ഇഴയറ്റുപോകാതെ ബന്ധങ്ങൾ തുന്നിപ്പിരിച്ച് സഹോദരികൾ
text_fieldsസുമനയും അനിയത്തി മിനിയും ‘എന്റെ കേരളം’പ്രദർശന നഗരിയിൽ
തൃശൂർ: ബന്ധങ്ങൾ ഇഴയറ്റ് പിന്നിപ്പോകുന്ന കെട്ട കാലത്ത് സഹോദരിയെ ചേർത്തുപിടിച്ച് ജീവിതപാഠങ്ങൾ നെയ്യുകയാണ് സുമന. സുമനയും സഹോദരി മിനിയുമാണ് ‘എന്റെ കേരളം’പ്രദർശന മേളയിൽ കയർ പിരി സന്ദർശകരെ പരിചയപ്പെടുത്താൻ എത്തിയിരിക്കുന്നത്. മേള അവസാനിക്കുംവരെ ജ്യേഷ്ടത്തി സുമയും അനിയത്തി മിനിയും കയർ പിരിച്ചുകൊണ്ടേയിരിക്കും.
തൃപ്രയാർ ചെമ്മാപ്പിള്ളി വാഴപ്പുള്ളി വീട്ടിൽ കുമാരന്റെയും സരോജിനിയുടെയും അഞ്ച് മക്കളിൽ രണ്ടുപേരാണ് ഇവർ. അമ്മ കയർ തൊഴിലാളിയായിരുന്നു. അച്ഛൻ ചെത്തു തൊഴിലാളിയും. രണ്ടുപേരും മരിച്ചുപോയി. ഇരുവരും പഴയകാലം ഓർത്തെടുത്തു.
പണ്ട് കയറിന്റെ പണി ഇല്ലായിരുന്നു. തൊണ്ട് തല്ലി ചകികിരിയാക്കി കൊടുക്കുന്ന പണിയായിരുന്നു. കനോലി കനാലിൽ തൊണ്ടുമൂടും. ശേഖരിക്കുന്ന തൊണ്ടുകൾ വെള്ളത്തിലിട്ട് അഴുകി കഴിയുമ്പോൾ കരയിൽ കയറ്റി തല്ലി ചകിരിയാക്കും. വളരെ തുച്ഛമായിരുന്നു കൂലി. അമ്മയും മൂത്ത സഹോദരി രജനിയും തങ്ങളും ഈ പണിയാണ് ചെയ്തുകൊണിരുന്നതെന്ന് ഇരുവരും പറയുന്നു.
പിന്നീട് റാട്ട് വന്നു. മൂന്നുപേർ വേണമായിരുന്നു അതിൽ കയർ പിരിക്കാൻ. ഇപ്പോൾ ഒരാൾക്ക് ഒറ്റക്ക് പിരിക്കാൻ പാകത്തിലുള്ള വൈദ്യുതി റാട്ടുകളിലാണ് കയർ പിരി. ചെമ്മാപ്പള്ളി കയർ സൊസൈറ്റിയിലാണ് ഇരുവരും കയർ പിരിക്കുന്നത്. ഒരു ദിവസം 100 കയറുകൾ പിരിക്കും. ഒരു കയർ ഏകദേശം ഏഴ് മീറ്ററോളം ഉണ്ടാകും.
350 രൂപയാണ് 100 കയർ പിരിച്ചാൽ കിട്ടുന്നത്. ഇപ്പോൾ തൊഴിലുറപ്പിലേക്ക് ആകർഷിക്കപ്പെട്ട് കുറേപേർ പോയെങ്കിലും പുതിയ തലമുറയിലെ പലരും കയർപിരിക്ക് തയ്യാറായി മുന്നോട്ടു വരുന്നുണ്ടെന്ന് മിനിയും സുമനയും പറയുന്നു. സുമന പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ട്.
മിനി ഒമ്പതാം ക്ലാസിൽവെച്ച് പഠനം നിർത്തി. തുടർന്ന് പഠിക്കാൻ താൽപര്യം ഉണ്ടായിരുന്നെങ്കിലും ജീവിത സാഹചര്യങ്ങൾ കാരണം അതിന് സാധിച്ചില്ലെന്ന് ഇരുവരും പറയുന്നു. കയർ പിരിയിലൂടെ അത്യാവശ്യം വരുമാനമുണ്ടെന്നും ജീവിതം മുന്നോട്ടുപോകാൻ അത് സഹായകമാണെന്നും ഇവർ പറയുന്നു.
സുമനക്ക് 60 വയസ് കഴിഞ്ഞു. ശാരീരിക പ്രയാസങ്ങൾ കാരണം ദിനവും കയർ പിരിക്കാൻ കഴിയാറില്ല. എന്നാലും തന്നാലാവും വിധം കയർ പിരിയിൽ ഏർപ്പെടാറുണ്ടെന്ന് അവർ പറയുന്നു. മിനി കുടുംബവുമായി പുത്തൻ പീടികയിലാണ് താമസം. സുമന ചെമ്മാപ്പള്ളിയിലും.