പെരിങ്ങൽകുത്തിൽ 24 മെഗാവാട്ട് ജനറേറ്റർ കൂടി സ്ഥാപിക്കാൻ നീക്കം
text_fieldsഅതിരപ്പിള്ളി: പെരിങ്ങൽകുത്ത് ഡാമിൽ കെ.എസ്.ഇ.ബി എസ്.എച്ച്.പി സ്റ്റേജ് രണ്ട് എന്ന പേരിൽ 24 മെഗാവാട്ടിന്റെ ഒരു ജനറേറ്റർ കൂടി സ്ഥാപിക്കാൻ വൈദ്യുതി ബോർഡ് നീക്കം. പദ്ധതിയുമായി ബന്ധപ്പെട്ട് മാൻടെക് കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഉത്തർപ്രദേശ് നോയിഡയിൽ ഉള്ള സ്ഥാപനം പരിസ്ഥിതി ആഘാത പഠനം നടത്തിയിരുന്നു. പദ്ധതിയും പഠനവും സംബന്ധിച്ച് ഒരു പൊതു തെളിവെടുപ്പ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 11ന് അതിരപ്പിള്ളി കണ്ണംകുഴിയിലെ കമ്യൂണിറ്റി ഹാളിൽ നടത്തും.
എന്നാൽ സാമ്പത്തികമായുൾപ്പെടെ ലാഭകരമാകാൻ സാധ്യതയില്ലാത്ത ഈ പദ്ധതി നിർദേശം പുനഃപരിശോധിക്കണമെന്നും നടപ്പാക്കുകയാണെങ്കിൽ തന്നെ മഴക്കാലത്ത് അധിക ജലം ഉപയോഗിക്കാൻ മാത്രമായിരിക്കണമെന്നും ആവശ്യപ്പെട്ട് ചാലക്കുടി റിവർ പ്രൊട്ടക്ഷൻ ഫോറമടക്കം പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.വേനൽക്കാലത്ത് പെരിങ്ങൽകുത്ത് ജലവൈദ്യുതി പദ്ധതി ബേസ് ലോഡ് രീതിയിൽ പ്രവർത്തിക്കണം എന്നതാണ് ഇവരുടെ ആവശ്യം.
പെരിങ്ങൽകുത്ത് ജലവൈദ്യുതി പദ്ധതിയിൽ നിലവിൽ മൂന്ന് ഘട്ടങ്ങളിലായി സ്ഥാപിച്ച ആകെ 76 മെഗാവാട്ട് ശേഷിയുള്ള ജനറേറ്ററുകൾ ഉണ്ട്. 1957ൽ കമീഷൻ ചെയ്ത ഒന്നാം ഘട്ടത്തിൽ എട്ട് മെഗാവാട്ട് വീതമുള്ള നാല് ജനറേറ്ററാണ് ഉണ്ടായിരുന്നത്. പിൽക്കാലത്ത് ഇവയുടെ ശേഷി ഒമ്പത് മെഗാവാട്ട് വീതമായി വർധിപ്പിച്ചു. മഴക്കാലത്തെ അധിക ജലം ഉപയോഗപ്പെടുത്താൻ 1999ൽ 16 മെഗാവാട്ടിന്റെ പെരിങ്ങൽകുത്ത് എക്സ്റ്റൻഷൻ പദ്ധതി നടപ്പാക്കി.സമീപകാലത്തായി 24 മെഗാവാട്ടിന്റെ പെരിങ്ങൽകുത്ത് എസ്.എച്ച്.പി സ്റ്റേജ് ഒന്ന് കൂടി പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അങ്ങനെ ആകെ സ്ഥാപിതശേഷി 76 മെഗാവാട്ട് ആയി.
പുതിയ പദ്ധതിക്കായി പെരിങ്ങലിൽ പുതിയ നിർമാണ പ്രവർത്തനങ്ങൾ കാര്യമായി ഇല്ലാത്തതിനാൽ പദ്ധതി നിർമാണവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ആഘാതം കുറവായിരിക്കും.എന്നാൽ ഇതിനായി മഴക്കാലത്തിനു ശേഷമുള്ള മാസങ്ങളിൽ വൈദ്യുതി ഉൽപാദനക്രമത്തിൽ വരുത്തുമെന്ന് പറയുന്ന മാറ്റങ്ങൾ പുഴയിലെ നീരൊഴുക്കിന്റെ തോതിൽ വലിയ വ്യതിയാനങ്ങൾ വരുത്തുമെന്നതാണ് പ്രശ്നം.
മറ്റൊരു വിമർശനം പദ്ധതി വൈദ്യുതി ലഭ്യത സംബന്ധിച്ച അവകാശവാദം പെരുപ്പിച്ചു കാണിക്കുന്നതാണ് എന്നതാണ്.ഇപ്പോൾ വിഭാവനം ചെയ്യുന്ന രീതിയിൽ പുതിയ പദ്ധതി നടപ്പാക്കുകയാണെങ്കിൽ വേനൽക്കാലത്ത് പുഴയിലെ ജലലഭ്യതയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.അത് വെള്ളച്ചാട്ടങ്ങളെ മിക്കവാറും ഇല്ലാതാക്കുമെന്നും വിനോദസഞ്ചാരമേഖലയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുമെന്ന് പരാതിയുണ്ട്.