പൂക്കളമിടാൻ മടിയാണോ? റെഡിയാണ് റെഡിമെയ്ഡ് പൂക്കളം
text_fieldsപ്ലാസ്റ്റിക്കിലും തുണിയിലും തയാറാക്കിയ റെഡിമെയ്ഡ് പൂക്കളം
പഴയന്നൂർ: അത്തപൂക്കളമിടാൻ ഒരുങ്ങുന്ന മലയാളികൾക്കിടയിൽ ഇപ്പോൾ താരം റെഡിമെയ്ഡ് പൂക്കളമാണ്. നിരവധി കൃത്രിമ പൂക്കൾ ചേർത്ത് തയാറാക്കിയ പൂക്കളം കണ്ടാൽ ഒറിജിനാലാണെന്ന് തോന്നും. എവിടെ വേണമെങ്കിലും കൊണ്ടുപോകാനും കഴിയും. ആവശ്യസമയത്ത് മുറ്റത്ത് പൂക്കളം എടുത്തിട്ടാൽമതി മഴയത്ത് ഒലിച്ചുപോകുമെന്നോ വെയിലത്ത് വാടിപ്പോകുമെന്നോ ആശങ്ക വേണ്ട.
പ്ലാസ്റ്റിക്കിലും തുണിയിലുമൊക്കെ തയാറാക്കിയ പൂക്കൾ ചേർത്താണ് റെഡിമെയ്ഡ് പൂക്കളം തയാറാക്കിയിരിക്കുന്നത്. പൂക്കൾ തേടി പാടത്തും പറമ്പിലുമൊക്കെ ഇറങ്ങി പൂ ശേഖരിച്ചു പൂക്കളമിടുന്ന മലയാളി ഇനി പഴയ കഥയാകും. 250 രൂപ മുതൽ 1000 രൂപവരെയുള്ള പൂക്കളമുണ്ട്. അതും ത്രീ ഡി എഫക്റ്റിൽ നിരവധി ഡിസൈനുകളിൽ ലഭ്യമാണ്.
ഓണത്തപ്പനും കുടയുമൊക്കെ റെഡിമെയ്ഡിൽ റെഡിയാണ്. ഫ്ലാറ്റുകളിൽ താമസിക്കുന്നവരാണ് റെഡിമെയ്ഡ് പൂക്കളം കൂടുതലായി വാങ്ങുന്നതെന്ന് കച്ചവടക്കാർ പറയുന്നു. വിദേശത്തു പോകുന്നവരും റെഡിമെയ്ഡ് പൂക്കളം വാങ്ങി പോകുന്നുണ്ട്. റീൽസിനുവേണ്ടിയും ഫോട്ടോ ഷൂട്ടുകാരും റെഡിമെയ്ഡ് പൂക്കളത്തിന്റെ ആവശ്യക്കാരാണ്.
ഓൺലൈനിലും റെഡിമെയ്ഡ് പൂക്കളം വിൽപന പൊടിപൊടിക്കുന്നുണ്ട്. പൂവിന്റെ വിലനോക്കുമ്പോൾ റെഡിമെയ്ഡാണ് ലാഭമെന്നാണ് ഉപഭോക്താക്കളുടെ അഭിപ്രായം. കൂടുതൽ തവണ ഉപയോഗിക്കാം. സമയലാഭം വേറെ അതുകൊണ്ട് റെഡിമെയ്ഡിന് ആവശ്യക്കാർ ഏറെയാണ്. അത്തം എത്തിയതോടെ എത്തിയ സ്റ്റോക്കെല്ലാം ഒരുവിധം വിറ്റുതീർന്നു.