എച്ചിപ്പാറയില്‍ വീടിനുനേരെ കാട്ടാന ആക്രമണം
text_fieldsചിമ്മിനി എച്ചിപ്പാറയില്‍ വരിക്കോട്ടില്‍ മൊയ്ദീന്‍കുട്ടിയുടെ വീടിെൻറ ജനൽ ചില്ലുകള്‍ കാട്ടാനകള്‍ തകര്‍ത്ത നിലയില്‍
ആമ്പല്ലൂര്‍: ചിമ്മിനി എച്ചിപ്പാറയില്‍ വീടിന് നേരെ കാട്ടാന ആക്രമണം. കൂട്ടമായെത്തിയ ആനകള്‍ എച്ചിപ്പാറ വരിക്കോട്ടില്‍ മൊയ്ദീന്‍കുട്ടിയുടെ വീടിെൻറ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. ചുമരുകളില്‍ കുത്തി വിള്ളലേൽപിച്ചു. ബുധനാഴ്ച പുലര്‍ച്ചയാണ് സംഭവം.
പൊട്ടിയ ജനല്‍ ചില്ലുകള്‍ ദേഹത്ത് വീണതോടെയാണ് വീട്ടുകാര്‍ ഉണര്‍ന്നത്. ഹൃദ്രോഗിയായ മൊയ്തീന്‍കുട്ടിയും ഭാര്യ റംലത്തുമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് മുറ്റത്ത് ആനക്കൂട്ടത്തെ കണ്ടത്. പേടിച്ചുവിറങ്ങലിച്ച ഇവര്‍ വീടിനുള്ളില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. പിന്നീട് വീട്ടിലെ പാത്രങ്ങളെടുത്ത് ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ആനകള്‍ പോയതെന്ന് മൊയ്ദീന്‍കുട്ടി പറഞ്ഞു. ഒന്നര മണിക്കൂറോളം ഭീതി പരത്തിയ ആനകള്‍ സമീപത്തെ തെങ്ങുകള്‍ കുത്തിമറിച്ചിടാന്‍ ശ്രമിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് അംഗം അഷറഫ് ചാലിയത്തൊടി, വനപാലകര്‍ എന്നിവര്‍ സ്ഥലത്തെത്തി.
ജനവാസ മേഖലയായ ഇവിടെ ദിവസങ്ങളായി കാട്ടാനകള്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ആനകളെ തുരത്താന്‍ വനപാലകര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. കഴിഞ്ഞ ദിവസം കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
വീടുകൾ സന്ദർശിച്ചു
കാട്ടാനകളുടെ ആക്രമണമുണ്ടായ വീടുകള്‍ കെ.പി.സി.സി സെക്രട്ടറി സുനില്‍ അന്തിക്കാടിെൻറ നേതൃത്വത്തിൽ സന്ദര്‍ശിക്കുന്നു
ആമ്പല്ലൂര്‍: കഴിഞ്ഞ ദിവസം എച്ചിപ്പാറയില്‍ കാട്ടാനകളുടെ ആക്രമണമുണ്ടായ വീടുകള്‍ കെ.പി.സി.സി സെക്രട്ടറി സുനില്‍ അന്തിക്കാട്, ഡി.സി.സി ജനറല്‍ സെക്രട്ടറി കെ. ഗോപാലകൃഷ്ണന്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് വിനയന് പണിക്കവളപ്പില്‍, ഹരികുമാര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
വരിക്കോട്ടില്‍ മൊയ്തീന്‍കുട്ടി, മുക്കന്‍ അബൂബക്കര്‍ എന്നിവരുടെ വീടുകളിലാണ് കാട്ടാനകളുടെ ആക്രമണമുണ്ടായത്.