97ലും റമദാനിലെ മുഴുവൻ നോമ്പുംനോറ്റ് റുക്കിയ
text_fieldsറുക്കിയ
പാവറട്ടി: 97 വയസ്സിലും റമദാനിലെ മുഴുവൻ നോമ്പും നോറ്റ് ആത്മ സംസ്കരണത്തിന്റെ തെളിവാർന്ന മാതൃകയായി റുക്കിയുമ്മ. തിരുനെല്ലൂർ പുതിയവീട്ടിൽ പരേതനായ കുഞ്ഞു മുഹമ്മദിന്റെ ഭാര്യ റുക്കിയയാണ് തന്റെ 97ാം വയസ്സിലും മുഴുവൻ നോമ്പുകൾ എടുത്ത് ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്.
വാർധക്യസഹജമായ ആരോഗ്യപ്രശ്നം ഉണ്ടെങ്കിലും ദൃഢമായ വിശ്വാസമാണ് ഇത്തരത്തിലുള്ള നോമ്പ് എടുക്കാൻ പ്രേരണയെന്ന് റുക്കിയ പറയുന്നു. ചെറുപ്പം മുതൽ ശീലിച്ചത് കൊണ്ടാണ് ഇപ്പോഴും ഒരു പ്രയാസമില്ലാതെ നോമ്പ് അനുഷ്ഠിക്കാൻ കഴിയുന്നത്. റമദാൻ മാസം കഴിഞ്ഞുള്ള ആറാം നോമ്പും എല്ലാവർഷവും അനുഷ്ഠിക്കാറുണ്ട്. എല്ലാ നമസ്കാരവും മുടങ്ങാതെ അനുഷ്ഠിക്കുന്നുണ്ട്. കുടുംബാംഗങ്ങളുടെ പൂർണ പിന്തുണയും സഹകരണമാണ് ഈ ഉമ്മാക്ക് നോമ്പ് എടുക്കാനുള്ള സാഹചര്യം ഒരുക്കുന്നത്. മക്കളും മരുമക്കളും പേരക്കുട്ടികളും അവരുടെ മക്കളുമായി ഇവർ ഇന്ന് പെരുന്നാൾ ആഘോഷിക്കും.