കനോലി പുഴയിൽനിന്ന് ഉപ്പുവെള്ളം കയറി; കൃഷിയും കുടിവെള്ള സ്രോതസും നശിക്കുന്നു
text_fieldsചേറ്റുവ പടന്ന ചീപ്പിലൂടെ വേലിയേറ്റ സമയത്ത് ചേറ്റുവ-ചേലോട് നാട്ടുതോട്ടിലേക്ക് ഉപ്പുവെള്ളം കയറുന്നു
ഏങ്ങണ്ടിയൂർ: കനോലി പുഴയിൽനിന്ന് ചേറ്റുവ പടന്ന ചീപ്പ് വഴി ഉപ്പുവെള്ളം കയറി കൃഷിയും കുടിവെള്ള സ്രോതസും നശിക്കുന്നു. പുഴയിൽനിന്നും ചേറ്റുവ-ചേലോട് നാട്ടുതോടിലേക്കാണ് ഉപ്പുവെള്ളം കയറുന്നത്. ഉപ്പുവെള്ളം കയറുന്നത് തടയാനാണ് രണ്ടാം വാർഡ് പടന്നയിൽ ചീപ്പ് നിർമിച്ചിട്ടുള്ളത്. വേനലിൽ മരപ്പലക നിരത്തി ചെളിയിട്ടാണ് ചീപ്പ് അടച്ച് കെട്ടാറുള്ളത്.
ശക്തമായ വേലിയേറ്റത്തിൽ കടലിൽനിന്ന് പുഴയിലേക്ക് ഒഴുകിയെത്തുന്ന ഉപ്പുവെള്ളം കാലപഴക്കത്തിൽ ചീപ്പിലെ പലക ദ്രവിച്ചാണ് നാട്ടുതോടിലേക്ക് കയറുന്നത്.
ചേറ്റുവ പടന്നയിൽ ആരംഭിച്ച് ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ കിഴക്കൻ മേഖലയിലൂടെ പഞ്ചായത്ത് അതിർത്തിയായ ചേലോട് വരെ അഞ്ച് കിലോമീറ്ററോളം ദൈർഘ്യമുള്ള തോടാണിത്. ഈ തോടിൽ നിന്നും കിഴക്കൻ മേഖലയിൽ നിരവധി ഉപതോടുകളുണ്ട്. ഇതിലൂടെ കയറുന്ന ഉപ്പുവെള്ളം പ്രദേശത്തെ ശുദ്ധജല സ്രോതസുകളെയും കൃഷിയെയും സാരമായി ബാധിക്കുന്നു.
പ്രദേശത്തെ കുടിവെള്ളസംഭരണികളിൽ ഉപ്പുവെള്ളം കയറി ശുദ്ധജലം മോശമാകുകയും കാർഷിക വിളകളെ സാരമായി ബാധിക്കുകയും ചെയ്യുന്ന വിഷയത്തിൽ ജനപ്രതിനിധികളും ത്രിതല പഞ്ചായത്ത് ഭരണസമിതികളും ഇടപെടണമെന്നും പുതിയ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ചീപ്പ് പുനർനിർമിക്കണമെന്നും ഡി.സി.സി അംഗം ഇർഷാദ് കെ. ചേറ്റുവ ആവശ്യപ്പെട്ടു.