ഏയ് ഓട്ടോ, ഖിസ്സകളിലേക്കൊരു ഓട്ടം വരുമോ...സുധീർ പെരുമ്പിലാവിന്റെ നാലാമത്തെ പുസ്തകം ഇന്ന് പ്രകാശനം ചെയ്യും
text_fieldsപെരുമ്പിലാവ്: മുച്ചക്രങ്ങളിൽ ചുറ്റിത്തിരിയുമ്പോഴും ആശയലോകത്തെ സഞ്ചാരങ്ങളിലായിരിക്കും സുധീർ പെരുമ്പിലാവ്. കഥകളെയും സ്മരണകളെയും വായനക്കാരിലെത്തിക്കാനുള്ള സർഗാത്മക യാത്രകൾ. ഒന്നര പതിറ്റാണ്ടായി ഓട്ടോയുടെ ഹാൻഡിൽ പിടിച്ച് ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള തിരക്കുകൾക്കിടയിലും അദ്ദേഹത്തിന്റെ കൈകളിലെ തൂലികയിൽനിന്ന് ഉതിർന്നുവീണത് നാലു പുസ്തകങ്ങൾ. നാലാമത്തെ പുസ്തകം ‘ഒരു ഓട്ടോക്കാരന്റെ ഓർമക്കുറിപ്പുകൾ’ വ്യാഴാഴ്ച പ്രകാശനംചെയ്യും.
അക്ഷരങ്ങൾക്കിടയിലൂടെയുള്ള ഓട്ടമാണ് സുധീറിനെ എഴുത്തുകാരനാക്കിയത്. എസ്.എസ്.എൽ.സി പഠനത്തിനുശേഷമുള്ള അഞ്ചു വർഷം ജീവിതം തീർത്തും വായനയിലായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. 20 വയസ്സിനുള്ളിൽ 2000ത്തിലധികം പുസ്തകങ്ങൾ വായിച്ചു തീർത്തു. തകഴിയുടെ നോവൽ ‘കയർ’ ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാൻ വേണ്ടിവന്നത് 12 മണിക്കൂർ മാത്രം.
വായനയിലൂടെ നേടിയ സർഗശേഷിയുടെ ബലത്തിൽ വർഷങ്ങൾക്കുമുമ്പാണ് സുധീർ എഴുതിത്തുടങ്ങിയത്. സമൂഹമാധ്യമങ്ങളിലെ കുറിപ്പുകളായി അവ പ്രചരിച്ചു. എഴുത്തുകൾ പുസ്തകമാക്കിക്കൂടേയെന്ന് പലരും കമന്റുകളിൽ ചോദിച്ചു. ആ ചോദ്യങ്ങളിലൂടെ പ്രചോദിതനായി 2019ൽ ‘ഇന്നലെയല്ലിന്ന്’ എന്ന ഓർമക്കുറിപ്പുകളുടെ സമാഹാരം ലഭിച്ചു. പ്രസിദ്ധീകരിക്കാനായി സുഹൃത്തുക്കളും എഴുത്തുകാരുമായ ജാബിർ മലയിൽ, രമേഷ് പെരുമ്പിലാവ് എന്നിവരെ സമീപിച്ച് അഭിപ്രായം തേടി. തുടർന്നായിരുന്നു ആദ്യ പുസ്തകത്തിന്റെ പ്രസിദ്ധീകരണം.
2022ൽ ജന്മഗ്രാമത്തിന്റെ കഥകളായ ‘പെരുമ്പിലായി ഖിസ്സ’യും 2023ൽ ‘ഓട്ടോമാൻസ് ഡയറി’യും പുറത്തിറങ്ങി.
വ്യതിരിക്തരായ യാത്രികരും പരിചിതവും അപരിചിതരുമായ കഥകളും അനുഭവങ്ങളും കയറിയിറങ്ങിപ്പോകുന്നതാണ് ഓട്ടോഡ്രൈവറുടെയും ജീവിതം. നിറഞ്ഞ യാത്രക്കാരുള്ള വാഹനത്തിലും ഏകാന്തതയുടെയും ഏകാഗ്രതയുടെയും ഒറ്റക്കല്ലിൽ ചടഞ്ഞിരുന്ന് ചുറ്റുപാടും കാണുന്ന സംഗതികളെ കഥകളായും ഓർമകളായുമൊക്കെ ഒപ്പിയെടുത്ത കാഴ്ചകളാണ് സുധീറിന്റെ പുസ്തകത്തിലുള്ളത്.
‘ഒരു ഓട്ടോക്കാരന്റെ ഓർമക്കുറിപ്പുകൾ’ പുസ്തകത്തിന്റെ പ്രകാശനം വ്യാഴാഴ്ച തൃശൂർ ടൗൺ ഹാളിൽ നടക്കും.
എഴുത്തുകാരായ സ്മിത ഗിരീഷ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, മുഹമ്മദ് അബ്ബാസ് എന്നിവർ ചേർന്നാണ് പ്രകാശനം ചെയ്യുന്നത്. കവർ പേജും ചിത്രീകരണവും പി.ആർ. ബിജു, എ.എസ്. വേദാന്ത് എന്നിവരാണ് നിർവഹിച്ചത്.
പെരുമ്പിലാവ് ആൽത്തറ ആലുംതൈ പാക്കിനിക്കളത്തിൽ കുടുംബാംഗമാണ് സുധീർ. ജമീലയാണ് ഭാര്യ.
ബിരുദാനന്തരബിരുദ വിദ്യാർഥിനി അസ്ല, പ്ലസ് വൺ വിദ്യാർഥി അൽ സാബിത്ത് എന്നിവർ മക്കളാണ്.