കാട്ടാനക്കൂട്ടം വിട്ടൊഴിയാതെ പ്ലാന്റേഷൻ പ്രദേശം
text_fieldsകഴിഞ്ഞ ദിവസം പ്ലാന്റേഷനിൽ എത്തിയ കാട്ടാനക്കൂട്ടം
അതിരപ്പിള്ളി: കാലടി പ്ലാന്റേഷൻ മേഖലയിൽ കാട്ടാനകൾ കൂട്ടത്തോടെ തമ്പടിക്കുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാട്ടാന സംഘത്തിന്റെ വരവ് വർധിച്ചിട്ടുണ്ട്. കൊമ്പനും മോഴയും കുട്ടിയാനകളും പ്ലാന്റേഷൻ പ്രദേശത്തെ വിവിധ ഡിവിഷനുകളിൽ രാപകൽ വ്യത്യാസമില്ലാതെ വിഹരിക്കുകയാണ്. കൂട്ടത്തോടെ എത്തുന്ന ഇവ റബർ തോട്ടത്തിലും എണ്ണപ്പന തോട്ടത്തിലും നാശം ഉണ്ടാക്കുന്നതായി പരാതിയുണ്ട്.
തൊഴിലാളികളുടെ ലായത്തിന് നേർക്കും ഇവ തിരിയുന്നു. ഇവയുടെ വിളയാട്ടം തൊഴിലാളികൾക്ക് ആശങ്ക പകരുന്നുണ്ട്. റബർ ടാപ്പിങ്ങിനും മറ്റു ജോലികൾക്കും പോകുന്ന തൊഴിലാളികൾ കാട്ടാന ആക്രമണം ഭയക്കേണ്ട സാഹചര്യമാണ്. തോട്ടത്തിൽ മാത്രമല്ല വഴിയിലും ഏതു സമയത്തും കാട്ടാനകൾ പ്രത്യക്ഷപ്പെടുന്നു. തൊഴിലാളികളുടെ ജീവൻ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
പ്ലാന്റേഷനിൽ എല്ലാ തരത്തിലുള്ള വന്യജീവികളുടെയും ആക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കാട്ടാനകളുടെ അമിത ശല്യമാണ് ഇവിടെ കൂടുതൽ. കർശനമായ വനസംരക്ഷണ നിയമങ്ങളുടെ ഫലമായി കാട്ടാനകളുടെ എണ്ണത്തിലുണ്ടായ വർധനവ് പ്ലാന്റേഷൻ പ്രദേശത്തും പ്രകടമാകുന്നു. മലയാറ്റൂർ വനമേഖലയിൽനിന്നാണ് ഇവയിലേറെയും വന്നെത്തുന്നത്. അപ്പുറത്ത് ചാലക്കുടി ഡിവിഷനിൽനിന്ന് പുഴ കടന്നും വരുന്നു. ഇവിടെയും കാട്ടാനകൾ കൂട്ടമായി സഞ്ചരിക്കുന്ന ആനത്താരയുണ്ട്. ഒരു കാലത്ത് ഘോരവനത്തിന്റെ ഭാഗമായ പ്രദേശമാണ്. പിന്നീട് വെട്ടിത്തെളിച്ച് കൃഷി ചെയ്തതാണ്.
ഉൾവനങ്ങളിൽ ഇവക്കാവശ്യമായ ഭക്ഷണവും വെള്ളവും ലഭിക്കാത്തതാണ് പ്ലാന്റേഷൻ പ്രദേശത്തേക്ക് ഇവയെ ആകർഷിക്കുന്നതെന്നാണ് അനുമാനിക്കുന്നത്. മരങ്ങൾ തിങ്ങി വളരുന്ന കാടുകളേക്കാൾ ഇവക്ക് വിഹരിക്കാൻ സൗകര്യപ്രദമായത് ഇതുപോലുള്ള പ്രദേശങ്ങളാണ്. ചാലക്കുടി പുഴയിൽനിന്ന് വെള്ളം കുടിക്കാനും നീരാടാനും പ്ലാന്റേഷനിൽ കാട്ടാനകൾക്ക് ഏറെ സൗകര്യമുണ്ട്. സമീപകാലത്ത് എണ്ണപ്പനകൾ വച്ചുപിടിപ്പിച്ചതും മറ്റൊരു പ്രധാന കാരണമാണ്. അത് കാട്ടാനകൾക്ക് പ്രിയപ്പെട്ട ആഹാരമാണ്. അതുകൊണ്ട് കാട്ടാന കൂട്ടം ഇവിടെ നിന്ന് വിട്ടു പോകാതെ തുടരുന്നു.