പുതുക്കാട്ട് കെ.എസ്.ആർ.ടി.സി ബസ് കാത്തിരിപ്പുകേന്ദ്രം
text_fieldsആമ്പല്ലൂർ: പുതുക്കാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പരിസരത്ത് അപകടങ്ങൾ ഒഴിവാക്കാനായി തൃശൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്കായി ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായി കെ.കെ. രാമചന്ദ്രൻ എം.എൽ.എ അറിയിച്ചു. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് നിർമിക്കാൻ ഉദ്ദേശിക്കുന്ന ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ രൂപരേഖ എം.എൽ.എ പ്രകാശനം ചെയ്തു. 15 മീറ്റർ നീളത്തിലും അഞ്ച് മീറ്റർ വീതിയിലും 30 യാത്രക്കാർക്ക് ഇരിക്കാവുന്ന സൗകര്യങ്ങളോടെയാണ് നിർമാണം നടത്തുക.
ദേശീയപാത അതോറിറ്റിയുടെ മാർഗനിർദേശങ്ങളോടെ ഒരുക്കുന്ന ഷെൽട്ടറിൽ വൈഫൈ, സോളാർ ലൈറ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. കഴിഞ്ഞ സെപ്റ്റംബറിൽ കലക്ടറേറ്റിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ദേശീയപാത അധികാരികളുടെയും യോഗ തീരുമാനപ്രകാരമാണ് സ്റ്റാൻഡിന് എതിർഭാഗത്ത് ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തായി ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാൻ നിശ്ചയിച്ചത്.
കൊടകര ബ്ലോക്ക് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗമാണ് രൂപകൽപന നിർവഹിച്ചത്. ഏകദേശം 20 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്നു.