മേളപ്പെരുമഴയൊരുക്കാൻ ഇനി പെരിഞ്ഞനത്തിന്റെ ശ്രീപദിയും
text_fieldsപെരിഞ്ഞനത്തെ ശ്രീപദി ശിങ്കാരിമേള സംഘം
പെരിഞ്ഞനം: ഉത്സവ പറമ്പുകളിലും ആഘോഷ പരിപാടികളിലും ചെണ്ടയിൽ താളമിട്ട് ആടിത്തിമർക്കുകയാണ് പെരിഞ്ഞനത്തെ ശിങ്കാരിമേള പെൺപടക്കൂട്ടം. അതും ബന്ധുക്കൾ മാത്രമടങ്ങുന്ന 19 പേർ. കേരളത്തിനകത്തും പുറത്തും നിരവധി വേദികൾ ഇതിനകം കീഴടക്കിയതോടെ സമൂഹമാധ്യമങ്ങളിലും വൈറലാണ് ഈ മേളക്കൂട്ടം.
കുടുംബക്ഷേത്രം കൂടിയായ പെരിഞ്ഞനം കിഴക്കേടത്ത് കളപ്പുരക്കൽ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന ഉത്സവാഘോഷ പരിപാടികളിൽ തിരുവാതിരക്കളിയും കൈകൊട്ടിക്കളിയും മറ്റ് നൃത്ത ഇനങ്ങളുമായി അരങ്ങു വാണിരുന്ന വനിത കൂട്ടായ്മ ശിങ്കാരിമേളത്തിൽ ചുവടുറപ്പിച്ചതിന് പിന്നിൽ ആത്മവിശ്വാസത്തിന്റെയും, കഠിനാധ്വാനത്തിന്റെയും കഥ യുണ്ട്.
തിരുവാതിരയും കൈക്കൊട്ടിക്കളിയുമല്ലാതെ ആസ്വാദക പ്രശംസ പിടിച്ചുപറ്റുന്ന വത്യസ്തമായൊരു കലാരൂപം അവതരിപ്പിക്കണമെന്ന കൂട്ടായ തീരുമാനത്തിനൊടുവിലാണ് ചെണ്ടമേളം പഠിക്കണമെന്ന തീരുമാനത്തിലെത്തിയത്. എന്നാൽ ദേവ മേളമായ ചെണ്ട പഠിക്കണമെങ്കിൽ വർഷങ്ങൾ നീണ്ട സാധന ആവശ്യമാണെന്നറിഞ്ഞതോടെ നിരാശയായി.
അംഗങ്ങളിൽ ഭൂരിഭാഗവും ജോലിക്കാരായതിനാൽ പഠനം തുടർച്ചയായി നടക്കുമോയെന്ന ആശങ്കയാണ് എളുപ്പം സായത്തമാക്കാവുന്ന ശിങ്കാരിമേളത്തിൽ ഒരു കൈ നോക്കാമെന്ന തീരുമാനത്തിലേക്ക് എത്തിച്ചത്.
കഴിഞ്ഞ വർഷം ജൂലൈയിൽ ശിങ്കാരിമേളത്തിന്റെ അമരക്കാരായ മതിലകത്തെ ദേവ ബ്രദേഴ്സിലെ മൂന്ന് ആശാന്മാരുടെ കീഴിൽ പരിശീലനവും തുടങ്ങി. പത്താം ക്ലാസ്സുകാരി മുതൽ അമ്പതുകാരി വരെയുള്ള കുടുംബാംഗങ്ങളായ 19 പേർ പ്രതിസന്ധികൾ അതിജീവിച്ച് മേളത്തിന്റെ ബാല പാഠങ്ങൾ ആറ് മാസത്തിനുള്ളിൽ സ്വായത്തമാക്കുകയും ചെയ്തു.
ജോലിക്കാരായതിനാൽ വൈകീട്ട് ഏഴിനാരംഭിക്കുന്ന പരിശീലനം രാത്രി വൈകും വരെ നീണ്ടു. കഴിഞ്ഞ മാർച്ചിൽ കളപ്പുരക്കൽ ശ്രീഭദ്രകാളി ക്ഷേത്രനടയിൽ നിറഞ്ഞ സദസ്സിനു മുന്നിൽ അരങ്ങേറ്റവും കുറിച്ചു.
വനിതകൾ അംഗങ്ങളായ ശിങ്കാരിമേള സംഘങ്ങൾ പുതുമയല്ലെങ്കിലും, ബന്ധുക്കളായവർ ചെണ്ടയും കോലുമെടുത്ത് ഒരേ താളത്തിൽ നൃത്തച്ചുവടുകൾ വെച്ച് മേളപ്പെരുമഴയൊരുക്കിയപ്പോൾ ആസ്വാദകരുടെ കാമറക്കണ്ണുകളിലൂടെ അവ സാമൂഹികമാധ്യമങ്ങളിലൂടെ ഒഴുകി. ശിങ്കാരിമേളം ബുക്ക് ചെയ്യാൻ സംഘാടകരുടെ ക്ഷണവും വന്നുതുടങ്ങി. ‘ശ്രീപദി കളപ്പുര’ എന്ന പേരും ഇതിനിടയിൽ കൂട്ടായ്മക്ക് വന്നു ചേർന്നു.
ശിങ്കാരിമേളത്തിൽ പുതുമ കൊണ്ടുവരാനുള്ള തയാറെടുപ്പിലാണ് സംഘമിപ്പോൾ. ഡി.ജെക്കൊപ്പം മേളം പരീക്ഷിക്കാനുള്ള പരിശീലനത്തിന് തുടക്കമിട്ടതായി സംഘത്തിന്റെ നേതാവായ ശാലു ചഞ്ചൽ പറഞ്ഞു. വേദികളിൽ മണിക്കൂറുകൾ നീണ്ട പ്രകടനം കാഴ്ചവെച്ച് കൈയടി നേടുമ്പോഴും നിറഞ്ഞ പുഞ്ചിരിയും തളരാത്ത മനസ്സുമായി കാണികളെ ആവേശഭരിതരാക്കുകയാണ് പെരിഞ്ഞനത്തിന്റെ സ്വന്തം മേള പെൺപട.