കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ
text_fieldsവടക്കാഞ്ചേരി: രണ്ട് വർഷം മുമ്പുള്ള മോഷണക്കേസിലെ വൈരാഗ്യത്തെ തുടർന്ന് നിലമ്പൂർ സ്വദേശിയായ മധ്യവയസ്കനെ കരിങ്കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച രണ്ട് പ്രതികളെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി മീണാലൂർ മാണിക്കത്ത് വീട്ടിൽ അനിരുദ്ധൻ (45), രണ്ടാം പ്രതി കിളന്നൂർ ചോരക്കുന്ന് എരനെലൂർ വീട്ടിൽ സുബിൻ (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ നാലിന് രാവിലെ മിണാലൂരിലെ ചായക്കടക്ക് മുന്നിലാണ് മീണാലൂരിലെ പാതയോരത്തെ കടകളിൽ രാത്രികാലങ്ങളിൽ ഉറങ്ങിയിരുന്ന നിലമ്പൂർ സ്വദേശി മനോജിനെ (52) പ്രതികൾ ചേർന്ന് ആക്രമിച്ചത്.
തുണിയിൽ കരിങ്കല്ല് കെട്ടിയ ശേഷം മനോജിന്റെ തലയിൽ ആഞ്ഞടിക്കുകയും കല്ല് കൊണ്ട് കുത്തുകയും ചെയ്യുകയായിരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായ മനോജ് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. വടക്കാഞ്ചേരി സ്റ്റേഷനിൽ അഡീഷനൽ ചാർജുള്ള എരുമപ്പെട്ടി ഇൻസ്പെക്ടർ അനീഷ് കുമാർ, വടക്കാഞ്ചേരി സബ് ഇൻസ്പെക്ടർ ഹരിഹരസോനു, എ.എസ്.ഐമാരായ പ്രശാന്ത്, ജിജേഷ്, സീനിയർ സിവിൽ ഓഫിസർ അരുൺ സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.