റോഡ് കൊള്ളാം; കാൽനടക്കാർ എന്തു ചെയ്യണം...?
text_fieldsതൃശൂർ കുറുപ്പംറോഡിൽ മണ്ണിട്ട് നിരത്തി അപകടകരമാക്കിയ ഓടക്ക് സമീപത്തുകൂടി നടന്നുപോകുന്നവർ. സമീപം കുഴിയുണ്ട് എന്ന അപായസൂചന ബോർഡും കാണാം
തൃശൂർ: കൂർക്കഞ്ചേരി-കുറുപ്പം റോഡ് നവീകരണത്തിന്റെ ആദ്യ ഇരകളായി കുറുപ്പം റോഡിന്റെ ഇരുവശത്തുമുള്ള വ്യാപാരികൾ. തിങ്കളാഴ്ച അർധരാത്രിക്ക് ശേഷം പെയ്ത കനത്ത മഴയിൽ പല വ്യാപാര സ്ഥാപനങ്ങളിലും ചെളി കലങ്ങിയ വെള്ളം കയറി. ശക്തമായ വേനൽ മഴയും തുടർന്ന് കാലവർഷവും ഉണ്ടാകുമ്പോൾ സ്ഥിതി എന്താകുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. നിലവിലെ ടാർ റോഡ് പൊളിച്ചുകളഞ്ഞ് കോൺക്രീറ്റ് പാതയാണ് നിർമിച്ചത്.
പാത നിർമാണം ഏതാണ്ട് പൂർത്തിയായി. നിർമാണത്തിന്റെ ഭാഗമായി വഴി തിരിച്ച് വിട്ടിരുന്നു. ‘ഉദ്ഘാടന ചടങ്ങി’നൊന്നും കാത്തുനിൽക്കാതെ കഴിഞ്ഞ ദിവസം ചെട്ടിയങ്ങാടി സെന്ററിലെ തടസ്സങ്ങൾ വാഹന ഡ്രൈവർമാർതന്നെ നീക്കി കുറുപ്പം റോഡിലൂടെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചു തുടങ്ങി. പലയിടത്തും തകർന്നുകിടന്ന പഴയ പാതയെക്കാൾ വാഹനങ്ങളുടെ സുഗമ യാത്രക്ക് കോൺക്രീറ്റ് പാത ഗുണകരമാണെങ്കിലും മറ്റ് പലർക്കും ഇതൊരു പരീക്ഷണമാകുന്ന ലക്ഷണമുണ്ട്.
പാത നിർമാണത്തിനൊപ്പം കാന നിർമിക്കാത്തതാണ് പ്രശ്നമായത്. പുതിയ പാത പഴയതിനെക്കാൾ വളരെ ഉയരത്തിലാണ്. അതോടെ ഇരുവശത്തുമുള്ള വ്യാപാര സ്ഥാപനങ്ങളും പോക്കറ്റ് റോഡുകളിലേക്ക് ഇറങ്ങുന്ന ഭാഗവുമെല്ലാം താഴ്ചയിലായി. അപൂർവം ചില വ്യാപാരികൾ ‘ആപത്ത്’ മുൻകൂട്ടി കണ്ട് സ്ഥാപനത്തിന് മുന്നിൽ ഇഷ്ടിക വെച്ച് കെട്ടി ഉയർത്തിയിട്ടുണ്ട്.
പാത നിർമാണം കഴിഞ്ഞപ്പോൾ താഴ്ചയിലായ പഴയ കാനയുടെ മുകളിൽ പഴയ പാത പൊളിച്ചെടുത്ത മണ്ണും കല്ലും മറ്റും നിറച്ചിരിക്കുകയാണ്. ഇതോടെ കാന അടഞ്ഞു. മഴ പെയ്താൽ വെള്ളം എവിടേക്ക് ഒഴുകുമെന്ന ചോദ്യം എല്ലാവരും ഉന്നയിക്കുന്നുണ്ട്. ഇത് ഏറ്റവും അലട്ടുന്നത് വശങ്ങളിലുള്ള വ്യാപാരികളെയാണ്. അവർക്കുള്ള ‘മറുപടി’യാണ് കഴിഞ്ഞ രാത്രിയിലെ മഴയിലുണ്ടായ ‘മലിനജലാഭിഷേക’ത്തിലൂടെ കിട്ടിയത്.
പ്രശ്നം നേരിടുന്ന മറ്റൊരു കൂട്ടർ പാതയുടെ ഇരുവശത്തും നടക്കുന്നവരാണ്. പഴയ കാനയുടെ മുകളിൽ പാകിയ സ്ലാബായിരുന്നു ഇവിടെ കാൽനടക്കാരുടെ വഴി. ഇതാണ് ഇപ്പോൾ ഇല്ലാതായത്. കാനക്ക് മുകളിൽ ഇട്ട മണ്ണിലൂടെ നടക്കുക എളുപ്പമല്ല, പ്രത്യേകിച്ച് മഴയും ചെളിയുമായാൽ. ഇരുവശങ്ങളിലും വാഹനം പോകുന്ന റോഡിലൂടെ തന്നെയാണ് ഇപ്പോൾ കാൽനടക്കാരും പോകുന്നത്. പുതിയ റോഡിന്റെ വശങ്ങളിൽ കാന ഉയർത്തി നിർമിക്കുമെന്ന് പറയുന്നുണ്ടെങ്കിലും എപ്പോൾ എന്ന കാര്യത്തിൽ അവ്യക്തതയാണ്. നിലവിലെ അവസ്ഥ മോശമാണ്.
രണ്ടാഴ്ച കഴിയുമ്പോൾ തൃശൂർ പൂരം എത്തും. സ്വരാജ് റൗണ്ടിലേക്ക് പ്രവേശിക്കുന്ന പ്രധാന പാതയാണ് കുറുപ്പം റോഡ്. പൂരത്തിന് മുമ്പ് കാന നിർമാണം നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പാണ്. പൂരം കഴിഞ്ഞ് അധികം വൈകാതെ മഴക്കാലമാവും. വ്യാപാരികൾക്കും കാൽനടക്കാർക്കും കുറുപ്പം റോഡിന്റെ പരിഷ്കാരം കുറച്ച് കാലത്തേക്കെങ്കിലും വെല്ലുവിളിയാവുമെന്നുറപ്പ്.