വിജയം കണ്ട നിയമ പോരാട്ടം
text_fieldsക്വാറി പ്രവര്‍ത്തനം നിര്‍ത്തിയതിനെതുടര്‍ന്ന് വീണ്ടും പച്ചപ്പണിയുന്ന മുനിയാട്ടുകുന്ന്
ആമ്പല്ലൂർ: മുനിയാട്ടുകുന്നിലെ ക്വാറികൾ പ്രവർത്തിക്കുന്നത് നിയമ സാധുതയോടെയാണ് എന്നായിരുന്നു ഉടമകളുടെ വാദം. നിയമ വ്യവസ്ഥയെ വെല്ലുവിളിച്ച് ക്വാറി നടത്തിപ്പുകാർ പാറമടകളുടെ പ്രവര്‍ത്തനം തുടര്‍ന്ന സാഹചര്യത്തില്‍ 'വണ്‍ എര്‍ത്ത് വണ്‍ ലൈഫ്' പരിസ്ഥിതി സംഘടനയുമായി ചേര്‍ന്ന് മുനിയാട്ടുകുന്ന് സംരക്ഷണ സമിതി ഹൈകോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.
സര്‍ക്കാര്‍ വ്യക്തികള്‍ക്ക് പതിച്ച് നല്‍കിയത് എല്‍.എ ഭൂമിയാണ്. താമസം, കൃഷി, ചെറുകിട കച്ചവടം എന്നിവയൊഴിച്ച് മറ്റ് പ്രവൃത്തികള്‍ ഈ ഭൂമിയില്‍ പാടില്ലെന്നും ഈ നിയമങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന മുനിയാട്ടുകുന്നിലെ പാറമടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കാന്‍ നടപടിയുണ്ടാകണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്.
മാത്രമല്ല, പുരാവസ്തു സംരക്ഷിത മേഖലയായ മുനിയാട്ടുകുന്നില്‍ പാറമടകളുടെ പ്രവര്‍ത്തനം സംരക്ഷിത സ്മാരകങ്ങളായ മുനിയറകളുടെ നാശത്തിന് വഴിവെക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഇേത തുടര്‍ന്ന് ഹൈകോടതി സര്‍ക്കാറിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. 2015 സെപ്റ്റംബര്‍ 28ന് സര്‍ക്കാര്‍ ഹൈകോടതിയില്‍ നല്കിയ സത്യവാങ്മൂലം സമരസമിതിയുടെ വാദങ്ങള്‍ ശരിവെക്കുന്നതായിരുന്നു.
തുടര്‍ന്ന് 2018 ആഗസ്റ്റ് മൂന്നിന് സമരസമിതിക്ക് അനുകൂലമായി ഹൈകോടതിയില്‍നിന്ന് വിധിയുണ്ടായി. മുനിയാട്ടുകുന്ന് സംരക്ഷണ സമിതി നേടിയെടുത്തത് ഒരു നാടിെൻറ സ്വസ്ഥ്യം വീണ്ടെടുക്കുന്ന വിധിയും ഒപ്പം പച്ചപ്പുമാണ്.
മുനിയറകള്‍
സംസ്ഥാന പുരാവസ്തു വകുപ്പിന് കീഴില്‍ സംരക്ഷിത വനപ്രദേശമായി രേഖപ്പെടുത്തിയിട്ടുള്ള പ്രദേശമാണ് പശ്ചിമഘട്ട മലനിരകളിലെ മുനിയാട്ടുകുന്ന്. 1937ല്‍ തിരുകൊച്ചി സര്‍ക്കാര്‍ സംരക്ഷിത വനപ്രദേശമായി പ്രഖ്യാപിക്കുകയും കേരള സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ പുരാവസ്തു വകുപ്പ് സംരക്ഷിത പ്രദേശമായി ഏറ്റെടുക്കുകയുമായിരുന്നു. ജൈന സംസ്കാരത്തിെൻറ തിരുശേഷിപ്പുകളായ 11 മുനിയറകള്‍ ഇവിടെ ഉള്ളതായാണ് രേഖകള്‍. എന്നാല്‍, കേടുകൂടാതെ ഒരു മുനിയറ മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്ന കുന്നിന് പടിഞ്ഞാറ് ഭാഗികമായി തകര്‍ത്ത നിലയില്‍ നാല് മുനിയറകള്‍ മുനിയാട്ടുകുന്ന് സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കണ്ടെത്തിയിരുന്നു.
സംരക്ഷിത സ്മാരകങ്ങളായ മുനിയറകള്‍ കേടുവരുത്തുകയോ വിരൂപമാക്കുകയോ ചെയ്താൽ 1968ലെ പ്രാചീന സ്മാരക പുരാവസ്തു സങ്കേത പുരാവശിഷ്ട നിയമത്തിലെ 30ാം വകുപ്പ് പ്രകാരം മൂന്ന് മാസം കഠിന തടവോ 5000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 2000 മുതല്‍ 4000 വരെ കൊല്ലം പഴക്കം കണക്കാക്കപ്പെടുന്നവാണ് മുനിയറകള്‍. മൂന്ന് അടി വീതിയും ആറ് അടി നീളവുമുള്ള അറകള്‍. കരിങ്കല്‍ പാളികള്‍കൊണ്ടാണ് നിര്‍മിതി.
അറകളുടെ മുകള്ഭാഗം മൂടിയും മുന്‍ഭാഗം തുറന്ന നിലയിലുമാണ്. ജില്ലക്ക് പുറത്തുനിന്നുപോലും ആളുകള്‍ മുനിയാട്ടുകുന്നിൽ എത്തുന്നുണ്ട്. വരന്തരപ്പിള്ളി പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. പാറമടകളുടെ പ്രവര്‍ത്തനം നിലച്ചശേഷം കുന്ന് പഴയ പച്ചപ്പും പ്രതാപവും വീണ്ടെടുക്കുകയാണ്. ഇപ്പോള്‍ മയിലുകളുടെ വിഹാര കേന്ദ്രമാണ് ഇവിടം.
സംരക്ഷണ സമിതിക്ക് പറയാനുള്ളത്
- സംരക്ഷണ സമിതി ഹൈകോടതിയില്‍ നല്കിയ ഹരജിയുടെ അടിസ്ഥാത്തില്‍ 2015ല്‍ സംസ്ഥാന ചീഫ് സെക്രട്ടറി നല്കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിച്ച ഉറപ്പുകള്‍ അടിയന്തരമായി നടപ്പാക്കണം. (മുനിയാട്ടുകുന്നില്‍ അനധികൃതമായും നിയമവിരുദ്ധമായും കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്ന പട്ടയ ഭൂമിയും റവന്യൂ പുറമ്പോക്കും സര്‍ക്കാറിലേക്ക് തിരിച്ചുപിടിക്കുക).
- കേന്ദ്ര പുരാവസ്തു സര്‍വേ, സംസ്ഥാന പുരാവസ്തു വകുപ്പുകള്‍ സംരക്ഷിത സ്മാരകങ്ങളായി കണ്ടെത്തിയിരുന്ന മുനിയറകളെ പുനരുദ്ധരിക്കാനും സംരക്ഷിക്കാനും നടപടി ആരംഭിക്കുക.
- അഞ്ച് കുന്നുകളിലായി വ്യാപിച്ചു കിടക്കുന്ന മുനിയറ സമുച്ചയങ്ങളെ പുനരുദ്ധരിച്ച് വീണ്ടെടുക്കുക.
- കുന്നുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ട്രക്കിങ് പാതയൊരുക്കി മുനിയറകളുടെയും കുന്നിൻ ചെരിവുകളുടെയും മലകളുടെയും ചിമ്മിനി പുഴയുടെയും സൗന്ദര്യം ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് സൗകര്യം ഒരുക്കുക.
- കരിങ്കല്‍ ക്വാറികള്‍ അഗാധ ഗര്‍ത്തങ്ങളാക്കി മാറ്റിയ പ്രദേശങ്ങള്‍ കമ്പിവേലി കെട്ടിതിരിച്ച് സുരക്ഷിതമാക്കുക.
- പാറമടകളുടെ പ്രവര്‍ത്തനം മൂലം ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ടായ പ്രദേശങ്ങളുടെ പാരിസ്ഥിതിക പുനരുദ്ധാരണം അടിയന്തരമായി സര്‍ക്കാര്‍ ഏറ്റെടുക്കുക.
- കേരള ഫോറസ്ട്രി കോളജിെൻറ നേതൃത്വത്തില്‍ മുനിയാട്ടുകുന്നിലെ മരങ്ങളെയും ജൈവവൈവിധ്യത്തെയും വര്‍ഗീകരിച്ച് അതതു ജനുസ്സുകൾ രേഖപ്പെടുത്തുന്ന പ്രവര്‍ത്തനം ഏറ്റെടുത്തിരുന്നു. ഇത് കൂടുതല്‍ സമഗ്രമാക്കി സന്ദര്‍ശകര്‍ക്ക് മലയോര ജൈവവൈവിധ്യം പരിചയപ്പെടുത്തുന്ന പദ്ധതി നടപ്പാക്കുക.


