‘തീർച്ചയായും ഇന്ത്യ ഈ പ്രേതകാലത്തെ അതിജീവിക്കും’
text_fieldsമല്ലിക തനേജ
2024ൽ അന്താരാഷ്ട്ര നാടകോത്സവത്തിന് എത്തിയ ആരും മല്ലിക തനേജയെ മറക്കാൻ സാധ്യതയില്ല. അലസമായിരുന്നു ഒരു നാടകം അങ്ങ് കണ്ട് രസിച്ചു കളയാം എന്നുകരുതി സംഗീത നാടക അക്കാദമിയിലെ ബ്ലാക് ബോക്സ് തീയറ്ററിൽ കയറിയ എല്ലാ നാടക പ്രേമികളെയും ചിരിപ്പിച്ചും കരയിച്ചും പാട്ടുപാടിച്ചും വർത്തമാനങ്ങൾ പറയിച്ചും ‘അഭിനയിപ്പിച്ചാണ്’ ആ നാടക പ്രവർത്തക വേദി വിടാൻ അനുവദിച്ചത്. അന്ന് നാടക പ്രവർത്തകർക്കിടയിൽ ഏറെ ചർച്ചയായ നാടകമായിരുന്നു മല്ലിക തനേജയുടെ ‘ഡു യു നോ ദിസ് സോങ്’ എന്ന നാടകം. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാടക സംധിധായികയും അഭിനേതാവും തീയറ്റർ ആക്ടിവിസ്റ്റുമാണ് മല്ലിക തനേജ. മല്ലികയുടെ നാടകങ്ങൾ എല്ലാം തന്നെ ഏകാംഗ നാടകങ്ങളാണ്.
പക്ഷേ, നാടകാവതരണത്തിനിടെ അവർ കാണികളെയെല്ലാം കൂടെ കൂട്ടും. ഇക്കുറി ഇറ്റ്ഫോക്കിൽ അവരെ കണ്ടപ്പോൾ ആദ്യം മനസിലേക്ക് ഓടിയെത്തിയത് ‘സോ ജാരേ, ഗുഡിയാ രേ, സപ്നോം കീ ദുനിയാ മേം ഖോ ജാരേ, ഗുഡിയാ രേ’ എന്ന അവർ പാടിപ്പഠിപ്പിച്ചു തന്ന വരികളാണ്. ‘ഉറങ്ങൂ പ്രിയേ, സ്വപ്നലോകത്ത് നിന്നെത്തന്നെ നഷ്ടമാക്കി ഉറങ്ങൂ’ എന്ന അർഥമുള്ള വരികളിലൂടെ അവർ അന്ന് കാണികളെയും കൂടെ കൂട്ടി നടത്തിയ സഞ്ചാരം ഇന്നും ഓർക്കുന്നു. ഇക്കുറിയും മല്ലിക ഇറ്റ്ഫോക്കിൽ എത്തിയിട്ടുണ്ട്. ഇറ്റ്ഫോക്കിന് തൊട്ടുമുമ്പ് അരങ്ങേറിയ അമേച്വർ നാടക മത്സരത്തിലും ഇറ്റ്ഫോക്കിലും ജൂറി അംഗമായാണ് മല്ലിക എത്തിയിരിക്കുന്നത്. മല്ലിക തനേജ ‘മാധ്യമ’ത്തോട് സംസാരിക്കുന്നു.
? കേരളവും അന്താരാഷ്ട്ര നാടകോത്സവവും മല്ലിക തനേജ എങ്ങനെ നോക്കിക്കാണുന്നു?
2016ലാണ് ഞാൻ എന്റെ ‘തോഡാ ധ്യാൻ സേ’ എന്ന നാടകവുമായി ആദ്യമായി കേരളത്തിലെ അന്താരാഷ്ട്ര നാടകോത്സവത്തിനെത്തിയത്. ‘തോഡാ ധ്യാൻ സേ’ അതിന്റെ യാഥാർഥ്യത്തിൽ അവതരിപ്പിക്കപ്പെട്ട ഇന്ത്യയിലെ ഏക നാടക മേളയും ഇറ്റ്ഫോക് ആയിരുന്നു. എന്റെ ഈ നാടകം അവതരിപ്പിക്കണോ വേണ്ടേ എന്ന് ആശങ്കപ്പെട്ട് നിന്ന സമയത്ത് അതിനുള്ള ധൈര്യവും അനുമതിയും തന്നത് ഇറ്റ്ഫോക് ആണെന്നത് ഞാൻ സ്മരിക്കുന്നു. 300ലധികം പ്രേക്ഷകരുടെ മുന്നിൽ ഇവിടുത്തെ ബ്ലാക് ബോക്സ് തീയറ്ററിൽ ഞാൻ ആ നാടകം കളിച്ചു.
എല്ലാവരുടെയും മൊബൈൽ ഫോണുകൾ പുറത്താക്കിയായിരുന്നു നാടകം അരങ്ങേറിയത്. 2024ലെ ഇറ്റ്ഫോക്കിലും ഞാൻ നാടകവുമായി എത്തി. എന്റെ ‘ഡു യു നോ ദിസ് സോങ്’ എന്ന നാടകം പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചു. ബ്ലാക് ബോക്സ് തീയറ്ററിൽ നിറഞ്ഞ കാണികൾക്കു മുന്നിലാണ് ഓരോ ഷോയും ഞാൻ അവതരിപ്പിച്ചത്. കാണികളുടെ ഊഷ്മളമായ പ്രതികരണം എന്നെ അദ്ഭുതപ്പെടുത്തി. നിറഞ്ഞ ഹൃദയത്തോടെയാണ് ഞാൻ അന്ന് കേരളം വിട്ടത്. ഇക്കുറി ഇറ്റ്ഫോക്കിൽ ജൂറിയായി എത്തിയത് വലിയ ഒരു ബഹുമതിയായി ഞാൻ കാണുന്നു.
? മലയാളം നാടകങ്ങൾ കണ്ടിരുന്നോ?
മലയാളം നാടകങ്ങളും സിനിമകളും അന്താരാഷ്ട്ര നിലവാരം പുലർത്തുന്നവയാണെന്ന് അറിയാം. അവ ലോക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിട്ടുണ്ട്. ഗാർഹിക പീഡനം പ്രമേയമാക്കി നാടകം ചെയ്തിട്ടുള്ള ആളാണ് ഞാൻ. ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ പോലെയുള്ള സിനിമകൾ മലയാളത്തിൽനിന്നുമാണ് ഉണ്ടായിട്ടുള്ളത്. ആ സിനിമയെ കുറിച്ച് ഒരുപാട് കേട്ടു. അത് കാണണം എന്ന് ആഗ്രഹമുണ്ട്. അതുപോലെ നാടകങ്ങളും.
? ഒരു തീയറ്റർ ആക്ടിവിസ്റ്റ് ആണല്ലോ മല്ലിക. ആ നിലക്ക് കലയും ആക്ടിവിസവും എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു?
നാടകം പ്രതിരോധമാണ്. മാറ്റത്തിനുള്ള ഇടം. നാടകത്തിൽ ഒരേ ഒരു നിമിഷം ആകാം. പക്ഷേ, ആ നിമിഷം നമ്മളെയും പ്രേക്ഷകരെയും മാറ്റിമറിക്കും. കല ആക്ടിവിസമല്ല. ആക്ടിവിസം കലയുമല്ല. പക്ഷേ, അവ പരസ്പരം സഹായിക്കുന്നവയാണ്. കല പലപ്പോഴും ആക്ടിവിസം കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ വളരെ ശക്തമായ രീതിയിൽ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നു. ഇത് വിപ്ലവാത്മക മാറ്റങ്ങൾക്ക് വഴി തെളിയിക്കുന്നു.
? ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നാടക പ്രവർത്തകയാണല്ലോ, ഡൽഹിയുടെയും നമ്മുടെ രാജ്യത്തിന്റെയും ഇപ്പോഴത്തെ അവസ്ഥയിൽ എന്തു തോന്നുന്നു?
ഞാൻ ഡൽഹിയിൽനിന്നാണ് വരുന്നത്. അടുത്തിടെ നടന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ചിരിക്കുന്നു. കേന്ദ്രത്തിലും സംസ്ഥാനത്തും ബി.ജെ.പി സർക്കാർ വന്നിരിക്കുന്നു. ഡൽഹി നഗരത്തിന് എന്തൊക്കെ മാറ്റമാണ് സംഭവിക്കാൻ പോകുന്നത് എന്ന കാര്യത്തിൽ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എല്ലാവരും. കഴിഞ്ഞ 10 വർഷങ്ങളിൽ ഡൽഹിക്കും രാജ്യത്തിനും ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. നമ്മൾ അത് തിരിച്ചറിയുന്നില്ല എന്നുമാത്രം.
? സംഘ്പരിവാർ കാലത്ത് ഡൽഹിയിലിരുന്ന് സ്വതന്ത്ര നാടക പ്രവർത്തനം സാധ്യമാകുന്നുണ്ടോ?
എല്ലാത്തരത്തിലുള്ള പ്രതിസന്ധികളും കഴിഞ്ഞ കുറച്ചുകാലമായിട്ട് അനുഭവിക്കുന്നുണ്ട്. എനിക്ക് നേരിട്ട് പ്രയാസങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും പ്രയാസം അനുഭവിക്കുന്ന ഒരുപാട് പേരെ അറിയാം. സംഘ്പരിവാർ അണികളിൽനിന്ന് ഭീഷണികളുള്ള ഒരുപാട് കലാകാരൻമാർ അവിടെയുണ്ട്. അതിനെതിരെയൊക്കെ ചോദ്യങ്ങൾ ഉയരേണ്ടതുണ്ട്. ഉയരും എന്നുതന്നെയാണ് ചോദ്യം. ഒരു ഇരുണ്ട പ്രേത കാലത്തുകൂടിയാണ് നമ്മൾ കടന്നുപോകുന്നത്.
? സംഘ്പരിവാർ അനുകൂലികളായ കലാകാരൻമാരുമുണ്ടല്ലോ?
തീർച്ചയായും ഉണ്ട്. സംഘ്പരിവാർ അനുകൂലികൾ മാത്രമല്ല, സംഘ്പരിവാർ പ്രവർത്തകർ തന്നെയായ കലാകാരൻമാരുണ്ട്. സമൂഹത്തിൽ കൊള്ളക്കാരും കള്ളൻമാരും കൊലപാതകികളും ഉള്ളതുപോലെ കലാകാരന്മാരിലും ഇതെല്ലാം ഉണ്ട്. അവരും സമൂഹത്തിന്റെ ഭാഗമാണല്ലോ.
? ഇതിനെ രാജ്യം മറികടക്കുമോ?
ഉറപ്പായും രാജ്യം ഈ പ്രേതകാലത്തെ അതിജീവിക്കും. അതിൽ സംശയമില്ല. വൈവിധ്യങ്ങളുടെ രാജ്യമാണ് ഇന്ത്യ. അതിന് അങ്ങനെയേ നിലനിൽക്കാൻ സാധിക്കൂ.
?കഴിഞ്ഞ തവണ ഇറ്റ്ഫോക് കാണികൾക്ക് ഗംഭീര വിരുന്ന് സമ്മാനിച്ച മല്ലികയുടെ അടുത്ത പ്രൊജക്ട് എന്താണ്?
20 സ്ത്രീകളെ അണിനിരത്തി പുതിയ ഒരു പ്രോജക്ട് ചെയ്യുന്നതിന്റെ പണിപ്പുരയിലാണുള്ളത്. അത് ഉടൻ യാഥാർഥ്യമാകും.