ആര്.ഡി.ബി.സി.കെ കാണണം; വിളക്കുകള്‍ കണ്ണുചിമ്മിയും തുറന്നും കളിക്കുന്നു
text_fieldsനടപ്പാതയിലെ ടൈലുകള്‍ ഇളകിയ നിലയില്‍
ഗുരുവായൂര്‍: റെയില്‍വേ മേല്‍പാലത്തിലെ നടപ്പാതയില്‍ ടൈലുകള്‍ ഇളകി കുഴി രൂപപ്പെട്ട നിലയില്‍. പാലത്തിലെ തെരുവുവിളക്കുകള്‍ കണ്ണുചിമ്മിയും തുറന്നും കളിക്കുന്ന അവസ്ഥയിലും. റെയില്‍പാളത്തിന് മുകളിലുള്ള രണ്ട് സ്പാനുകളുമായി പാലത്തെ ബന്ധിപ്പിച്ചിട്ടുള്ള ഭാഗത്താണ് ടൈലുകള്‍ ഇളകി കാല് കുടുങ്ങാവുന്ന വിധത്തിലായിട്ടുള്ളത്. പാളത്ത് മുകളിലെ സ്പാനുകളിലെ നടപ്പാതയില്‍ കോണ്‍ക്രീറ്റ് മാത്രമാണുള്ളത്. മറ്റ് ഭാഗത്താണ് ടൈല്‍ വിരിച്ചിട്ടുള്ളത്. കിഴക്കെനട ഭാഗത്തുനിന്ന് വരുമ്പോള്‍ പാളത്തിന് മുകളിലെ ഭാഗത്തോട് യോജിക്കുന്നിടത്താണ് ടൈല്‍ ഇളകി കിടക്കുന്നത്. നടപ്പാത ശരിയാക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ വി.കെ. സുജിത്ത് അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. പാലത്തിലെ കാല്‍നടക്കാര്‍ക്ക് പുറമെ രാവിലെയും വൈകീട്ടും വ്യായാമ നടത്തക്കാരുടെയും കേന്ദ്രമാണ് മേല്‍പാലം.
പാലത്തിന് മുകളിലെ തെരുവുവിളക്കുകള്‍ കൃത്യമായി തെളിയാത്തതും അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഏതാനും സെക്കന്‍ഡ് തെളിഞ്ഞുനിന്നാല്‍ പിന്നെ ഏതാനും സെക്കന്‍ഡ് വിളക്ക് അണയും. പാലത്തിലെ വെളിച്ചത്തിന്റെ ഈ കണ്ണ് ചിമ്മി തുറക്കല്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. സോളാറിലാണ് വിളക്കുകള്‍ തെളിയുന്നത്. മേല്‍പാലത്തിലെ വിളക്കുകള്‍ കത്തിക്കാന്‍ അടിയന്തര നടപടി വേണമെന്ന് ഗാന്ധി ദര്‍ശന വേദി ആവശ്യപ്പെട്ടു. മേല്പാലത്തില്നിന്ന് ഹൗസിങ് ബോര്‍ഡ് ഭാഗത്തേക്കുള്ള റോഡ് ആരംഭിക്കുന്ന ഭാഗത്തെ കുഴികള്‍ നികത്തണമെന്നും ആവശ്യപ്പെട്ടു. വേദി പ്രസിഡന്റ് ബാലന് വാറണാട്ട് അധ്യക്ഷത വഹിച്ചു. നിര്‍മിച്ച് അഞ്ചുവര്‍ഷം പൂര്‍ത്തിയാകുന്ന 2028 നവംബര്‍ 14വരെ റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പറേഷന്റെ കൈവശമാണ് പാലം. ചെന്നൈ എസ്.പി.എല്‍ ഇന്‍ഫ്രാസ്ട്രക്ചറാണ് കരാറുകാര്‍. തകരാറുകള്‍ പരിഹരിക്കേണ്ട ഉത്തരവാദിത്വം അവരുടേതാണ്. പാലം ഉദ്ഘാടനം ചെയ്ത് ഒന്നേ കാല് വാര്ഷമായിട്ടും അനുബന്ധ ജോലികള്‍ പലതും ബാക്കിയാണ്.