സുനിൽകുമാറിന്റേയും ജോസ് വള്ളൂരിന്റേയും തട്ടകത്തിലെ വോട്ട് ചോർച്ച മുന്നണികൾക്ക് പ്രഹരം
text_fieldsഅന്തിക്കാട്: എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന്റേയും ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂരിന്റേയും തട്ടകമായ അന്തിക്കാട് ഇടത് - വലത് മുന്നണികൾക്ക് വോട്ട് കുറഞ്ഞത് കനത്ത പ്രഹരമായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സി.സി. മുകുന്ദൻ 28431 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച നാട്ടിക മണ്ഡലത്തിൽ ഉൾപ്പെടുന്ന അന്തിക്കാട് സി.പി.എമ്മിന്റേയും സി.പി.ഐയുടേയും ശക്തികേന്ദ്രമാണ്. ഇടത് കോട്ടയായ ഇവിടെ തുടർച്ചയായി പഞ്ചായത്ത് ഭരണം എൽ.ഡി.എഫിനാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ നിർണായക ഭൂരിപക്ഷമാണ് പഞ്ചായത്തിൽ ലഭിക്കാറ്.
തൊട്ടടുത്ത പഞ്ചായത്തായ താന്ന്യം, പഴുവിൽ എന്നിവയും ഇടത് ശക്തികേന്ദ്രങ്ങളാണ്. ഇവിടേയും ഇടത് കേന്ദ്രങ്ങളെ ഞെട്ടിച്ച് സുരേഷ് ഗോപിയാണ് ഭൂരിപക്ഷം നേടിയത്. സുനിൽ കുമാറിന്റ വാർഡിൽ പോലും കാലിടറി. സി.സി. മുകുന്ദൻ എം.എൽ.എയുടേയും നാടായിട്ടും വോട്ടിൽ വിള്ളലുണ്ടായി. വൻ ഭൂരിപക്ഷം നേടുമെന്ന് എം.എൽ.എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജില്ലയിൽ സി.പി.ഐയുടെ ശക്തികേന്ദ്രമാണ് അന്തിക്കാട്. നിരവധി നേതാക്കളാണ് സി.പി.ഐക്കുള്ളത്.
വൻ ഭൂരിപക്ഷം പ്രതീക്ഷിച്ചിടത്ത് സുരേഷ്ഗോപി വൻ കുതിപ്പുണ്ടാക്കിയതാണ് ഇടത് മുന്നണി നേതാക്കളേയും പ്രവർത്തകരേയും ഞെട്ടിച്ചത്. വോട്ട് കുറഞ്ഞതും കനത്ത തോൽവി ഏറ്റുവാങ്ങിയതും ഗൗരവമായി ചർച്ച ചെയ്യണമെന്നാണ് ചില നേതാക്കൾ ആവശ്യപ്പെടുന്നത്. വി.എസ്. സുനിൽ കുമാറും ഇക്കാര്യം മാധ്യമ പ്രവർത്തകരോട് പറഞ്ഞിരുന്നു. എൽ.ഡി.എഫ് പ്രവർത്തകരിൽ സ്ത്രീകളും യുവാക്കളും നല്ലൊരു പങ്ക് സുരേഷ് ഗോപിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്ന കണക്ക് കൂട്ടലിലാണ് നേതൃത്വം. കോൺഗ്രസിലെ വോട്ട് ചോർച്ചയിലും ഡി.സി.സി പ്രസിഡന്റിനെതിരെ പ്രദേശിക നേതാക്കളുടെ അമർഷമുണ്ട്.