പൂരം വിളംബരത്തിന് ഇത്തവണയും ശിവകുമാർ തിടമ്പേറ്റും
text_fieldsതൃശൂർ: നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കെ ഗോപുരനട തുറന്ന് തൃശൂർ പൂരം വിളംബരം നടത്താൻ ഇക്കുറിയും കൊച്ചിൻ ദേവസ്വം ബോർഡ് ശിവകുമാർ. ബോർഡ് ഘടകപൂര ആഘോഷ കമ്മിറ്റികളുമായി നടന്ന ആലോചന യോഗത്തിലാണ് തീരുമാനം.
ഘടക പൂരങ്ങൾക്കുള്ള ധനസഹായം പൂരം കൊടിയേറ്റത്തിന് മുമ്പ് വിതരണം ചെയ്യാനും സമയ ക്രമങ്ങളിൽ കൃത്യത പാലിക്കാനും ധാരണയായി. കൊടിയേറ്റം മുതൽ പൂരം, ഉത്രം കൂടിയുള്ള ദിവസങ്ങളിൽ ഘടക പൂരങ്ങൾക്ക് നിത്യചടങ്ങുകൾക്കുള്ള അച്ചാരം ആനകളെ നൽകും.
ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു ബോർഡ് അംഗം അഡ്വ. കെ.പി. അജയൻ, ദേവസ്വം സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമീഷണർ കെ. സുനിൽകുമാർ, അസി. കമീഷണർ എം. മനോജ് കുമാർ, ദേവസ്വം ഓഫിസർമാർ, ഘടക പൂരാഘോഷ കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.