ഇത് കളിക്കളത്തിലെ ദ്രോണർ
text_fieldsരവി
ചെന്ത്രാപ്പിന്നി: വോളിബാളിനെ പ്രാണവായു പോലെ സ്നേഹിക്കുന്ന ഒരു കായികാധ്യാപകനുണ്ട് ചെന്ത്രാപ്പിന്നിയിൽ. രവി മാഷ് എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന പി.സി. രവിയാണ് ദേശീയ, അന്തർദേശീയ തലങ്ങളിൽ തിളങ്ങിയ നിരവധി കായിക പ്രതിഭകളുടെ ആ ഗുരുനാഥൻ.
എഴാം വയസ്സിൽ സ്വന്തം തട്ടകമായ ശ്രീ നാരായണ സ്പോർട്സ് ക്ലബ് (എസ്.എൻ.എസ്.സി) വോളിബാൾ ടൂർണമെന്റിലെ കാഴ്ചക്കാരനിൽനിന്ന് ദേശീയ റഫറിയിലേക്ക് എത്തിനിൽക്കുന്ന രവിയുടെ കായികയാത്ര ആത്മസമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും മികച്ച ഉദാഹരണം കൂടിയാണ്. 1967 ഡിസംബറിലാണ് എസ്.എൻ.എസ്.സി ചെന്ത്രാപ്പിന്നി പെരുമ്പടപ്പ ഈസ്റ്റ് യു.പി സ്കൂൾ മൈതാനത്ത് ആദ്യത്തെ വോളി ടൂർണമെന്റിന് തുടക്കമിടുന്നത്.
പത്തൊമ്പതാം വയസ്സിൽ രവി കോച്ചിന്റെ കുപ്പായമണിഞ്ഞു. 1987ൽ കായികാധ്യാപകനായി വാടാനപ്പള്ളി തൃത്തല്ലൂർ കമല നെഹ്റു മെമ്മോറിയൽ സ്കൂളിൽനിന്നാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. സ്പോർട്ട്സിന് പ്രാധാന്യം നൽകാതിരുന്ന സ്കൂളിൽ കുട്ടികളെ കണ്ടെത്തി നിരന്തര പരിശീലനം നൽകിയതോടെ ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാനായി. 1998ൽ നടന്ന സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പിൽ 19 വർഷം തുടർച്ചയായി വോളി കിരീടം നേടിയിരുന്ന വടകര വിദ്യാഭ്യാസ ജില്ല ടീമിനെ തറപറ്റിച്ചത് ചാവക്കാട് വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത രവിയുടെ ആറ് ശിഷ്യരായിരുന്നു.
ഇവരിൽ നാല് പേർ പിന്നീട് ദേശീയ-അന്തർദേശീയ തലങ്ങളിൽ ഇന്ത്യയുടെ അഭിമാനതാരങ്ങളായി. 1998ൽ കേരളത്തിലെ മികച്ച കായികാധ്യാപകരിൽ നിന്ന് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ തിരഞ്ഞെടുത്തവരിൽ രവിയുമുണ്ടായിരുന്നു. ബംഗളൂരുവിൽ ഒരു വർഷമായിരുന്നു പരിശീലനം. പരിശീലനത്തിനൊടുവിൽ ഇവിടെ നിന്ന് എൻ.ഐ.എസും ഇദ്ദേഹം സ്വന്തമാക്കി. ഇതേ വർഷം ഏഷ്യൻ ടീം സെലക്ഷൻ ട്രയൽ നടക്കുമ്പോൾ റഫറി ആകാനും സാധിച്ചത് കായിക ജീവിതത്തിൽ മറക്കാൻ കഴിയില്ലെന്ന് രവി പറയുന്നു.
2017ൽ സ്കൂളിൽനിന്ന് വിരമിച്ചതോടെയാണ് കായിക രംഗത്ത് സജീവമാകുന്നത്. ചേറ്റുവ മുതൽ കൊടുങ്ങല്ലൂർ വരെയുള്ള മണപ്പുറത്തെ വിദ്യാലയങ്ങളിലും ക്ലബുകളിലും പരിശീലക രംഗത്ത് നിറ സാന്നിധ്യമാണിപ്പോൾ. സൗജന്യമായാണ് പരിശീലനം ഇപ്പോഴും തുടരുന്നത്. സൗജന്യമായി യോഗക്ലാസും നടത്തുന്നുണ്ട്. തീരദേശ മേഖലയിലെ കായിക അധ്യാപകരിൽ ഭൂരിഭാഗവും രവിയുടെ ശിഷ്യന്മാരാണ്.
നാല് പതിറ്റാണ്ട് പിന്നിട്ട കായിക ജീവിതത്തിൽ നിരവധി ബഹുമതികളും തേടിയെത്തിയിട്ടുണ്ട്. 18 വർഷം ജില്ല വോളിബാൾ അസോസിയേഷൻ കൺവീനറായിരുന്നു. നിലവിൽ ജില്ല സ്പോർട്സ് കൗൺസിൽ ടെക്നിക്കൽ കമ്മിറ്റിയംഗം, ത്രോബാൾ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ സജീവമാണ്.