിസ്മയം പാറമേക്കാവിന്‍റെ രാത്രി പഞ്ചവാദ്യത്തിന്‍റെ അനുഭവ വിരുന്നാണ്. പാറമേക്കാവിന്‍റെ പഞ്ചവാദ്യത്തിന് പ്രാമാണ്യം വഹിക്കുന്ന പരയ്ക്കാട് തങ്കപ്പൻ മാരാർ ഇത് ആറാം വർഷമാണ് പ്രമാണം വഹിക്കുന്നത്.
47 വർഷത്തെ അനുഭവസമ്പത്താണ് പരയ്ക്കാട് തങ്കപ്പൻ മാരാർ തിമിലയിലേക്ക് ആവാഹിക്കുന്നത്. തിരുവമ്പാടിക്കും പാറമേക്കാവിനും വേണ്ടി പഞ്ചവാദ്യ സദ്യ ഒരുക്കിയിട്ടുണ്ട് തങ്കപ്പൻ മാരാർ. 1975ൽ തിരുവമ്പാടിയുടെ മഠത്തിൽ വരവിനായിരുന്നു ഇദ്ദേഹത്തിന്‍റെ പൂരം അരങ്ങേറ്റം. എട്ടു വർഷം മഠത്തിൽ വരവിന്‍റെ പഞ്ചവാദ്യ നിരയിൽ പങ്കാളിയായി.
1984 മുതൽ അദ്ദേഹം പാറമേക്കാവ് വിഭാഗത്തിലേക്ക് മാറി. എല്ലാവർക്കുമൊപ്പം കൊട്ടിത്തികഞ്ഞയാളാണ് തങ്കപ്പൻ മാരാർ എന്ന് പറയാറുണ്ട്. 2017ൽ കോങ്ങാട് മധു തിരുവമ്പാടിയുടെ മഠത്തിൽ വരവിന് പ്രമാണിയായ അതേ വർഷം തന്നെയാണ് പാറമേക്കാവിന്‍റെ പഞ്ചവാദ്യ പ്രമാണിയായി തങ്കപ്പൻ മാരാർ എത്തുന്നത്. പാറമേക്കാവിന്‍റെ പഞ്ചവാദ്യം പൂരത്തിന് രാത്രിയാണ് തുടങ്ങുക. വെടിക്കെട്ട് കാണാനെത്തുന്നവർ പാറമേക്കാവിന്‍റെ പഞ്ചവാദ്യം കേൾക്കാനുമെത്തും.