സഹോദയ ജില്ല കലോത്സവം; തൃശൂർ ദേവമാതാ സ്കൂളിന് കിരീടം
text_fieldsസഹോദയ ജില്ല കലോത്സവത്തിൽ ജേതാക്കളായ തൃശൂർ ദേവമാതാ പബ്ലിക് സ്കൂൾ
വിദ്യാർഥികൾ ട്രോഫിയുമായി
ചെറുതുരുത്തി: മൂന്ന് ദിവസങ്ങളിലായി ആറ്റൂർ അറഫാ സ്കൂളിൽ തൃശൂർ സഹോദയ കോംപ്ലക്സിന്റെ നേതൃത്വത്തിൽ നടന്ന ജില്ല കലോത്സവത്തിന് തിരശ്ശീല വീണു. തൃശൂർ ദേവമാതാ പബ്ലിക് സ്കൂൾ 1078 പോയന്റുമായി കിരീടം നേടി. 833 പോയൻറ് നേടി ചിന്മയ വിദ്യാലയം കോലഴി രണ്ടാം സ്ഥാനവും 830 പോയന്റുമായി തൃശൂർ പാറമേക്കാവ് വിദ്യാമന്ദിർ മൂന്നാം സ്ഥാനവും നേടി. ജില്ലയിലെ 75 സ്കൂളുകളിൽ നിന്നായി ആറായിരത്തിലധികം വിദ്യാർഥികളാണ് 147 ഇനങ്ങളിലായി മത്സരിച്ചത്.
സമാപനസമ്മേളനവും അവാർഡ് ദാനവും സേവിയർ ചില്ലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. സഹോദയ ജനറൽ സെക്രട്ടറി ഷമീം ബാവ അധ്യക്ഷത വഹിച്ചു. അറഫ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എസ്. അബ്ദുല്ല സന്ദേശം നൽകി. വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെയ്ഖ് അബ്ദുൽ ഖാദർ മുഖ്യാതിഥിയായി.
തൃശൂർ സഹോദയ പ്രസിഡന്റ് ഡോ. ദിനേശ് ബാബു, അറഫാ സ്കൂൾ ജനറൽ സെക്രട്ടറി കെ.എസ്. ഹംസ, സഹോദയ സ്കൂൾ കോംപ്ലക്സ് വൈസ് പ്രസിഡന്റ് പി.എച്ച്. സജീവ് കുമാർ , അറഫാ ട്രഷറർ പി.എം. അബ്ദുൽ ലത്തീഫ്, സെക്രട്ടറി എം.വി. സുലൈമാൻ എന്നിവർ സംസാരിച്ചു. സഹോദയ ജോ. സെക്രട്ടറി വസന്ത മാധവൻ സ്വാഗതവും ട്രഷറർ ബാബു കോയിക്കര നന്ദിയും പറഞ്ഞു.


