പൊള്ളലേറ്റുണങ്ങിയ മാവു മുത്തശ്ശിയ്ക്ക് വൃക്ഷചികിത്സ ജീവൻ നൽകി; മാമ്പഴ സമൃദ്ധിയിൽ ആളൂരിലെ നാട്ടുമാവ്
text_fieldsആളൂരിലെ നാട്ടുമാവ്
ആളൂര്‍: വൃക്ഷചികിത്സയിലൂടെ പുനര്‍ജീവിച്ച ആളൂരിലെ മുത്തശ്ശി മാവ് ഇക്കൊല്ലം നിറഞ്ഞുകായ്ച്ചു. ആളൂര്‍ ജങ്ഷനു സമീപത്തെ നൂറ്റാണ്ടോളം പ്രായമുള്ള നാട്ടുമാവിലാണ് ഇത്തവണ മാമ്പഴസമൃദ്ധി. പോട്ട-മൂന്നുപീടിക സംസ്ഥാനപാതയോരത്ത് ആളൂര്‍ ജങ്ഷനില്‍ നിന്ന് തെല്ലകലെ നില്ക്കുന്ന നാട്ടുമാവുകളിലൊന്നിനെയാണ് മൂന്നുവര്‍ഷം മുമ്പ് അജ്ഞാതര്‍ തീയിട്ടുനശിപ്പിക്കാന്‍ നോക്കിയത്.
ശിഖരങ്ങള്‍ വെട്ടുകയും ചുവട്ടില്‍ വൈക്കോല്‍ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് മാവിന്റെ തൊലി പൂര്‍ണമായും പൊള്ളലേറ്റുനശിച്ചു. ആളൂര്‍ പഞ്ചായത്ത് ജൈവപരിപാലന സമിതി കണ്‍വീനര്‍ പി.കെ. കിട്ടന്, മാവ് സംരക്ഷകന്‍ എം. മോഹന്‍ദാസ് തുടങ്ങിയവര്‍ ഇടപെട്ട് ഈ മുത്തശ്ശിമാവിനെ പുനര്ജീവിപ്പിക്കാനുള്ള ശ്രമം നടത്തി. കോട്ടയം സ്വദേശിയും വനമിത്ര പുരസ്കാര ജേതാവുമായ ബിനു സ്ഥലത്തെത്തി ആയുര്‍വേദ വൃക്ഷ ചികിത്സ നടത്തിയതിനെ തുടര്‍ന്നാണ് മാവ് ആരോഗ്യം വീണ്ടെടുത്തത്.
പൊള്ളലേറ്റ് ഉണങ്ങിപ്പോകുമായിരുന്ന മാവുമുത്തശ്ശി ക്രമേണ ആരോഗ്യം വീണ്ടെടുക്കുകയും പിറ്റേ വര്‍ഷം തന്നെ നിറഞ്ഞു പൂക്കുകയും ചെയ്തു. മാവിന്റെ കടഭാഗത്തുള്ള തടിയില്‍ പൊള്ളേറ്റ അടയാളങ്ങള്‍ ദൃശ്യമാണെങ്കിലും അതിജീവനത്തിലൂടെ വഴിയാത്രക്കാര്‍ക്ക് തണലും മാമ്പഴത്തിന്റെ മാധുര്യവും നല്കി ആളൂരില്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ വൃക്ഷ മുത്തശ്ശി.